Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: നീണ്ട ഇടവേളകൾക്കു ശേഷം മലയാളത്തിന്റെ പ്രിയപ്പെട്ട താര ജോഡികളായ മോഹൻലാൽ -ശോഭന കൂട്ടുകെട്ടിൽ ഒരുങ്ങുന്ന തുടരും എന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക്. മോഹൻലാലിന്റെ 360-ാം ചിത്രമെന്ന പ്രത്യേകതക്കു പുറമെ ശോഭനയും മോഹൻലാലും 15 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമെന്ന സവിശേഷതയും ഈ സിനിമയ്ക്കുണ്ട്.
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിക്കുന്ന ഈ ചിത്രം യുവനിരയിലെ ശ്രദ്ധേയനായ തരുൺ മൂർത്തിയാണ് സംവിധാനം ചെയ്യുന്നത്. റാന്നി സ്വദേശിയായ ഷണ്മുഖം എന്ന സാധാരണക്കാരനായ ടാക്‌സി ഡ്രൈവറായി മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ഒരു സാധാരണക്കാരന്റെ കുടുംബ ജീവിതത്തിലെ രസകരമായ മുഹൂർത്തങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.
മണിയൻപിള്ള രാജു, ഫർഹാൻ ഫാസിൽ, ബിനു പപ്പു, സംഗീത് കെ.പ്രതാപ്, ഇർഷാദ് അലി, ആർഷ ബൈജു, തോമസ് മാത്യു, ശ്രീജിത്ത് രവി, ജി.സുരേഷ്‌കുമാർ, ജെയ്സ് മോൻ, ഷോബി തിലകൻ, ഷൈജോ അടിമാലി, കൃഷ്ണപ്രഭ, റാണി ശരൺ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
കെ.ആർ.സുനിലിന്റെ കഥയ്ക്ക് തരുൺ മൂർത്തിയും കെ.ആർ. സുനിലും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു. ഛായാഗ്രഹണം -ഷാജികുമാർ, ചിത്രസംയോജനം -നിഷാദ് യൂസഫ്, ഷഫീഖ്, സംഗീതം -ജേക്‌സ് ബിജോയ്, സൗണ്ട് ഡിസൈൻ-വിഷ്ണു ഗോവിന്ദ്, കലാ സംവിധാനം -ഗോകുൽ ദാസ്, ചമയം -പട്ടണം റഷീദ്, വസ്ത്രാലങ്കാരം -സമീരാ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ -ഡിക്‌സൺ പോടുത്താസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ -അവന്തിക രഞ്ജിത്.































