Follow the FOURTH PILLAR LIVE channel on WhatsApp
പാലക്കാട്: കോണ്‍ഗ്രസിനെ സഹായിക്കാന്‍ ബി.ജെ.പി. രക്ഷകനായി പാലക്കാട് അവതരിച്ചുവെന്ന് പി.സരിന്‍. എല്‍.ഡി.എഫ്. മുന്നോട്ട് വച്ച കണക്കുകളില്‍ ചില തെറ്റുകള്‍ വന്നുവെന്നും നേരിയ പ്രതീക്ഷയാണ് ഉണ്ടായിരുന്നതെന്നും സരിന്‍ വ്യക്തമാക്കി. സ്വതന്ത്ര ചിഹ്നമായ സ്റ്റെതസ്‌കോപ്പ് ആയിരുന്നിട്ടും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ 1,500 വോട്ട് മണ്ഡലത്തില്‍ കൂട്ടി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനെക്കാള്‍ 2,000 വോട്ടും അധികമായി എല്‍.ഡി.എഫിന് ലഭിച്ചെന്നും സരിന്‍ പറഞ്ഞു.
”എല്‍.ഡി.എഫിന്റെ പ്രവര്‍ത്തകര്‍ കഴിഞ്ഞ അഞ്ചാഴ്ചയായി മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്. പാലക്കാട് മുന്‍സിപ്പാലിറ്റിയില്‍ അടക്കം എല്‍.ഡി.എഫിനെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചു. പക്ഷേ മുന്‍സിപ്പാലിറ്റിയില്‍ വലിയ വോട്ട് വര്‍ധന സംഭവിച്ചിട്ടില്ല. അതിന് പ്രധാന കാരണം നിഷ്പക്ഷമായി ചിന്തിച്ച് കൊണ്ടിരുന്ന വോട്ടുകളെ രാഷ്ട്രീയമായി കച്ചവടം ചെയ്യാന്‍ ശ്രമിച്ചുവെന്നതാണ്. കണക്കുകള്‍ അത് വ്യക്തമാക്കുന്നുണ്ട്” -സരിന്‍ പറഞ്ഞു.
”ബിജെപി അറിഞ്ഞുകൊണ്ട് തന്നെ കോണ്‍ഗ്രസിനെ സഹായിക്കാന്‍ രക്ഷകനായി അവതരിച്ചുവെന്നതാണ് യാഥാര്‍ഥ്യം. ആ യാഥാര്‍ഥ്യം ജനങ്ങളുടെ ആഗ്രഹത്തെ മറികടക്കുന്നതായിരുന്നു. എല്‍.ഡി.എഫ്. എന്ന നിലയില്‍ അതിനെ പ്രതിരോധിക്കാന്‍ സാധിച്ചില്ലെന്നത് സ്വയംവിമര്‍ശനം ആയി ഏറ്റെടുക്കുന്നു” -അദ്ദേഹം വ്യക്തമാക്കി.
”ആരാണ് യു.ഡി.എഫിന്റെ താരപ്രചാരകര്‍ ആയി മാറിയത്. എന്താണ് താരപ്രചാര വേലയില്‍ നടന്നത്. തരംതാഴ്ന്ന വര്‍ഗീയതയിലേക്ക് അത് വഴിവിട്ടു പോയി എന്നുള്ളത് വളരെ നിരാശാജനകമായ കാര്യമാണ്. എസ്.ഡി.പി.ഐ. പരസ്യമായി യു.ഡി.എഫിലേക്ക് പ്രവേശിക്കാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ് പാലക്കാട് നിന്ന് ലഭിക്കുന്നത്. എന്താണ് കേരളത്തില്‍ നടക്കുന്നത് എന്നത് കേരളത്തിലെ സാമാന്യജനം മനസിലാക്കുന്നുണ്ട്” -സരിന്‍ തുറന്നടിച്ചു.