ഒറ്റപ്പാലം: സിനിമയെന്ന മായാപ്രപഞ്ചത്തില്‍ അതിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം ശോഭിക്കണമെന്നാഗ്രഹിച്ചു നടക്കുന്ന സാധാരണക്കാരനായ ഒരു യുവാവിന്റെ കഥ അവതരിപ്പിക്കുകയാണ് ജവാന്‍ വില്ലാസ് സ്‌നേഹമുള്ള ഭാര്യയുടെ ദുഷ്ടനായ ഭര്‍ത്താവ് എന്ന ചിത്രം.
പലവ്യഞ്ജന കടകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഓര്‍ഡര്‍ സ്വീകരിച്ച് സാധനങ്ങള്‍ എത്തിച്ചു നല്‍കുന്ന ഒരു കമ്പനിയുടെ ഏരിയ മാനേജറാണ് സത്യനാഥ മേനോന്‍. അദ്ദേഹത്തിന്റെ ഭാര്യയായ ജാനകി ടീച്ചര്‍. നാലാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു മകളുമുണ്ട്. മേനോന്‍ കഥാകൃത്തായും സംവിധായകനായും നായകനായും സിനിമയുടെ സര്‍വ്വമേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ ശ്രമിക്കുന്നതിനിടെ ചില കറുത്ത വിഷയങ്ങള്‍ കടന്ന് വരുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാ പുരോഗതി.
അരുണ്‍ എസ്.ഭാസ്‌കറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. നാലു നായകന്‍മാരില്‍ പ്രധാന നായകനായി വരുന്നതും രചന നിര്‍വ്വഹിക്കുന്നതും ജാഫര്‍ജിയാണ്. ഐശ്വര്യ ജാനകിയാണ് നായിക. മലയാളത്തിലെയും തമിഴിലെയും പ്രശസ്തരായ നടീനടന്‍മാര്‍ക്കൊപ്പം പുതുമുഖങ്ങളും അണിനിരക്കുന്നു.
മോഹന്‍ സിത്താര, ജയേഷ് സ്റ്റീഫന്‍, എന്‍.ശ്രീനാഥ് എന്നിവര്‍ സംഗീതം പകര്‍ന്ന മൂന്ന് ഗാനങ്ങളുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് പരേതനായ യൂസഫലി കേച്ചേരിയും ജാഫര്‍ജിയും പുന്നടിയില്‍ രവികുമാറുമാണ്.
ഛായാഗ്രഹണം -ജി.കെ.നന്ദകുമാര്‍, ചിത്രസംയോജനം -ബിജിത ഗോപാല്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ -മുജീബ് ഒറ്റപ്പാലം, പ്രൊഡക്ഷന്‍ എക്‌സികുട്ടീവ് -സുജിത്ത് അയിനിക്കല്‍, വസ്ത്രാലങ്കാരം -സുനില്‍ റഹ്‌മാന്‍, ചമയം -മനോജ് അങ്കമാലി, കല -വിഷ്ണു നെല്ലായ, പ്രൊഡക്ഷന്‍ ഫിനാന്‍സ് മാനേജര്‍ -രാജേഷ് അടയ്ക്കാ പുത്തൂര്‍.

ഒറ്റപ്പാലം ഫിലിം അക്കാദമി -ഒ.എഫ്.എ. ക്രിയേഷന്‍സിന്റെ ബാനറില്‍ എന്‍.ആര്‍.ഐ. ഫിലിം വര്‍ക്കേഴ്‌സ് അസോസിയേറ്റ്‌സ് അവതരിപ്പിക്കുന്ന പ്രഥമ സംരംഭമായ ഈ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചിംഗ് ഒറ്റപ്പാലത്തു നടന്നു. സുകുമാരി നരേന്ദ്രമേനോന്‍, ഫാത്തിമ്മ ഹസ്സന്‍ എന്നിവര്‍ തുടക്കം കുറിച്ചു. പ്രശസ്ത ഛായാഗ്രഹകനും സംവിധായകനുമായ എന്‍. അഴകപ്പന്‍ ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
2025 ജനുവരി അവസാനം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ ഒറ്റപ്പാലവും തിരുവനന്തപുരവുമാണ്.