29 C
Trivandrum
Saturday, March 15, 2025

നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെ, നടക്കുന്നത് പഴുതില്ലാത്ത അന്വേഷണമെന്ന് പൊലീസ് ഹൈക്കോടതിയില്‍

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റേത് കൊലപാതകമല്ല ആത്മഹത്യ തന്നെയെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. കേസിലെ പ്രതി പി.പി.ദിവ്യ ഉദ്യോഗസ്ഥരുടെ മുമ്പില്‍ വെച്ച് അധിക്ഷേപിച്ചതിലുള്ള മാനസിക വിഷമത്തിലാണ് നവീന്‍ തൂങ്ങിമരിച്ചത്. പഴുതില്ലാത്ത അന്വേഷണമാണ് കേസില്‍ നടത്തുന്നതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

നവീന്‍ ബാബുവിനെ തേജോവധം ചെയ്യുക എന്ന ദുരുദ്ദേശത്തോടെയാണ് ദിവ്യ യോഗത്തിനെത്തിയത്. അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന നവീന്റെ ഭാര്യയുടെ വാദം അവാസ്തവമാണന്നും സത്യവാങ്മൂലത്തിലുണ്ട്. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് നവീന്റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ വിശദീകരണം.

കൊലപാതകം എന്ന കുടുംബത്തിന്റെ ആരോപണം പരിശോധിക്കുന്നുണ്ട്. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ ആത്മഹത്യയാണ് എന്നാണ് അറിയിച്ചത്. തൂങ്ങിമരണമാണ് എന്നും ശരീരത്തില്‍ മറ്റ് മുറിപ്പാടുകള്‍ ഇല്ലെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഉണ്ട്. കൊലപാതകമാണ് എന്നതിന്റെ യാതൊരു സൂചനയും ഫോറന്‍സിക് സംഘം നല്‍കിയിട്ടില്ല. യാത്രയയപ്പ് ചടങ്ങിനു ശേഷം നവീന്‍ ബാബുവിനെ കണ്ടയാളുകളെ നേരില്‍ കണ്ട് മൊഴിയെടുത്തെന്നും പൊലീസ് വ്യക്തമാക്കി.

നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ലഭിക്കാവുന്ന എല്ലാ സി.സി.ടി.വി. ഫൂട്ടേജുകളും ശേഖരിച്ചിട്ടുണ്ട്. നവീന്‍ ബാബുവിന്റെയും ജില്ലാ കളക്ടറുടെയും പ്രശാന്തിന്റെയും സി.ഡി.ആര്‍. പരിശോധിച്ചു. ഇന്‍ക്വസ്റ്റ് സമയം ബന്ധുക്കളുടെ സാന്നിധ്യം ഇല്ലായിരുന്നുവെന്ന വാദവും പൊലീസ് തള്ളി. നിയമപ്രകാരം അത് നിര്‍ബന്ധമല്ല. പിന്നീട് രേഖപ്പെടുത്തിയാല്‍ മതിയാവും.

ലഭിച്ച സാക്ഷിമൊഴികളുടെയും ശാസ്ത്രീയ പരിശോധന ഫലത്തിന്റെയും അടിസ്ഥാനത്തില്‍ കൊലപാതകത്തിന്റെ യാതൊരു സൂചനയും നിലവില്‍ ഇല്ലെന്ന് പൊലീസ് വിശദീകരിച്ചു. പൊലീസിന് ആരെയും സംരക്ഷിക്കാന്‍ ഇല്ലെന്നും ഹര്‍ജിക്കാരിയുടെ ഇത്തരത്തിലുള്ള വാദം ശരിയല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

Recent Articles

Related Articles

Special

Enable Notifications OK No thanks