29 C
Trivandrum
Tuesday, November 18, 2025

സിദ്ധരാമയ്യയ്ക്ക് പിണറായിയുടെ ഔദ്യോഗിക മറുപടി: പുനരധിവാസ പദ്ധതി തയ്യാറാകുമ്പോൾ അറിയിക്കാം

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: വയനാട് പുനരധിവാസം സംബന്ധിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി മറുപടി നല്‍കി. വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ടൗൺഷിപ്പ് പദ്ധതി അന്തിമരൂപത്തിലാകുമ്പോൾ കർണാടകയെ അറിയിക്കാമെന്നും അപ്പോൾ വാഗ്ദാനം ചെയ്ത പ്രകാരം 100 വീടുകൾ നിർമ്മിക്കാനുള്ള നടപടി കർണാടക സ്വീകരിക്കണമെന്നും പിണറായി അഭ്യ‍‌ർത്ഥിച്ചു.

100 വീടുകൾ വെച്ചു നല്കാമെന്ന് കർണാടക അറിയിച്ചിരുന്നുവെന്നും അതിന് കേരള സർക്കാരിൻ്റെ ഭാഗത്ത് നിന്ന് മറുപടി ലഭിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിദ്ധരാമയ്യ കത്തയച്ചത്. എന്നാൽ, 100 വീട് നിർമിച്ചു നല്കാമെന്ന സഹായം സിദ്ധരാമയ്യ പ്രഖ്യാപിച്ച ഉടൻ തന്നെ നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ട്വീറ്റ് ചെയ്തിരുന്നു. പിന്നാലെ പിണറായിയുടെ നിർദേശപ്രകാരം വയനാട് പുനരധിവാസ ചുമതലയുള്ള ഓഫീസിൽനിന്ന് ഫോണിൽ കർണാടക മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട്‌ വിശദാംശങ്ങൾ സംസാരിക്കുകയും ചെയ്തു. പക്ഷേ, ഇത് മറച്ചുവെച്ചാണ് സിദ്ധരാമയ്യ കത്തയയ്ക്കുകയും അതു പരസ്യപ്പെടുത്തി വിവാദം സൃഷ്ടിക്കുകയും ചെയ്തത്. ഈ സാഹചര്യത്തിലാണ് കേരള മുഖ്യമന്ത്രി രേഖാമൂലം തന്നെ കർണാടക മുഖ്യമന്ത്രിക്കു മറുപടി നല്കിയത്.

വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ലഭിച്ച നിരവധിയായ സഹായ നിർദേശങ്ങളെ ഏകോപിപ്പിച്ച്, ഒരു സമഗ്രവും സുതാര്യവുമായ സ്പോൺസർഷിപ്പ് ഫ്രെയിംവർക്ക് രൂപവത്കരിക്കുന്നതിനായി നിലവിൽ കേരള സര്‍ക്കാര്‍ പ്രവർത്തിച്ച് വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തിൽ വ്യക്തമാക്കി. ഈ സമഗ്രമായ പുനരധിവാസ പദ്ധതിയിൽ കർണാടക സർക്കാരിൻ്റേതുൾപ്പെടെ ഉദാരമായ എല്ലാ സഹായ വാഗ്ദാനങ്ങളും സംയോജിപ്പിക്കുമെന്ന് ഉറപ്പുവരുത്തും. നടത്തിപ്പിൻ്റെ ഓരോ ഘട്ടവും വ്യക്തമായി അവലോകനം ചെയ്യാവുന്ന രീതിയിലാണ് പദ്ധതി തയ്യാറാകുന്നതെന്നും വിശദാംശങ്ങൾ ഉടൻ അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 100 വീടുകൾ നിർമ്മിക്കാന്‍ സഹായം വാ​ഗ്ദാനം ചെയ്ത കർണാടക സർക്കാരിന് പിണറായി വിജയൻ ഒരിക്കൽ കൂടി നന്ദി അറിയിച്ചിട്ടുമുണ്ട്.

മണ്ണിടിച്ചിലിനോ മറ്റേതെങ്കിലും പ്രകൃതിദുരന്തത്തിനോ സാധ്യതയില്ലാത്ത സുരക്ഷിതമായ സ്ഥലങ്ങളിൽ ദുരന്തബാധിത കുടുംബങ്ങളുടെ പുനരധിവാസമൊരുക്കുന്നതിനാണ് കേരള സർക്കാർ മുൻഗണന നൽകുന്നതെന്നും മുഖ്യമന്ത്രി കത്തിൽ വിശദീകരിച്ചു. അതേസമയം, നഷ്ടപ്പെട്ട പഴയ വീടുകളോടുള്ള മാനസികബന്ധം നിലനിർത്തുന്നതിനായി പുതിയ പുനരധിവാസ കേന്ദ്രങ്ങൾ മുൻവാസസ്ഥലത്തിനു പരമാവധി സമീപത്തായിരിക്കും തിരഞ്ഞെടുക്കുക. ഇതിനായി വൈത്തിരി താലൂക്കിൽ കണ്ടെത്തിയ 2 സ്ഥലങ്ങളിൽ പരിസ്ഥിതി സൗഹൃദമായതും ദുരന്തനിരോധന ശേഷിയുള്ളതുമായ ടൗൺഷിപ്പുകൾ സ്ഥാപിച്ച് ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനാണ് പദ്ധതിയിടുന്നത് എന്നും മുഖ്യമന്ത്രി അറിയിച്ചു.

Recent Articles

Related Articles

Special

Enable Notifications OK No thanks