കൊച്ചി: തമിഴ്നാട്ടിലെ കുപ്രസിദ്ധമായ കുറുവാ മോഷണ സംഘാംഗങ്ങളായ രണ്ടുപേർ പൊലീസ് പിടിയിൽ. സിനിമയെ വെല്ലുന്ന ആക്ഷൻ ത്രില്ലറിലൂടെയാണ് തമിഴ്‌നാട്ടുകാരായ സന്തോഷ് ശെൽവം, മണികണ്ഠൻ എന്നിവരെയാണ് മണ്ണഞ്ചേരി പൊലീസ് കുണ്ടന്നൂർ തേവര പാലത്തിനുതാഴെ നിന്ന് പിടികൂടിയത്. ജീപ്പിലേക്ക് കയറ്റുന്നതിനിടെ ചാടി രക്ഷപ്പെട്ട സന്തോഷിനെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് തിരികെ പിടികൂടി.
Follow the FOURTH PILLAR LIVE channel on WhatsApp
ഒരിടത്ത് നിന്ന് പരമാവധി മോഷണം നടത്തി ജില്ല വിടുന്നതാണ് കുറുവാ സംഘത്തിന്റെ ശൈലി. എതിർക്കുന്നവരുടെ ജീവനെടുക്കാൻ പോലും മടിക്കാത്ത അപകടകാരികളാണിവർ. പ്രദേശത്ത് സംഘം കൂട്ടംചേർന്ന് താമസിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്. ഇതോടെ സ്ത്രീകളടക്കമുള്ള വലിയ സംഘം പൊലീസിനെ വളഞ്ഞു. സംഘർഷത്തിനിടെയാണ് ഒരാൾ രക്ഷപ്പെട്ടത്. കൈവിലങ്ങോടെ ചാടി രക്ഷപ്പെട്ട സന്തോഷിനായി പൊലീസ് വ്യാപക തിരച്ചിൽ നടത്തി. അഗ്‌നി രക്ഷാസേനയും സ്‌കൂബ സംഘവും സഹായത്തിനെത്തിയിരുന്നു
സന്തോഷിന്റെ ഭാര്യ ജ്യോതി, അമ്മ പൊന്നമ്മ എന്നിവരും മരട് പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇവരാണ് സന്തോഷിന് രക്ഷപ്പെടാൻ പൊലീസ് ജീപ്പിന്റെ ഡോർ തുറന്നുകൊടുത്തത്. നാലു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ സമീപത്തെ പൊന്തക്കാട്ടിൽനിന്നാണ് സന്തോഷിനെ പിടികൂടിയത്. ഇവരെ ചോദ്യംചെയ്യലിനായി ആലപ്പുഴയിലേക്ക് കൊണ്ടുപോയി.
ആലപ്പുഴയുടെ വടക്കൻ മേഖലകളിൽ രണ്ടാഴ്ചയോളമായി മുഖംമൂടി സംഘം വിലസുകയാണ്. പത്തിലേറെ വീടുകളിൽ കള്ളൻ കയറിയിരുന്നു. രണ്ടാഴ്ച്ചക്കിടെ മണ്ണഞ്ചേരിയിലെ നാലു വീടുകളിലാണ് മോഷണം നടന്നത്. കായംകുളത്തും കരിയിലകുളങ്ങരയിലും കുറുവാ സംഘത്തിന്റേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മാത്രം മോഷ്ടാക്കൾ കയറിയത് മൂന്ന് വീടുകളിലാണ്. കോമളപുരം നായ്ക്കാംവെളി അജയകുമാറിന്റെ അയൽവാസി മരിച്ചതിനെ തുടർന്ന് ഈ ഭാഗത്ത് രാത്രി നാട്ടുകാരുടെ സാന്നിധ്യം ഉണ്ടായിരുന്നിട്ടും മോഷ്ടാക്കൾ കയറി.
മണ്ണഞ്ചേരിയിൽ രണ്ടു വീടുകളിൽ വീടിന്റെ അടുക്കളവാതിൽ തകർത്ത് അകത്തുകടന്ന സംഘം ഉറങ്ങുകയായിരുന്ന വീട്ടമ്മമാരുടെ താലിമാലകൾ കവർന്നു. ഒരാളുടെ മൂന്നരപ്പവൻ സ്വർണം നഷ്ടമായി. ഒരാളുടെ മാല മുക്കുപണ്ടമായിരുന്നതിനാൽ വലിയ നഷ്ടം ഒഴിവായി. രണ്ടു വീടുകളിൽ മോഷണശ്രമവും നടന്നു. ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ അടുത്തടുത്ത പ്രദേശങ്ങളിലായിരുന്നു മോഷ്ടാക്കളുടെ വിളയാട്ടം.
മോഷ്ടാക്കളുടെ നിരവധി സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നിലവിൽ ആലപ്പുഴ ഡി.വൈ.എസ്.പി. എം.ആർ.മധുബാബുവിന്റെ നേതൃത്വത്തിൽ ഏഴംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
സിനിമാക്കഥയെ വെല്ലുന്ന പൊലീസ് നടപടി
ആലപ്പുഴയുടെ ഉറക്കം കെടുത്തിയ കുറുവാ സംഘവുമായി നേരിട്ട് ഏറ്റുമുട്ടേണ്ടി വന്നത് കേരളാ പൊലീസിന് പുതിയ അനുഭവമായിരുന്നു. അറസ്റ്റ് ചെയ്ത ആളെ രക്ഷപ്പെടുത്താൻ എത്തിയ സ്ത്രീകളുടെ സംഘത്തിന്റെ അപ്രതീക്ഷിത ആക്രമണം മുതൽ ചതുപ്പിൽ ഒളിഞ്ഞിരുന്ന പ്രതിക്കായുള്ള ദുർഘടം പിടിച്ച യാത്ര വരെ ആക്ഷൻ പടങ്ങളെ വെല്ലുന്ന നിമിഷങ്ങളാണ് പൊലീസ് നേരിട്ടത്.
കുറുവാ സംഘത്തെ കുടുക്കാൻ പൊലീസ് കുറച്ചു ദിവസമായി കഠിനശ്രമത്തിലായിരുന്നു. ലഭിച്ച വിവരമനുസരിച്ച് നടത്തിയ പരിശോധനയ്‌ക്കൊടുവിൽ കസ്റ്റഡിയിലെടുത്ത സന്തോഷ് സെൽവത്തിനെയും മണികണ്ഠനെയും രക്ഷിക്കാൻ എത്തിയത് സ്ത്രീകൾ ഉൾപ്പെട്ട സംഘമാണ്. പൊലീസിനെ ആക്രമിച്ച് ഇവർ സന്തോഷിനെ രക്ഷിച്ചെടുത്തു. എന്നാൽ നാലു മണിക്കൂറുകൾക്കുള്ളിൽ ഇയാളെ മാത്രമല്ല രക്ഷിക്കാൻ ശ്രമിച്ചവരെയും പൊലീസ് കുടുക്കി.
എറണാകുളം കുണ്ടന്നൂർ ഭാഗത്തുനിന്നാണ് സന്തോഷിനെയും മണികണ്ഠനെയും മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി കസ്റ്റഡിയിൽ നിന്ന് ചാടി പോവുകയായിരുന്നു. കുണ്ടന്നൂരിൽ ലെ മെറീഡിയൻ ഹോട്ടലിന് സമീപത്ത് വച്ചാണ് ഇയാൾ രക്ഷപ്പെട്ടത്.
കുണ്ടന്നൂർ പാലത്തിന് താഴെയായിരുന്നു സന്തോഷിന്റെ ഒളിയിടം. പൊലീസ് ജീപ്പിൽനിന്ന് രക്ഷപ്പെട്ട ശേഷം സന്തോഷ് ചെരിവുള്ള പ്രദേശത്തുനിന്ന് താഴേക്ക് ചാടുകയും അവിടെ ഒരു പൊന്തക്കാട്ടിൽ ഒളിച്ചിരിക്കുകയുമായിരുന്നു. തുടർന്ന് മണിക്കൂറുകൾ നടത്തിയ തിരച്ചിലുകൾക്കൊടുവിലാണ് ഇയാളെ കണ്ടെത്തിയത്. ചതുപ്പ് പ്രദേശത്ത് ഒളിച്ചിരിക്കുന്ന പ്രതിയെ കണ്ടെത്താൻ പൊലീസ് അഗ്നിരക്ഷാ സേനയുടെ സഹായം തേടിയിരുന്നു.
പൊലീസിൽനിന്ന് രക്ഷപ്പെടുമ്പോൾ കൈയിൽ വിലങ്ങുണ്ടായിരുന്നതിനാൽ അധികദൂരം പോവാൻ സന്തോഷിന് സാധിച്ചില്ല. ഒരു മനുഷ്യന് നേരെ നിൽക്കാൻ വയ്യാത്തിടത്ത് കുഴി കുത്തി ശരീരം ചുരുക്കി ആ കുഴയിൽ കിടന്ന് പ്ലാസ്റ്റിക്ക് ഷീറ്റുകൾ പുതച്ചാണ് ഇയാൾ ഒളിച്ചത്. പൊലീസ് പിടികൂടുമ്പോൾ ഇയാൾ നഗ്‌നനുമായിരുന്നു.