29 C
Trivandrum
Wednesday, February 5, 2025

തന്നെ കാണാൻ വന്നാൽ വേണുഗോപാൽ സി.പി.എമ്മിൽ ചേരുമോ എന്ന് ജി.സുധാകരൻ

ആലപ്പുഴ: സി.പി.എം. നേതാവ് ജി.സുധാകരനെ എ.ഐ.സി.സി. ജനറൽ സെക്രട്ടറിയും ആലപ്പുഴ എം.പിയുമായ കെ.സി.വേണുഗോപാൽ സന്ദർശിച്ചു. പുന്നപ്ര പറവൂരിലെ സുധാകരന്റെ വസതിയിൽ എത്തിയാണ് വേണുഗോപാൽ അദ്ദേഹത്തെ കണ്ടത്.

Follow the FOURTH PILLAR LIVE channel on WhatsApp 

സി.പി.എമ്മിൽ ജി.സുധാകരൻ അസംതൃപ്തനാണെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സന്ദർശനം. അതിനാൽത്തന്നെ അതു സംബന്ധിച്ച ചോദ്യങ്ങളും മാധ്യമപ്രവർത്തകരിൽ നിന്നുണ്ടായി. തന്നെ കാണാൻ വന്നാൽ വേണുഗോപാൽ സി.പി.എമ്മിൽ ചേരുമോയെന്ന മറുചോദ്യമായിരുന്നു സുധാകരന്റെ മറുപടി. തന്നെ ഇടയ്ക്ക് ഇത്തരത്തിൽ പലരും കാണാൻ വരാറുണ്ട്. ആരോഗ്യപരമായ പല പ്രശ്‌നങ്ങളും നേരിടുന്നയാളാണ് താൻ. അതിനാൽ പലരും വന്ന് കാണാറുണ്ട്. വേണുഗോപാലും അങ്ങനെയാണ് തന്റെ വീട്ടിൽ വന്നത്. തങ്ങൾ ദീർഘകാലം നിയമസഭയിൽ ഒരുമിച്ചുണ്ടായിരുന്നവരാണെന്നും സുധാകരൻ പറഞ്ഞു.

രാഷ്ട്രീയം ചർച്ചയായില്ലെന്ന് ജി.സുധാകരൻ വിശദീകരിച്ചു. പാർട്ടിയിൽ ജി.സുധാകരന്റെ അവസ്ഥ ദയനീയമാണെന്ന് ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ ബിപിൻ സി.ബാബു പറഞ്ഞതിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചു.

തന്റെ ആരോഗ്യസ്ഥിതി അന്വേഷിക്കാൻ വന്നതാണ്. സ്വാഭാവിക സന്ദർശനമാണ്. വളരെക്കാലമായി രാഷ്ട്രീയത്തിലുള്ള ആളല്ലേ. മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥാനം മാത്രമേ ഒഴിഞ്ഞിട്ടുള്ളൂ. ‘എനിക്കെന്തിനാണ് അസംതൃപ്തി? ഞാനിപ്പോഴും പൊതു പ്രവർത്തകൻ തന്നെയാണ്. ഞാൻ കൂടി അംഗീകരിച്ചതാണ് പാർട്ടിയിലെ പ്രായനിബന്ധന. പാർട്ടയിൽ ഇല്ലാത്തവർക്കും പാർട്ടി വിട്ടുപോകുന്നവർക്കുമെല്ലാം എന്നെപ്പറ്റി പറയേണ്ടിവരുന്നു. എന്റെ രാഷ്ട്രീയ ജീവിതം അവഗണിക്കാൻ പറ്റുന്നതല്ല എന്നേ അതിനർഥമുള്ളൂ’ -അദ്ദേഹം പറഞ്ഞു. കെ സുരേന്ദ്രൻ പറയുന്നതിന് താൻ മറുപടി പറയണ്ട കാര്യമില്ലെന്നും ജി.സുധാകരൻ പറഞ്ഞു.

സൗഹൃദസന്ദർശനമാണെന്നു തന്നെയാണ് വേണുഗോപാലും പറഞ്ഞത്. സുധാകരന് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. രാഷ്ട്രീയമായ എതിർപ്പുകളുണ്ടെങ്കിലും വർഷങ്ങളായി സൗഹൃദമുണ്ട്. സുധാകരന് അതൃപ്തിയുണ്ടോയെന്ന് അദ്ദേഹമാണ് പറയേണ്ടതെന്നും വേണുഗോപാൽ പറഞ്ഞു.

നേരത്തെ, മുസ്ലിം ലീഗ് ദിനപത്രമായ ചന്ദ്രികയുടെ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യുന്നതിൽനിന്ന് സുധാകരൻ പിന്മാറിയിരുന്നു. പുന്നപ്രയിലെ സുധാകരന്റെ വസതിയിൽവെച്ചായിരുന്നു ക്യാമ്പെയ്ൻ ഉദ്ഘാടനം നടക്കേണ്ടിയിരുന്നത്. വിവാദത്തിന് താത്പര്യമില്ലെന്ന് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പിന്മാറ്റം.

സ്വന്തം വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെ നടന്ന ഏരിയാ സമ്മേളനത്തിൽ പങ്കെടുപ്പിക്കാതിരുന്നതിനാൽ പാർട്ടിയുമായി അതൃപ്തിയിലാണ് ജി.സുധാകരൻ എന്നായിരുന്നു വാർത്ത. എന്നാൽ, സുധാകരന് ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാൽ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കണ്ട എന്ന കരുതിയാണ് ക്ഷണിക്കാത്തതെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി ആർ.നാസർ വിശദീകരിച്ചിരുന്നു.

ജി. സുധകരനെ മാത്രമല്ല, സി.പി.എമ്മിലെ മറ്റുള്ളവരെയും സ്വാഗതം ചെയ്യുന്നുവെന്നാണ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതികരിച്ചത്. സി.പി.എമ്മിലെ അതൃപ്തരായ മറ്റുളളവരും ബി.ജെ.പിയിലേക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു. സുരേന്ദ്രന്റെ ഈ പ്രസ്താവനകളാണ് ജി.സുധാകരൻ തന്റെ വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയും പാടെ തള്ളിയിരിക്കുന്നത്.

Recent Articles

Related Articles

Special

Enable Notifications OK No thanks