തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന നിലവിൽ വന്നു. ഗാർഹിക ഉപയോക്താക്കൾക്കു യൂണിറ്റിന് 16 പൈസയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ച വർധന വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.
Follow the FOURTH PILLAR LIVE channel on WhatsApp
2024-25 സാമ്പത്തിക വർഷത്തിൽ 2025 മാർച്ച് 31 വരെയാണ് ഇപ്പോൾ വർധിപ്പിച്ച നിരക്ക് നിലവിലുണ്ടാവുക. അതിനു ശേഷം 2025 ഏപ്രിൽ 1ന് തുടങ്ങുന്ന 2025-26 സാമ്പത്തിക വർഷത്തിൽ യൂണിറ്റിന് 12 പൈസ കൂടി വർധിക്കും. എന്നാൽ, 2026-27 സാമ്പത്തിക വർഷത്തിൽ നിരക്കുവർധന അംഗീകരിച്ചിട്ടില്ല. ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ യൂണിറ്റിന് 10 പൈസ നിരക്കിൽ സമ്മർ താരിഫ് ഈടാക്കാൻ അനുവദിക്കണമെന്ന കെ.എസ്.ഇ.ബിയുടെ ആവശ്യവും റെഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചില്ല. 2025-26 വർഷത്തേക്ക് സമ്മർ താരിഫ് ഉൾപ്പെടെ യൂണിറ്റിന് 37 പൈസയും 2025-26ൽ 27 പൈസയും 2026-27ൽ 9 പൈസയും വീതം നിരക്കു വർധിപ്പിക്കാനാണു കെ.എസ്.ഇ.ബി. ശുപാർശ നൽകിയിരുന്നത്.
കണക്ടഡ് ലോഡിനെ അടിസ്ഥാനമാക്കി ഗാർഹിത ഉപയോക്താക്കൾക്ക് ഫിക്സഡ് ചാർജ് ഏർപ്പെടുത്തണമെന്ന കെ.എസ്.ഇ.ബി. ആവശ്യം കമ്മിഷൻ തള്ളി. 1000 വാട്ട് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗമുള്ളവരുമായ ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള ഗാർഹിക ഉപയോക്താക്കൾക്ക് താരിഫ് വർധന ഇല്ല. അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ തുടങ്ങിയവരുടെ താരിഫ് വർധിപ്പിച്ചിട്ടില്ല. കൃഷി ആവശ്യത്തിനുള്ള വൈദ്യുതിയുടെ നിരക്കിൽ യൂണിറ്റിന് 5 പൈസയുടെ വർധനയാണ് വരുത്തിയത്.
വ്യവസായങ്ങൾക്ക് പ്രോത്സാഹജനകമായ നിലപാട് ഇത്തവണത്തെ താരിഫ് പരിഷ്‌കരണത്തിൽ സ്വീകരിച്ചിട്ടുണ്ട്. വ്യവസായ മേഖലയുടെ താൽപര്യം കണക്കിലെടുത്ത് ശരാശരി 1 മുതൽ 2 ശതമാനം നിരക്ക് വർധന മാത്രമേ അംഗീകരിച്ചുള്ളൂ. 10 കിലോ വാട്ട് ലോഡുള്ള ചെറുകിട വ്യവസായങ്ങൾക്ക് ഫിക്സഡ് ചാർജിൽ വർധനയില്ല. എനർജി ചാർജിൽ യൂണിറ്റിന് 5 പൈസയുടെ വർധനവ് മാത്രമേ ശുപാർശ ചെയ്തിട്ടുള്ളൂ. ഏകദേശം 1 ലക്ഷത്തോളം വ്യവസായങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കും. വ്യവസായങ്ങൾ പ്രധാനമായും പ്രവർത്തിക്കുന്ന രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയുള്ള പകൽസമയ നിരക്കിൽ 10 ശതമാനം ഇളവ് വരുത്തിയിട്ടുണ്ട്. ഇതുവഴി വ്യാവസായിക നിരക്കിൽ യൂണിറ്റിന് 59 പൈസയുടെ കുറവാണുണ്ടാവുക. ഐ.ടി. വ്യവസായമാണെങ്കിൽ കുറവ് യൂണിറ്റിന് 66 പൈസയാകും.
മീറ്റർ വാടകയിലും വാണിജ്യ ഉപഭോക്താക്കൾക്കുള്ള എനർജി ചാർജ്ജിലും വർദ്ധനയില്ല. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിൽ ക്യാൻസർ രോഗികളോ, സ്ഥിരമായി അംഗവൈകല്യം ബാധിച്ചവരോ വീട്ടിലുള്ളവർക്ക് പ്രതിമാസം 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നതിന് താരിഫ് വർദ്ധന ഇല്ല. ഈ ആനുകൂല്യം ലഭിക്കുന്നതിനുള്ള കണക്ടഡ് ലോഡിന്റെ പരിധി 1000 കിലോവാട്ടിൽ നിന്ന് 2000 കിലോവാട്ടായി ഉയർത്തിയിട്ടുണ്ട്. മുമ്പ് അപകടങ്ങളിൽ അംഗവൈകല്യം സംഭവിച്ചവർക്കും പോളിയോ ബാധിതർക്കും മാത്രമായിരുന്നു ഈ ആനുകൂല്യം. ഇത് അംഗവൈകല്യം ഉള്ള എല്ലാവർക്കുമായി വർധിപ്പിച്ചിട്ടുണ്ട്. എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള സൗജന്യ നിരക്ക് അതേപടി നിലനിർത്തി.
ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് കൃഷി, ഡയറി ഫാം, മൃഗസംരക്ഷണം മേഖലകളിലെ ഫാം സ്റ്റേകളിൽ ഹോം സ്റ്റേ രീതിയിൽ ഗാർഹിക നിരക്ക് ബാധകമാക്കി. വിദ്യാർത്ഥികൾ, ചെറിയ വരുമാനമുള്ള തൊഴിലാളികൾ എന്നിവർ താമസിക്കുന്ന ഹോസ്റ്റലുകൾ എന്നിവെ അടുത്തിടെ നാട്ടിൽ വർധിച്ചിട്ടുണ്ട്. ഇവയുടെ താരിഫിൽ ശരാശരി 30 ശതമാനം വരെ ഇളവനുവദിച്ചു.
ഓഡിറ്റോറിയങ്ങൾ, കല്യാണ മണ്ഡപങ്ങൾ, കൺവെൻഷൻ സെന്ററുകൾ തുടങ്ങിയവ ഇപ്പോൾ ഡീസൽ ജനറേറ്ററുകൾ ഉപയോഗിച്ചാണ് പ്രധാന പരിപാടികൾ നടത്തുന്നത്. ഡീസൽ വൈദ്യുതി ഒഴിവാക്കുന്നതിനും കാർബൺ പുറംതള്ളൽ ഒഴിവാക്കി പരിസര മലിനീകരണം കുറയ്ക്കുന്നതിനും ഇവർക്ക് ആവശ്യമുള്ളപ്പോൾ താൽക്കാലിക കണക്ഷൻ നിരക്കിൽ വൈദ്യുതി നൽകുന്നതിന് ശുപാർശ ചെയ്തിട്ടുണ്ട്. ഇത്തരം ഹാളുകൾ പ്രവർത്തിക്കുമ്പോൾ ഫിക്‌സഡ് ചാർജ് നൽകേണ്ടി വരില്ല.
സോളാർ ലഭ്യത കണക്കിലെടുത്ത് പ്രതിമാസം 250 യൂണിറ്റിന് മുകളിൽ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കളുടെ പകൽ സമയത്തെ വൈദ്യുതി നിരക്കിൽ 10 ശതമാനം കുറവു വരുത്തി. ഏകദേശം അഞ്ച് ലക്ഷത്തോളം ഗാർഹിക ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും. സർക്കാർ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കേരളത്തിലെ സർവകലാശാലകൾ നേരിട്ട് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വൈദ്യുതി നിരക്കുകൾ, സർക്കാർ സ്ഥാപനങ്ങളുടെ നിരക്കിലേക്ക് മാറ്റി.
ഉപഭോക്താക്കളുടെ ആവശ്യപ്രകാരം പ്രതിമാസ ബില്ലിങ് ഏർപ്പെടുത്താൻ കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ട റെഗുലേറ്ററി കമ്മീഷൻ ബില്ലുകൾ മലയാളത്തിൽ നല്കണമെന്നും നിർദേശിച്ചിട്ടുണ്ട്. 2016ൽ ഇടതു സർക്കാർ അധികാരത്തിലേറിയതിനു ശേഷം അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നത്. 2017, 2019, 2022, 2023 എന്നീ വർഷങ്ങളിലും താരിഫ് പരിഷ്‌കരണം നടത്തിയിരുന്നു.