മുംബൈ: മഹാരാഷ്ട്രയിൽ മികച്ച ഭൂരിപക്ഷത്തിൽ ഭരണം നിലനിർത്തിയെങ്കിലും പുതിയ മുഖ്യമന്ത്രി ആരാവണമെന്ന കാര്യത്തിൽ മഹായുതി സഖ്യത്തിൽ തർക്കം. ഒറ്റയ്ക്ക് 132 സീറ്റ് നേടിയ ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്‌നാവിസാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നവരിൽ മുമ്പൻ. എന്നാൽ, മുഖ്യമന്ത്രി സ്ഥാനം രണ്ടര വർഷം വീതം പങ്കിടണമെന്നും അതിൽ ആദ്യ പകുതി തങ്ങൾക്കാവണമെന്നും നിലവിലുള്ള മുഖ്യമന്ത്രി ശിവസേനയുടെ ഏകനാഥ് ഷിൻഡെ ആവശ്യപ്പെട്ടു.
Follow the FOURTH PILLAR LIVE channel on WhatsApp
മഹാരാഷ്ട്രയുടെ ദേവേന്ദ്ര ഫഡ്നാവിസിന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എൻ.സി.പി. നേതാവ് അജിത് പവാർ പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്. ഷിൻഡെ അവകാശവാദമുന്നയിച്ച സാഹചര്യത്തിലാണ് ഫഡ്നാവിസ് മുഖ്യമന്ത്രിയാകുന്നതിനെ എതിർക്കില്ലെന്ന് അജിത് പവാർ ബി.ജെ.പി. കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
ഫഡ്‌നാവിസിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആർ.എസ്.എസ്. നേതൃത്വം ബി.ജെ.പി.യോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 288 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിനോടടുത്ത് സീറ്റുകൾ നേടിയ പാർട്ടി എന്ന നിലയിൽ മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കേണ്ടതില്ലെന്ന ശക്തമായ അഭിപ്രായം ബി.ജെ.പിയിൽ ഉയർന്നിട്ടുണ്ട്.
ശിവസേനയെ പിളർത്തി വന്ന ഷിൻഡെയെ കേന്ദ്ര നേതൃത്വം മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിയോഗിച്ചത് അന്നത്തെ പ്രത്യേക സാഹചര്യത്തിലാണെന്നും ഇനിയും അവസരം നൽകേണ്ടതില്ലെന്നുമാണ് ബി.ജെ.പി. സംസ്ഥാന നേതാക്കളുടെ നിലപാട്. മുഖ്യമന്ത്രിയായി സംസ്ഥാന നേതൃത്വത്തിന് ദേവേന്ദ്ര ഫഡ്‌നവിസിന്റെ പേരുമാത്രമേ നിർദേശിക്കാനുള്ളൂവെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ വ്യക്തമാക്കി. അതേസമയം, മുംബൈ, താനെ, നവിമുംബൈ എന്നിവിടങ്ങളിലെ നഗരസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ ആദ്യ രണ്ടര വർഷം ആവശ്യപ്പെട്ട് ഷിൻഡെ പക്ഷം ശക്തമായി രംഗത്തുണ്ട്.
തർക്കം ഉടലെടുത്ത സാഹചര്യത്തിൽ മുന്നണിയിലെ പ്രധാന നേതാക്കളായ ദേവേന്ദ്ര ഫഡ്നാവിസ്, ഏക്നാഥ് ഷിൻഡെ, അജിത് പവാർ എന്നിവർ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്. ഇതിനുശേഷമായിരിക്കും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക.
മഹാരാഷ്ട്ര എൻ.സി.പി. എം.എൽ.എമാർ അജിത് പവാറിനെയും ശിവസേന എം.എൽ.എമാർ ഏകനാഥ് ഷിൻഡെയെയും അതത് പാർട്ടികളുടെ നിയമസഭാ കക്ഷിനേതാക്കളായി കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തിരുന്നു. ബി.ജെ.പി.യുടെ നേതാവിനെ കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുമെന്നാണ് സംസ്ഥാന അധ്യക്ഷൻ ബവൻകുലെ അറിയിച്ചത്.