29 C
Trivandrum
Saturday, March 15, 2025

ബംഗാളിൽ 10 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ 19കാരന് വധശിക്ഷ

Follow the FOURTH PILLAR LIVE channel on WhatsApp 

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മഹിഷ്മാരി ഗ്രാമത്തിൽ 10 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ 19കാരന് വധശിക്ഷ. അപൂർവങ്ങളിൽ അത്യപൂർവമായ കേസ് എന്നു പറഞ്ഞാണ് ദക്ഷിണ 24 പർഗാനാസ് ജില്ലയിലെ പോക്‌സോ കോടതി അഡീഷണൽ ജില്ലാ ജഡ്ജി സുബ്രത ചതോപാദ്ധ്യായ പ്രതിയെ തൂക്കിക്കൊല്ലാൻ വിധിച്ചത്.

കുറ്റകൃത്യം നടന്ന് 62 ദിവസം തികയുമ്പോഴാണ്‌ ശിക്ഷാവിധി വന്നിരിക്കുന്നത്. ഒക്ടോബർ 5നാണ് പെൺകുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവദിവസം ട്യൂഷനു പോയ പെൺകുട്ടി മടങ്ങിവരാത്തതിനെ തുടർന്നാണ് മാതാപിതാക്കൾ പരാതി നൽകിയത്. വീട്ടിലെത്തിക്കാമെന്നും ഐസ് ക്രീം വാങ്ങിക്കൊടുക്കാമെന്നും വാഗ്ദാനം ചെയ്താണ് പ്രതി, കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്നാണ് പൊലീസിന് പ്രതിയെ കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. മണിക്കൂറുകൾക്കകം പ്രതി മൊസ്തകിൻ സർദാർ പിടിയിലായി. ചോദ്യം ചെയ്തതിന് പിന്നാലെ താൻ കുറ്റം ചെയ്തെന്ന് സമ്മതിച്ച സർദാർ, പെൺകുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ച സ്ഥലം കാണിച്ചുകൊടുക്കുകയും ചെയ്തു.

പോസ്റ്റ് മോർട്ടത്തിൽ പെൺകുട്ടി ലൈംഗികമായി ആക്രമിക്കപ്പെട്ടുവെന്ന് വ്യക്തമായി. ഒക്ടോബർ 30ന് പൊലീസ് കുറ്റപത്രം സമർപ്പിച്ചു. നവംബർ 5ന് ആരംഭിച്ച വിചാരണ വെറും 21 ദിവസം കൊണ്ട് പൂർത്തിയാക്കി. വിചാരണയും ശിക്ഷാവിധി പ്രഖ്യാപനവും അതിവേഗം നടന്നതിനെ മുഖ്യമന്ത്രി മമതാ ബാനർജി അഭിനന്ദിച്ചു.

ആർ.ജി. കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഈ സംഭവമുണ്ടായത്. സംഭവം മഹിഷ്മാരിയിൽ വലിയ പ്രതിഷേധത്തിന് വഴിവെക്കുകയും പ്രദേശവാസികൾ വാഹനങ്ങൾ കത്തിക്കുകയും പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയും ചെയ്തിരുന്നു.

Recent Articles

Related Articles

Special

Enable Notifications OK No thanks