തിരുവനന്തപുരം: സിനിമാരംഗത്തേക്ക് കടന്നുവരുന്ന കലാകാരികള്‍ക്ക് അന്തസ്സോടെ പ്രവര്‍ത്തിക്കാനുള്ള അന്തരീക്ഷം ഒരുക്കുമെന്ന് ഉറപ്പ് നല്‍കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Follow the FOURTH PILLAR LIVE channel on WhatsApp
ചരിത്രംകൊണ്ടും വലുപ്പംകൊണ്ടും ലോകത്ത് നിരവധി മേളകളുണ്ടെങ്കിലും ഐ.എഫ്.എഫ്.കെ. ബഹുദൂരം മുന്നേറിയിരിക്കുന്നു. ലോകത്തില്‍ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ ഉള്ളടക്കമുള്ള മേളയായി ഐ.എഫ്.എഫ്.കെ. മാറി. ചലച്ചിത്രമേള എന്നതിനപ്പുറം യുവതീ യുവാക്കള്‍ക്ക് പുതു ട്രെന്‍ഡുകള്‍ പരിചയപ്പെടാനുള്ള വേദി കൂടിയായി മേള മാറി. ഇന്ന് മേളയില്‍ ആദരിക്കപ്പെടുന്ന എല്ലാവരും സ്ത്രീകളാണെന്നതില്‍ നമുക്ക് അഭിമാനിക്കാം. സിനിമാരംഗത്തേക്ക് കടന്നുവരുന്ന കലാകാരികള്‍ക്ക് അന്തസ്സോടെ പ്രവര്‍ത്തിക്കാനുള്ള അന്തരീക്ഷം ഒരുക്കുമെന്ന് ഉറപ്പ് നല്‍കുകയാണ് -മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യാതിഥി ആയിരുന്ന പ്രശസ്ത അഭിനേത്രി ശബാന ആസ്മിയെ പൊന്നാട അണിയിച്ചും അവർക്ക് പ്രശസ്തിപത്രം നൽകിയും ചടങ്ങിൽ മുഖ്യമന്ത്രി ആദരിച്ചു. ബോളിവുഡിന്റെ മുഖ്യധാരയിലും സമാന്തര സിനിമാലോകത്തും നാടകരംഗത്തും ഒരുപോലെ തിളങ്ങി നിൽക്കുന്ന ശബാന ആസ്മി അഭിനയജീവിതത്തിൽ 50 വർഷം തികയ്ക്കുന്ന വേളയിലാണ് ഐ.എഫ്.എഫ്.കെയുടെ ആദരം. ഹോങ്കോങ്ങിൽ നിന്നുള്ള സംവിധായിക ആൻ ഹുയിക്ക് മുഖ്യമന്ത്രി ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം സമ്മാനിച്ചു. 10 ലക്ഷം രൂപയും ശില്പവുമടങ്ങുന്നതാണ് അവാർഡ്.
സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായ ചടങ്ങില്‍ പൊതുവിദ്യാഭ്യസ മന്ത്രി വി.ശിവന്‍കുട്ടി, ഭക്ഷ്യ മന്ത്രി ജി.ആര്‍.അനില്‍, വി.കെ.പ്രശാന്ത് എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡി.സുരഷ് കുമാർ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, കെ.എസ്.എഫ്.ഡി.സി. ചെയർമാൻ ഷാജി എൻ.കരുൺ, സാംസ്‌കാരിക പ്രവർത്തകക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, സാംസ്‌കാരികഡയറക്ടർ ഡോ.ദിവ്യ എസ്.അയ്യർ, ഫിലിം ചേംബർ പ്രസിഡന്റ് ബി.ആർ.ജേക്കബ്, ജൂറി ചെയർപേഴ്സൺ ആഗ്നസ് ഗൊദാർദ്, അക്കാദമി സെക്രട്ടറി സി.അജോയ്, ജനറൽ കൗൺസിൽ അംഗം കുക്കു പരമേശ്വരൻ, മേളയുടെ ക്യൂറേറ്റർ ഗോൾഡ സെല്ലം തുടങ്ങിയവരും പങ്കെടുത്തു.
തുടർന്ന് ഉദ്ഘാടനചിത്രമായ ‘ഐ ആം സ്റ്റിൽ ഹിയർ’ പ്രദർശിപ്പിച്ചു. വിഖ്യാത ബ്രസീലിയൻ സംവിധായകൻ വാൾട്ടർ സാലസ് സംവിധാനംചെയ്ത പോർച്ചുഗീസ് ചിത്രം ബ്രസീൽ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ്. ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി കേരള കലാമണ്ഡലം അവതരിപ്പിച്ച നൃത്തപരിപാടിയും അരങ്ങേറി.
ഡിസംബര്‍ 20 വരെ 14 തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 68 രാജ്യങ്ങളില്‍ നിന്നുള്ള 177 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ ടുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. ലോക സിനിമാ വിഭാഗത്തില്‍ 63 സിനിമകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര മേളകളില്‍ പ്രേക്ഷകപ്രീതി നേടിയ 13 ചിത്രങ്ങളടങ്ങിയ ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് മറ്റൊരു ആകര്‍ഷണമായിരിക്കും. അര്‍മേനിയന്‍ സിനിമാ ശതാബ്ദിയുടെ ഭാഗമായി ഏഴ് ചിത്രങ്ങള്‍ കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. 13000ല്‍പ്പരം ഡെലിഗേറ്റുകള്‍ പങ്കെടുക്കുന്ന ഐ എഫ് എഫ് കെയുടെ 29-ാം പതിപ്പില്‍ നൂറോളം ചലച്ചിത്ര പ്രവര്‍ത്തകര്‍ അതിഥികളായെത്തും.