29 C
Trivandrum
Tuesday, March 25, 2025

ചടുലതാളത്താൽ വിസ്മയിപ്പിച്ച വിരലുകൾ നിശ്ചലം; സാക്കിർ ഹുസൈൻ വിടവാങ്ങി

Follow the FOURTH PILLAR LIVE channel on WhatsApp 

സാൻ ഫ്രാൻസിസ്കോ: തബല എന്ന വാദ്യോപകരണത്തെ ലോകപ്രശസ്തിയിലേക്ക് ഉയ‌ർത്തുകയും അതിൻ്റെ പര്യായമായി മാറുകയും ചെയ്ത മാന്ത്രികൻ കാലത്തിൻ്റെ തിരശ്ശീലയ്ക്കു പിന്നിലേക്കു മറഞ്ഞു. തബലയിലെ വലുതായ ബയാനിൽ വേഗവിരലുകളാൽ പ്രകടിപ്പിച്ചിരുന്ന മാസ്‌മരികതയിലൂടെ സംഗീതലോകത്തെ എന്നും വിസ്മയിപ്പിച്ച ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു.

ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹം തിങ്കളാഴ്ച പുലർച്ചെ എന്നെന്നേക്കുമായി വിടവാങ്ങി. 73കാരനായ സാക്കിര്‍ ഹുസൈന്‍ ഒരാഴ്ച്ചയായി ഐ.സി.യുവിലായിരുന്നു.

സാക്കിർ ഹുസൈൻ ശനിയാഴ്ച രാത്രി അന്തരിച്ചതായി വാ‌ർത്തകൾ പ്രവഹിച്ചിരുന്നുവെങ്കിലും കുടുംബം നിഷേധിച്ചു. സാക്കിർ ഹുസൈൻ്റെ അനന്തരവൻ അമീർ ഔലിയയുടേതെന്ന് അവകാശപ്പെടുന്ന സമൂഹ മാധ്യമ അക്കൗണ്ട്, അമ്മാവൻ്റെ മരണത്തെക്കുറിച്ചുള്ള വാർത്താ റിപ്പോർട്ടുകൾ നിരസിക്കുകയും തെറ്റായ വിവരങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് തിങ്കളാഴ്ച പുലർച്ചെ അദ്ദേഹം അന്തരിച്ചു. സാക്കിർ ഹുസൈൻ അന്ത്യശ്വാസം വലിച്ച കാര്യം അദ്ദേഹത്തിൻ്റെ കുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്.

1951ല്‍ മുംബൈയുടെ പ്രാന്തപ്രദേശമായ മാഹിമിലാണ് സാക്കിർ ഹുസൈൻ ജനിച്ചത്. മൂന്നാം വയസ്സ് മുതൽ സംഗീതത്തിൽ അഭിരുചി കാണിച്ചു തുടങ്ങി. ആദ്യ പാഠങ്ങള്‍ പകര്‍ന്നുനല്‍കിയത് പിതാവും തബലിസ്റ്റുമായ അള്ളാ രഖാ ഖാനായിരുന്നു. തബലയില്‍ പഞ്ചാബ്‌ ഖരാനയില്‍ അച്ഛൻ്റെ പാത പിന്തുടർന്ന സാക്കിർ ഏഴാം വയസ്സിൽ സരോദ്‌ വിദഗ്‌ധന്‍ ഉസ്‌താദ്‌ അലി അക്‌ബര്‍ ഖാനൊടൊപ്പം ഏതാനും മണിക്കൂര്‍ അച്ഛന്‌ പകരക്കാരനായി. അതായിരുന്നു ആദ്യ വാദനം. പിന്നീട്‌ 12ാമത്തെ വയസ്സിൽ ബോംബെ പ്രസ്‌ ക്ലബില്‍ 100 രൂപയ്ക്ക് ഉസ്‌താദ്‌ അലി അക്‌ബര്‍ ഖാനോടൊപ്പം തന്നെ സ്വതന്ത്രമായി തബല വായിച്ച്‌ സംഗീതലോകത്ത്‌ വരവറിയിച്ചു.

12ാം വയസ്സിൽ തന്നെ പട്നയിൽ ദസറ ഉത്സവത്തില്‍ പതിനായിരത്തോളം വരുന്ന കാണികളുടെ മുന്‍പില്‍, മഹാനായ സിത്താര്‍ വാദകന്‍ ഉസ്‌താദ്‌ അബ്ദുല്‍ ഹലിം ജാഫര്‍ ഖാൻ, ഷഹനായി ചക്രവര്‍ത്തി ഉസ്താദ് ബിസ്‌മില്ലാ ഖാന്‍ എന്നിവരോടൊപ്പം രണ്ടു ദിവസത്തെ കച്ചേരികളില്‍ തബല വായിച്ചു. മുംബൈ സെന്റ്‌ സേവ്യേഴ്‌സ്‌ കോളജിലെ പഠനം പൂര്‍ത്തിയാക്കിയ സാക്കിർ ഹുസൈന്‍ 1970ല്‍ അമേരിക്കയില്‍ സിത്താര്‍ മാന്ത്രികന്‍ രവി ശങ്കറിനൊപ്പം 18ാമത്തെ വയസ്സിൽ കച്ചേരി അവതരിപ്പിച്ചു.

വാഷിങ്‌ടൻ സര്‍വകലാശാലയില്‍ എത്തനോമ്യൂസിക്കോളജി വിഭാഗത്തില്‍ 19–ാം വയസ്സിൽ അസിസ്റ്റൻ്റ് പ്രൊഫസറായി. 1999-ല്‍ യുണൈറ്റഡ് നാഷണല്‍ എന്‍ഡോവ്‌മെന്റ് ഫോര്‍ ആര്‍ട്‌സ് നാഷണല്‍ ഹെറിറ്റേജ് ഫെലോഷിപ്പ് നേടി. അമേരിക്കയിലെ പരമ്പരാഗത കലാകാരന്‍മാര്‍ക്കും സംഗീതജ്ഞര്‍ക്കും നല്‍കുന്ന ഏറ്റവുമുയര്‍ന്ന ബഹുമതിയാണിത്. അദ്ദേഹത്തെ രാജ്യം പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.

കഴിഞ്ഞ ഗ്രാമി പുരസ്‌കാര വേദിയിലും സാക്കിര്‍ ഹുസൈന്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിരുന്നു. മികച്ച ഗ്ലോബല്‍ മ്യൂസിക്ക് പെര്‍ഫോമന്‍സ്, മികച്ച കണ്ടംപററി ഇന്‍സ്ട്രുമെന്റല്‍ ആല്‍ബം, മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബം എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം പങ്കിട്ടത്. ഐതിഹാസിക പോപ്പ് ബാന്‍ഡ് ദ ബീറ്റില്‍സ് ഉള്‍പ്പെടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി സഹകരിച്ചിട്ടുണ്ട്. മന്റോ, മിസ്റ്റര്‍ ആന്റ് മിസിസ് അയ്യര്‍, മലയാളത്തിൽ ഷാജി എൻ.കരുൺ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ വാനപ്രസ്ഥം എന്നിവയുള്‍പ്പെടെ ഏതാനും സിനിമകള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. ഹീറ്റ് ആന്റ് ഡസ്റ്റ്, ദ പെര്‍ഫക്റ്റ് മര്‍ഡര്‍, മിസ് ബ്യൂട്ടിസ് ചില്‍ഡ്രന്‍, സാസ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്.

കഥക് നര്‍ത്തകിയും അധ്യാപികയുമായ അന്റോണിയ മിനെക്കോളയാണ് ഭാര്യ. അനിഷ ഖുറേഷിയും ഇസബെല്ല ഖുറേഷിയുമാണ് മക്കള്‍. തൗഫീഖ് ഖുറേഷി, ഫസൽ ഖുറേഷി എന്നിവർ സഹോദരന്മാരും ഖുർഷീദ് ഔലിയ സഹോദരിയുമാണ്.

Recent Articles

Related Articles

Special

Enable Notifications OK No thanks