മലപ്പുറം: എടപ്പാളിൽ സിനിമാ ചിത്രീകരണത്തിനിടെ പൊലീസ് വേഷത്തിൽ നില്ക്കുകയായിരുന്ന നടൻ ഷൈൻ ടോം ചാക്കോയെ കണ്ടു പേടിച്ച് ബ്രേക്കിട്ട സ്‌കൂട്ടർ യാത്രികന് വീണു പരുക്കേറ്റു. ഹെൽമറ്റില്ലാതെ വന്ന കെ.പി.റിസ്വാൻ എന്ന യുവാവാണ് നടനെ കണ്ട് പൊലീസ് പരിശോധനയാണെന്നു പേടിച്ച് ബ്രേക്കിടുകയും വീഴുകയും ചെയ്തത്. യുവാവിന്റെ പരുക്ക് ഗുരുതരമല്ല.
സൂത്രധാരൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഞായറാഴ്ച ഉച്ചയ്ക്ക് 1 മണിയോടെയാണു സംഭവം. സമീപത്തുള്ള ഒരു ബാറിലായിരുന്നു ഷൂട്ടിങ്. പൊലീസ് വേഷം ചെയ്യുന്ന ഷൈൻ ടോം ചാക്കോ ഷൂട്ടിങ്ങിന്റെ ഇടവേളയിൽ തൊട്ടടുത്തുള്ള കടയിലേക്കു പോകുമ്പോഴാണ് റിസ്വാൻ കണ്ടു പേടിക്കുകയും വീഴുകയും ചെയ്തത്. മഴ കാരണം റോഡിൽ തെന്നലുണ്ടായിരുന്നു.

അപകടത്തിനു പിന്നാലെ ഷൈൻ ടോം ചാക്കോ തന്നെ യുവാവിനെ വാഹനത്തിൽ കയറ്റി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ചികിത്സയ്ക്ക് ശേഷം യുവാവിനും സുഹൃത്തുക്കൾക്കും ഒപ്പം സെൽഫിയും എടുത്താണ് നടൻ മടങ്ങിയത്. റിസ്വാൻ ഈ ചിത്രം പിന്നീട് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് വൈറലായിട്ടുണ്ട്.