പാലക്കാട്: പാലക്കാട് നിയോജക മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ ഇരട്ടിപ്പുണ്ടന്ന് ജില്ലാ ഭരണകൂടം കണ്ടെത്തി. ആകെയുള്ള 150 ബൂത്തുകളില്‍ 14 ഇടങ്ങളില്‍ വോട്ടുകള്‍ ഇരട്ടിപ്പുണ്ടെന്ന് സൂക്ഷ്മ പരിശോധനയിലാണ് കണ്ടെത്തിയത്. വോട്ടര്‍ പട്ടിക തയാറാക്കിയ സോഫ്ട്‌വെയറിലെ തകരാര്‍ ആണ് ഇരട്ടിപ്പിന് കാരണം എന്നാണ് വിശദീകരണം.
Follow the FOURTH PILLAR LIVE channel on WhatsApp
പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ജില്ലാ കളക്ടറാണ് വരണാധികാരി കൂടിയായ ആര്‍.ഡി.ഒയെ പരിശോധനയ്ക്ക് ചുമതലപെടുത്തിയത്. ഇരട്ടിച്ചതായി കണ്ടെത്തിയ വോട്ടുകളെ പ്രത്യേക പട്ടികയാക്കി മാറ്റി നടപടിയെടുക്കുമെന്നും ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്നും കളക്ടര്‍ പറഞ്ഞു.
ഇരട്ട വോട്ടുള്ളവരെ പാലക്കാട് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാനദണ്ഡപ്രകാരം വോട്ടു ചെയ്യാന്‍ അനുവദിക്കാമെന്നാണ് കളക്ടറുടെ നിലപാട്. ഇരട്ടവോട്ടുള്ളവര്‍ വോട്ട് ചെയ്യാനെത്തുമ്പോള്‍ ഫോട്ടോ പകര്‍ത്തും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മൊബൈല്‍ ആപ്പില്‍ ഈ ചിത്രം അപ്ലോഡ് ചെയ്യും. സത്യവാങ്മൂലം എഴുതിവാങ്ങും. മറ്റേതെങ്കിലും ബൂത്തില്‍ വീണ്ടും വോട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ നിയമ നടപടി സ്വീകരിക്കും. പാലക്കാടിനു പുറമേ മറ്റേതെങ്കിലും നിയോജക മണ്ഡലത്തില്‍ വോട്ടുള്ളവരുടെ പേര് പാലക്കാട്ടെ പട്ടികയില്‍ നിലനിര്‍ത്തും. ഇവരുടെ മറ്റു മണ്ഡലത്തിലെ വോട്ട് ഒഴിവാക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.
അതേസമയം, പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഇരട്ട വോട്ട് വിവാദം എല്‍.ഡി.എഫ്..സജീവമാക്കിയിട്ടുണ്ട്. ഇരട്ട വോട്ട് ചേര്‍ക്കാന്‍ യു.ഡി.എഫിനും ബിജെപിക്കും കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയ എല്‍.ഡി.എഫ്. കളക്ടര്‍ക്ക് നിവേദനവും നല്‍കി.