29 C
Trivandrum
Tuesday, April 29, 2025

പെൻഷൻ പ്രായം ഉയർത്തില്ല; ഭരണപരിഷ്‌ക്കാര കമ്മീഷൻ ശുപാർശകൾ ഭേദഗതികളോടെ അംഗീകരിച്ചു

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: പെൻഷൻ പ്രായം 60 ആയി ഉയർത്തണമെന്ന ശുപാർശ അംഗീകരിക്കേണ്ടതില്ലെന്ന് ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.നാലാം ഭരണപരിഷ്‌ക്കാര കമ്മീഷന്റെ ശുപാർശകൾ പരിശോധിക്കാൻ നിയോഗിച്ച ചീഫ് സെക്രട്ടറി അധ്യക്ഷയായ സെക്രട്ടറിതല സമിതിയുടെ ശുപാർശകൾ ഭേദഗതികളോടെ മന്ത്രിസഭാ യോഗം അംഗീകരിച്ചു.

കെ.എസ്.ആർ, കെ.എസ്.ആർ. ആൻഡ് എസ്.എസ്.ആർ., കോണ്ടക്ട് റൂൾസ് എന്നിവ സംയോജിപ്പിച്ച് കേരള സിവിൽ സർവ്വീസ് കോഡ് രൂപീകരിക്കും. ഇതിനായി ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പിനെ ചുമതലപ്പെടുത്തി. സബോഡിനേറ്റ് സർവ്വീസിലും സ്റ്റേറ്റ് സർവ്വീസിലും പ്രൊബേഷൻ ഒരു തവണ മാത്രമാകും. എല്ലാ വകുപ്പുകളും രണ്ട് വർഷത്തിനകം വിശേഷാൽ ചട്ടങ്ങൾ രൂപവത്കരിക്കുന്നതിന് നിർദ്ദേശം നൽകും. പ്രത്യേക ലക്ഷ്യത്തോടുകൂടി സൃഷ്ടിക്കപ്പെടുന്ന തസ്തികകൾ ലക്ഷ്യം പൂർത്തിയായാൽ അവസാനിപ്പിക്കും. പ്രസ്തുത വകുപ്പിലെ ജീവനക്കാരെ ആവശ്യമായ മറ്റ് വകുപ്പുകളിലേക്ക് പുനർവിന്യസിക്കും. സ്ഥലംമാറ്റം സംബന്ധിച്ച തർക്കം പരിഹരിക്കുന്നതിനായി സർവ്വീസ് സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തി സംയുക്ത സമിതി രൂപീകരിക്കും.

ഏതെങ്കിലും തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ പ്രത്യേകമായ പരിജ്ഞാനം ആവശ്യമാണെങ്കിൽ അത് ആർജ്ജിക്കാൻ അർഹതാപരീക്ഷ നടത്തുന്നതിനുള്ള ശുപാർശ തത്വത്തിൽ അംഗീകരിച്ചു. നിയമനാധികാരികൾ എല്ലാ വർഷവും ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യേണ്ടതാണ്. റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ റദ്ദു ചെയ്യാൻ പാടില്ല. തസ്തികകൾ ഒഴിവു വരുന്ന ദിവസം പ്രധാനമായി പരിഗണിക്കണം. റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികകളിൽ എംപ്ലോയ്‌മെൻറ് നിയമനം പാടില്ല. ഓരോ തസ്തികകളിലെയും ഒഴിവുകൾ സ്പാർക്ക് മുഖേന ലഭ്യമാക്കേണ്ടതാണ്. പെൻഷൻ പറ്റുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങൾ സംബന്ധിച്ച കാര്യങ്ങൾ ലഘൂകരിക്കും.

സെക്രട്ടറിയേറ്റിലെ ലിങ്ക് ഓഫീസ് സംവിധാനം എല്ലാ ഓഫീസിലും ഏർപ്പെടുത്തും. ബൈ ട്രാൻസ്ഫർ മുഖേനയുള്ള എല്ലാ നിയമനങ്ങളും പി.എസ്.സി. നടത്തുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കണം. പ്രസ്തുത റാങ്ക് ലിസ്റ്റിന്റെ കാലാവധി, തസ്തികയിലേക്കുള്ള മുഖ്യ ലിസ്റ്റിന്റെ കാലാവധി കഴിയുമ്പോൾ അവസാനിക്കണം. ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്തിട്ടുള്ള തസ്തികകളിൽ നിയമനം വേഗത്തിലാക്കാൻ അംഗപരിമിതർക്കനുസൃതമായി അനുയോജ്യമായ തസ്തികകളെയും യോഗ്യതകളെയും സംബന്ധിച്ച് വ്യക്തത വരുത്തണം. എല്ലാ ജീവനക്കാർക്കും വാർഷിക ആരോഗ്യ പരിശോധന ഏർപ്പെടുത്തും. വിരമിക്കുന്നതിന് ഒരു മാസം മുമ്പ് ജീവനക്കാരൻറെ പേരിലുള്ള അച്ചടക്ക നടപടികൾ പൂർത്തീകരിക്കണമെന്നും തീരുമാനമായി.

Recent Articles

Related Articles

Special

Enable Notifications OK No thanks