തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് സിനിമയിൽ അഭിനയിക്കാൻ ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്റെ അനുമതി ലഭിച്ചു. നിലവിൽ തത്വത്തിലാണ് അനുമതിയെങ്കിലും ഔദ്യോഗിക അനുമതി ഉടനുണ്ടാകും. ഇതോടെ ഒരു മാസം മുൻപ് കളഞ്ഞ താടി സുരേഷ് ഗോപി വീണ്ടും വളർത്തിത്തുടങ്ങിയിട്ടുമുണ്ട്.
Follow the FOURTH PILLAR LIVE channel on WhatsApp
എട്ടു ദിവസമാണ് ആദ്യഷെഡ്യൂളിൽ അനുവദിച്ചിരിക്കുന്നത്. ഒറ്റക്കൊമ്പൻ എന്ന സിനിമയ്ക്കായി വളർത്തിയ വെള്ള താടിയും കറുത്ത മീശയുമായുള്ള ലുക്കിലാണ് സുരേഷ് ഗോപി മുൻപ് എല്ലായിടത്തും പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാൽ കേന്ദ്ര സഹമന്ത്രിയായതോടെ അഭിനയം അനിശ്ചിതത്വത്തിലായി. ബി.ജെ.പി. കേന്ദ്രനേതൃത്വം അനുമതി നൽകുമോ ഇല്ലയോ എന്ന കാര്യവും സംശയത്തിലായിരുന്നു. ആ അനിശ്ചിതത്വം ഇപ്പോൾ നീങ്ങി.
ഏറ്റെടുത്തിട്ടുള്ള പല പ്രവർത്തനങ്ങളും മുന്നോട്ടുകൊണ്ടുപോകാനുള്ള വരുമാനത്തിനായി അഭിനയം ഒഴിവാക്കാൻ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റ നിലപാട്. സിനിമാ അഭിനയം മാത്രമാണ് വരുമാനമാർഗമെന്നും ഒറ്റക്കൊമ്പൻ അടക്കം നിരവധി സിനിമകൾ ഏറ്റെടുത്തിട്ടുണ്ടെന്നും സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.
ഒറ്റക്കൊമ്പന്റെ ചിത്രീകരണം തിരുവനന്തപുരത്താണ്. സുരേഷ് ഗോപിയുടെ ഷൂട്ടിങ് 29നാണ് തുടങ്ങുക. ജനുവരി 5 വരെയാണ് അനുമതി. ഈ ദിവസങ്ങളിൽ സെൻട്രൽ ജയിലുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പരമാവധിഭാഗം ചിത്രീകരിക്കും.