Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: പൗരുഷത്വത്തിന്റെ പാരമ്യതയിലൂടെ ഷാജി കൈലാസും രഞ്ജിത്തും അവതരിപ്പിച്ച് പ്രേഷക പ്രശംസ നേടിയ അറയ്ക്കൽ മാധവനുണ്ണി എന്ന കഥാപാത്രം പുതിയ ശബ്ദ-ദൃശ്യവിസ്മയത്തോടെ എത്തുന്നു. 24 വർഷത്തിനു ശേഷമാണ് വല്യേട്ടൻ വീണ്ടും തിയേറ്ററുകളിലെത്തുന്നത്.
അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കരയും അനിൽ അമ്പലക്കരയും ചേർന്നു നിർമ്മിച്ച ഈ ചിത്രം 4 കെ ഫോർമാറ്റിൽ നവംബർ 29ന് പ്രദർശനത്തിനെത്തുകയാണ്. പുതിയ കെട്ടിലും മട്ടിലും എത്തുന്ന വല്യേട്ടന്റെ പുതിയ ട്രെയിലറും പുറത്തിറക്കിയിട്ടുണ്ട്.
നിരവധി ജീവിത ഗന്ധിയായ മുഹൂർത്തങ്ങളിലൂടെ ഉരിത്തിരിയുന്ന വല്യേട്ടൻ വീണ്ടും എത്തുമ്പോൾ അത് മലയാള സിനിമയുടെ വസന്തകാലത്തിന്റെ ഓർമ്മപുതുക്കൽ കൂടിയായിരിക്കും.
മാധവനുണ്ണിയെ മമ്മൂട്ടി ഭദ്രമാക്കുമ്പോൾ നായികയായി എത്തുന്നത് ശോഭനയാണ്. മനോജ് കെ.ജയൻ, സായ്കുമാർ, സിദ്ദിഖ്, വിജയകുമാർ, കലാഭവൻ മണി, എൻ.എഫ്.വർഗീസ്, സുധീഷ്, പൂർണ്ണിമ ഇന്ദ്രജിത്ത് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങൾക്ക് മോഹൻ സിതാരയുടേതാണ് ഈണം. ഛായാഗ്രഹണം രവി വർമ്മനും ചിത്രസംയോജനം എൽ.ഭൂമിനാഥനും നിർവ്വഹിച്ചു.