പാലക്കാട്: ഇനി മുതൽ കോൺഗ്രസിന്റെ സ്‌നേഹത്തിന്റെ കടയിൽ തുടരുമെന്ന് സന്ദീപ് വാര്യർ. ബി.ജെ.പിയുമായി ഇടഞ്ഞ സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു. പാലക്കാട് നടന്ന വാർത്ത സമ്മേളനത്തിൽ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരുടെ നേതൃത്വത്തിൽ, കോൺഗ്രസ് നേതാക്കൾ സന്ദീപിനെ ഷാളണിയിച്ച് പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
ബി.ജെ.പി. വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയെന്ന് സന്ദീപ് വാര്യർ പറഞ്ഞു. ബി.ജെ.പി. ഏകാധിപത്യ പ്രവണതയുള്ള സംഘടനയെന്നും പാർട്ടിയിൽ പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി ചേർന്ന് ബി.ജെ.പി. അഡ്ജസ്റ്റ്‌മെൻറ് രാഷ്ട്രീയം കളിക്കുന്നു. അതിനെതിരെ പ്രതികരിച്ചതാണ് തനിക്കുനേരെ നടപടി സ്വീകരിക്കാൻ കാരണമായത്. മതം തിരഞ്ഞ് പ്രചാരണം നടത്താൻ കഴിയില്ല. സ്‌നേഹത്തിൻറെ കടയിൽ അംഗത്വമെടുക്കുകയാണെന്നും വെറുപ്പിൻറെയും വിദ്വേഷത്തിൻറെയും കോട്ടയിൽനിന്ന് പുറത്തുവന്നതിൻറെ സന്തോഷത്തിലാണ് താനെന്നും സന്ദീപ് പറഞ്ഞു.
ബി.ജെ.പി. വിടാൻ കാരണം സുരേന്ദ്രനും സംഘവുമാണ്. ടെലിവിഷൻ ചർച്ചകളിൽ നിന്നും തന്നെ വിലക്കി. താൻ ബി.ജെ.പിയിൽ നേരിട്ടത് ഒറ്റപ്പെടലെന്നും സന്ദീപ് പറഞ്ഞു. കോൺഗ്രസിന്റെ ആശയമെന്നത് ഇന്ത്യയുടെ ആശയമാണെന്നും അദ്ദേഹം വിലയിരുത്തി.
ഉപതിരഞ്ഞെടുപ്പിൻറെ നിർണ്ണായകഘട്ടത്തിൽ നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച സന്ദീപ് വാര്യർ കടുത്ത പ്രതിസന്ധി ബി.ജെ.പിക്കുണ്ടാക്കിയാണ് പാർട്ടി വിടുന്നത്. പാലക്കാട് സീറ്റ് നിഷേധിച്ചതിനൊപ്പം പാർട്ടിയിൽ നിന്നും നേരിടുന്ന അവഗണനയാണ് സന്ദീപിനെ കൂടുതൽ ചൊടിപ്പിച്ചത്.
എൻ.ഡി.എയുടെ കൺവെൻഷനിൽ പരസ്യമായി അപമാനിച്ചു എന്നു കാണിച്ചാണ് സന്ദീപ് വാര്യർ ബി.ജെ.പിയുമായി ഇടഞ്ഞത്. അനുനയിപ്പിക്കാനുള്ള ബി.ജെ.പി ശ്രമങ്ങൾ ഫലംകണ്ടിരുന്നില്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ പ്രചാരണരംഗത്ത് ബി.ജെ.പി സംസ്ഥാന സമിതി അംഗം കൂടിയായ സന്ദീപിൻറെ അസാന്നിധ്യം ചർച്ചയായിരുന്നു.
നേരത്തെ സന്ദീപ് വാര്യർ ഇടതു പാർട്ടിയിലേക്ക് ചേക്കേറുന്നുവെന്ന അഭ്യൂഹം ശക്തമായിരുന്നു. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉൾപ്പെടെ സന്ദീപ് പാർട്ടിയിലേക്കു വരുന്നതിന് അനുകൂലമായി പ്രതികരിച്ചു. പാർട്ടിയുടെ നയവും പരിപാടിയും അംഗീകരിച്ചാൽ സന്ദീപ് വാര്യരെ സ്വീകരിക്കുമെന്ന് വാർത്ത ചാനലിനു നൽകിയ അഭിമുഖത്തിൽ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.പി. സുരേഷ് രാജ് പ്രതികരിച്ചിരുന്നു. സന്ദീപ് വാര്യരുമായി സംസാരിച്ചുവെന്ന വാർത്തകളും സി.പി.ഐ. തള്ളിയില്ല.