Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: പല കാരണങ്ങളാൽ വൈകിയ 7 റോഡ് പദ്ധതികൾക്ക് കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകാരം നൽകി. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് എന്നിവർ ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ദീർഘവീക്ഷണത്തോടെ സംസ്ഥാനം സ്വീകരിക്കുന്ന നടപടികൾക്കുള്ള അംഗീകാരമാണിതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മലാപ്പറമ്പ്-പുതുപ്പാടി, പുതുപ്പാടി-മുത്തങ്ങ, കൊല്ലം-ആഞ്ഞിലിമൂട്, കോട്ടയം-പൊൻകുന്നം, മുണ്ടക്കയം-കുമളി, ഭരണിക്കാവ്-മുണ്ടക്കയം, അടിമാലി-കുമളി എന്നിവയാണ് അംഗീകാരം ലഭിച്ച പദ്ധതികൾ. ഇവയുടെ മൊത്തം ദൈർഘ്യം 460 കിലോമീറ്ററാണ്. 20 വർഷത്തെ വികസനം മുന്നിൽക്കണ്ട് മുഖ്യമന്ത്രി മുന്നോട്ടുവച്ച 17 റോഡ് പദ്ധതികളോട് കേന്ദ്രമന്ത്രി അനുകൂലമായി പ്രതികരിച്ചെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
കാസറഗോഡ് മുതൽ തിരുവനന്തപുരം വരെ 45 മീറ്റർ വീതിയിൽ ആറുവരി ദേശീയപാത 66ന്റെ നിർമ്മാണം 2025 ഡിസംബറിൽ പൂർത്തീകരിക്കാനും തീരുമാനമായി. ലോകമെങ്ങുമുള്ള മലയാളികളുടെ സ്വപ്നമാണ് സാക്ഷാൽക്കരിക്കപ്പെടുന്നതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. മുടങ്ങിയ പദ്ധതിയാണ് യാഥാർഥ്യമാക്കിയത്. ചരിത്രത്തിൽ ആദ്യമായാണ് ദേശീയ പാത വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ ഏതെങ്കിലും സംസ്ഥാനം കേന്ദ്രത്തിന് പണം നൽകിയത്. 5,580 കോടി രൂപ ഇതുവരെ ചെലവിട്ടു. നിർമ്മാണ പുരോഗതി ആഴ്ചതോറും വിലയിരുത്തുന്നു. സംസ്ഥാനത്തിന്റെയും ദേശീയപാത അതോറിറ്റിയുടെയും യോജിച്ച പ്രവർത്തനമാണ് വിജയം കണ്ടത്.
പോർട്ട് കണക്ടിവിറ്റി റോഡുകൾക്കു മുന്തിയ പരിഗണന നൽകും. പാലക്കാട് ഗ്രീൻ ഫീൽഡ് ഹൈവേയ്ക്ക് ഭൂമി ഏറ്റെടുക്കലിൽ നല്ല പുരോഗതിയുണ്ട്. ശബരിമലക്കാലത്ത് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പുനലൂരിൽ ബൈപാസ് വികസനത്തിനും അംഗീകാരം നൽകി. കോഴിക്കോട് തിക്കോടിയിൽ അടിപ്പാത നിർമ്മിക്കുന്നതും പരിഗണിക്കും. കരിപ്പൂർ വിമാനത്താവളത്തിലേക്ക് 9 കിലോമീറ്റർ എലിവേറ്റഡ് പാത നിർമിക്കാനുള്ള നടപടിക്കും തീരുമാനമായി. കണ്ണൂർ വിമാനത്താവള റോഡ് വികസിപ്പിക്കുന്നതും ചർച്ച ചെയ്തെന്നും മന്ത്രി പറഞ്ഞു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കൽ, വികസനം, ജിഎസ്ടി ഒഴിവാക്കൽ എന്നിവ സംബന്ധിച്ച് സംസ്ഥാന മന്ത്രിസഭയോഗം തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
























