Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: രാജേന്ദ്ര വിശ്വനാഥ് ആർലേകർ കേരളത്തിൻ്റെ 23ാമത് ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു. വ്യാഴാഴ്ച രാവിലെ 10.30ന് രാജ്ഭവനിൽ നടന്ന ചടങ്ങിലാണ് ആർലേക്കർ സ്ഥാനമേറ്റത്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു.
ഗവര്‍ണറും ഭാര്യ ഭാര്യ അനഘ ആര്‍ലേകറും കേരളീയ വേഷമണിഞ്ഞാണ് സത്യപ്രതിജ്ഞയ്ക്കെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി ശാരദ മുരളീധരനും ചീഫ് ജസ്റ്റിസും പൊതുഭരണ അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാലും ചേർന്നാണ് നിയുക്ത ഗവർണറെയും ഭാര്യയെയും വേദിയിലേക്ക് സ്വീകരിച്ചു. ഗവർണറെ നിയമിച്ചു കൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് ചീഫ് സെക്രട്ടറി വായിച്ചു. തുടർന്നായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.
പശ്ചിമ ബംഗാൾ ഗവർണർ സി.വി.ആനന്ദബോസും ചടങ്ങിനെത്തി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ.കൃഷ്ണൻകുട്ടി, കടന്നപ്പള്ളി രാമചന്ദ്രൻ, വി.ശിവൻകുട്ടി, ജി.ആർ അനിൽ, പി.രാജീവ്, പി.എ.മുഹമ്മദ് റിയാസ്, കെ.എൻ.ബാലഗോപാൽ, സ്പീക്കർ എ.എൻ.ഷംസീർ, എം.പിമാരായ എ.എ.റഹീം, ശശി തരൂർ, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ.പ്രശാന്ത്, മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, പൊലീസ് മേധാവി അടക്കമുള്ള ഉയർന്ന ഉദ്യോഗസ്ഥർ, കര, നാവിക, വ്യോമസേന പ്രതിനിധികള്‍ എന്നിവരും രാജ്ഭവനിലെ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ബിഹാര്‍ ഗവര്‍ണറായി പ്രവര്‍ത്തിച്ച് വരികയായിരുന്ന ആർലേകർ അവിടെ നിന്ന മാറിയാണ് കേരളത്തിലെത്തിയത്. ഹിമാചല്‍ പ്രദേശ് ഗവര്‍ണറായും പ്രവർത്തിച്ചിട്ടുണ്ട്. ഗോവയിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി. നേതാവാണ്. ദീർഘകാലം ആർ.എസ്.എസ്. ചുമതലകള്‍ വഹിച്ച ശേഷം 1989ലാണ് രാജേന്ദ്ര ആര്‍ലേകര്‍ ബി.ജെ.പിയില്‍ അംഗത്വമെടുക്കുന്നത്.