Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: ബാബറി മസ്ജിദ് വിഷയത്തിൽ കെ.പി.സി.സി. പ്രസിഡന്റിന്റെ നിലപാടാണോ കോൺഗ്രസിനെന്ന് മറ്റ് നേതാക്കൾ വ്യക്തമാക്കണമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ആവശ്യപ്പെട്ടു. ബാബറി മസ്ജിദ് തകർത്തതിനെക്കുറിച്ച് ചോദിക്കുമ്പോൾ ജാംബവാന്റെ കാലത്തെ രാഷ്ട്രീയം പറയേണ്ടതില്ല എന്നാണ് കെ.സുധാകരൻ പറയുന്നത്. ഇതാണോ കോൺഗ്രസിന്റെ നിലപാടെന്നും ധനകാര്യ മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.
ബാബറി മസ്ജിദിന്റെ മിനാരങ്ങൾ ആർ.എസ്.എസ്സുകാർ തകർത്തത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം പ്രസക്തമല്ലാത്ത വിഷയമാണോ? താൻ ആർ.എസ്.എസ്. ശാഖയ്ക്ക് കാവൽ നിന്നിട്ടുണ്ടെന്നും, ബി.ജെ.പിയിലേക്ക് പോകില്ലെന്ന് പറയാനാകില്ലെന്നും മുൻപ് അഭിപ്രായപ്പെട്ടയാളാണ് സുധാകരൻ. ഗോൾവാൾക്കറിന്റെ ചിത്രത്തിന് മുൻപിൽ തിരി കത്തിച്ച ആളാണ് പ്രതിപക്ഷ നേതാവ്.
ആർ.എസ്.എസ്സിനെതിരെ സംസാരിക്കുന്നത് എന്തുകൊണ്ടാണ് കോൺഗ്രസിനെ അസ്വസ്ഥപ്പെടുത്തുന്നത്. ഇന്ത്യൻ മതനിരപേക്ഷതയെ തകർക്കാൻ ശ്രമിക്കുന്ന ആർ.എസ്.എസ്സിനെ ഇങ്ങനെ വല്ലാതെ പ്രീണിപ്പിക്കുന്നത് എന്തിനാണെന്നും ധനമന്ത്രി ചോദിച്ചു.