29 C
Trivandrum
Thursday, February 6, 2025

രണ്ട് ഒപ്പും തന്റേതെന്ന് പ്രശാന്ത്; നവീൻ ബാബുവിന്റെ കുടുംബത്തിന്റെ മൊഴിയെടുക്കാൻ പൊലീസ്

കണ്ണൂർ: എ.ഡി.എം. ആയിരുന്ന കെ.നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബത്തിന്റെ മൊഴിയെടുക്കാൻ കണ്ണൂരിൽനിന്ന് പ്രത്യേക അന്വേഷണ സംഘം പത്തനംതിട്ടയിലേക്ക് തിരിച്ചു. കണ്ണൂർ ടൗൺ പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി, എസ്.ഐ. സവ്യസാചി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പത്തനംതിട്ടയിലെത്തി.

Follow the FOURTH PILLAR LIVE channel on WhatsApp 

അതേസമയം നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നു പരാതി നല്കിയ ടി.വി.പ്രശാന്തിനെ വീണ്ടും വിളിച്ചുവരുത്തി അന്വേഷണ സംഘം മൊഴിയെടുത്തു. തനിക്ക് രണ്ട് ഒപ്പുകളുണ്ടെന്നും രണ്ടും തന്റേതാണെന്നും പ്രശാന്ത് പൊലീസിനോട് പറഞ്ഞു. എ.ഡി.എമ്മിനെതിരെ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഒപ്പിട്ടത് താൻ തന്നെയാണെന്ന് പ്രശാന്ത് മാധ്യമങ്ങളോടും പറഞ്ഞു.

പെട്രോൾ പമ്പ് എൻ.ഒ.സിക്ക് വേണ്ടി നൽകിയ അപേക്ഷയിലെ ഒപ്പും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലെ ഒപ്പും വ്യത്യസ്തമായത് സംബന്ധിച്ച വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ആ രണ്ട് ഒപ്പുകളും തന്റേത് തന്നെയാണെന്നാണ് പ്രശാന്ത് പറയുന്നത്.

പെട്രോൾ പമ്പിന് എൻഒസി നൽകുന്നതിന് വേണ്ടി നവീൻ ബാബു കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്നാണ് പ്രശാന്ത് മുഖ്യമന്ത്രിക്ക് അയച്ചതായി പറയപ്പെടുന്ന പരാതിയിലുള്ളത്. ഈ വാദത്തിൽ പ്രശാന്ത് ഉറച്ച് നിൽക്കുകയാണ്.

പി.പി.ദിവ്യ ഉൾപ്പെടെയുള്ളവരുമായി പ്രശാന്ത് നടത്തിയ ഫോൺവിളികളുടെ വിശദവിവരങ്ങൾ പൊലീസ് പ്രശാന്തിൽ നിന്നു ശേഖരിച്ചു. ദിവ്യയുടെ ചില ഫോൺകോൾ സംബന്ധിച്ച് സൈബർസെല്ലിൽനിന്ന് കിട്ടിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു വീണ്ടും മൊഴിയെടുപ്പ്.

നവീൻ ബാബുവിന്റെ കുടംബത്തിന്റെ മൊഴി അന്വേഷണ സംഘം രണ്ടാം തവണയാണ് രേഖപ്പെടുത്തുന്നത്. നവീൻ ബാബു ആത്മഹത്യ ചെയ്തതിന്റെ അടുത്ത ദിവസം അന്വേഷണസംഘം പത്തനംതിട്ടയിൽ എത്തിയിരുന്നു. കുടുംബം വലിയ മനോവിഷമത്തിലായിരുന്നത് കാരണം വിശദമായി മൊഴിയെടുക്കാൻ അന്ന് സാധിച്ചില്ല.

ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തിന് പിന്നിലെ ഗൂഢാലോചനയും അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. തെറ്റുപറ്റിയെന്ന് നവീൻ ബാബു പറഞ്ഞതായുള്ള കണ്ണൂർ കളക്ടർ അരുൺ കെ.വിജയന്റെ മൊഴി കെട്ടിച്ചമച്ചതാണെന്നും അതിന് തെളിവായി ചില കാര്യങ്ങൾ പറയാനുണ്ടെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ വ്യക്തമാക്കിയിരുന്നു. സംഭവത്തിന്റെ തുടക്കത്തിലൊരിടത്തും പറയാത്ത കാര്യങ്ങൾ കേസിന്റെ നിർണായക ഘട്ടത്തിൽ വന്നെന്നാണ് കുടുംബം പറയുന്നത്.

മഞ്ജുഷ, സഹോദരനും അഭിഭാഷകനുമായ കെ.പ്രവീൺ ബാബു, സുഹൃത്തുകൾ എന്നിവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.

Recent Articles

Related Articles

Special

Enable Notifications OK No thanks