Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: ഒരു ഷോർട്ട് ഫിലിം എന്ന നിലയിലാണ് ശോഭന പടിഞ്ഞാറ്റിൽ തൻ്റെ സ്വപ്നസാക്ഷാത്കാരത്തിലേക്കുള്ള ആദ്യ ചുവടുകൾ വെച്ചത്. പക്ഷേ, അതു വികസിച്ച് ഫീച്ചർ ഫിലിമായി മാറി. ഗേൾഫ്രണ്ട്സ് എന്ന ആ സിനിമ 29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലുമെത്തി. മലയാള സിനിമ ഇന്ന് വിഭാഗത്തിലാണ് ശോഭനയുടെ ഗേൾഫ്രണ്ട്സ് പ്രദർശിപ്പിച്ചത്.
തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിലെ ലൈബ്രേറിയനാണ് ശോഭന പടിഞ്ഞാറ്റിൽ. 25 വർഷമായി ചലച്ചിത്രമേളയിൽ പ്രതിനിധിയായി എത്തുന്നയാളാണവർ. സിനിമ ഒരു മോഹമായി മനസ്സിലുണർത്തിയതിന് മേളയിലെ ലോകകാഴ്ചകൾക്ക് ചെറുതല്ലാത്ത പങ്കുണ്ട്. ഇത്തവണത്തെ മേളയിൽ തൻ്റെ സിനിമയും ഉണ്ടെന്നതിൽ അവർ അഭിമാനം കൊള്ളന്നു.
104 മിനിറ്റ് ദൈർഘ്യമുള്ള തന്റെ ആദ്യചിത്രത്തിലൂടെ സ്‌ത്രീജീവിതത്തിന്റെ തീക്ഷ്‌ണതകൾ വരച്ചിടുകയാണ് ശോഭന. സ്ത്രീ സൗഹൃദങ്ങളുടെ ആഴവും അടുപ്പവും എല്ലാകാലത്തും സമകാലികമാണ്. വളരെ സ്വതന്ത്രരായ ആദർശ കഥാപാത്രങ്ങളാത്ത എല്ലാ സ്വഭാവങ്ങളും ചേർന്ന 5 പെൺകുട്ടികളുടെ കഥ പറയുന്ന ക്വിയർ ചിത്രമാണ് ഗേൾ ഫ്രണ്ട്‌സെന്നും സിനിമയിൽ ക്വയർ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ക്വിയർ മനുഷ്യർ തന്നെയാണ്.

ശോഭന പടിഞ്ഞാറ്റിലിന്റെ ആദ്യ ചിത്രമാണ് ഗേൾ ഫ്രണ്ട്സ്. 2021ൽ ആരംഭിച്ചതാണ് ഗേൾഫ്രണ്ട്‌സിന്റെ ചിത്രീകരണം. ശമ്പളം കിട്ടുന്ന മുറയ്‌ക്കും പി.എഫിൽനിന്ന് വായ്പ എടുത്തുമൊക്കെയായിരുന്നു ചിത്രീകരണം. കഴിഞ്ഞ മെയ് വരെ അത് നീണ്ടു. ആദ്യ സിനിമയിൽ ആഗ്രഹിച്ച ഒട്ടുമിക്ക ഘടകങ്ങളും കൊണ്ടുവരാൻ സാധിച്ചവെന്നതിൽ അഭിമാനുണ്ടെന്നു ശോഭന പറഞ്ഞു. സ്ത്രീകളുടെ സങ്കീർണ അവസ്ഥകൾ തന്റെ ആദ്യ സിനിമയിലൂടെ തന്നെ കാണിക്കാൻ സാധിച്ചു.
ആദ്യ ഐ.എഫ്.എഫ്.കെ മുതൽ പങ്കെടുക്കുന്ന ശോഭന, സ്ത്രീ സംവിധായകാർക്കും സിനിമ സ്വപ്നം കാണുന്ന നവാഗത സംവിധായകർക്കും സ്വതന്ത്ര ചിത്രങ്ങൾക്കും ഇത്തവണത്തെ ഐ.എഫ്.എഫ്.കെയിൽ പ്രാതിനിധ്യം കൊടുക്കുന്നതിൽ സന്തോഷം രേഖപ്പെടുത്തി. ഇങ്ങനൊരു തീരുമാനമെടുത്തതുകൊണ്ടാണ് തന്റെ ചിത്രം പ്രേക്ഷകർ കാണുന്നതെന്നും ശോഭന കൂടിച്ചേർത്തു.