തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനു ധനസഹായം നല്‍കുന്നതില്‍ കേരളത്തെ വെട്ടിലാക്കി കേന്ദ്രസര്‍ക്കാരിന്റെ മലക്കം മറിച്ചില്‍. പദ്ധതിക്കായി കേന്ദ്രം ആകെ നല്‍കാമെന്നു പറഞ്ഞിരുന്ന 817.80 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ് ഫണ്ടിങ് (വി.ജി.എഫ്.) വായ്പയായാണു നല്‍കുന്നതെന്നും കേരളം ഇതു പലിശസഹിതം തിരിച്ചടയ്ക്കണമെന്നുമാണു കേന്ദ്രം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
Follow the FOURTH PILLAR LIVE channel on WhatsApp
വി.ജി.എഫ്. ലഭിക്കാന്‍ ത്രികക്ഷി കരാര്‍ ഒപ്പുവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം നടത്തുന്നതിനിടെയാണു കേന്ദ്രത്തിന്റെ നടപടി. തമിഴ്നാട്ടിലെ തൂത്തുക്കുടി തുറമുഖത്തിനു വി.ജി.എഫ്. അനുവദിച്ചപ്പോള്‍ നിഷ്‌കര്‍ഷിക്കാതിരുന്ന ഉപാധികളാണ് വിഴിഞ്ഞത്ത് കേന്ദ്രം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്തിനു വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന കേന്ദ്ര നടപടിക്കെതിരെ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനു മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. തൂത്തുക്കുടി തുറമുഖത്തിന് കേന്ദ്രം നല്‍കിയ അതേ പരിഗണന വിഴിഞ്ഞത്തിന് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ വികസനക്കുതിപ്പില്‍ വിഴിഞ്ഞത്തിന് സുപ്രധാന പങ്കുവഹിക്കാനുണ്ട്. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ ഘട്ടത്തിലെ വി.ജി.എഫ്. തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയില്‍ മാത്രമേ പണം അനുവദിക്കാനാകൂയെന്ന കേന്ദ്ര നിലപാട് പുനഃപരിശോധിക്കണം. പദ്ധതി വിഹിതമായ 8,867 കോടി രൂപയില്‍ 5,595 കോടി രൂപയും സംസ്ഥാനമാണ് നിക്ഷേപം നടത്തുന്നത്.
പബ്ലിക് പ്രൈവറ്റ് പാര്‍ട്ട്ണര്‍ഷിപ്പ് (പി.പി.പി.) മോഡല്‍ പദ്ധതികള്‍ക്കു സഹായം നല്‍കുന്ന വി.ജി.എഫ്. വിഴിഞ്ഞത്തിന് അനുവദിക്കാന്‍ 2015 ഫെബ്രുവരി മൂന്നിനാണു തീരുമാനമെടുത്തത്. തുടര്‍ന്ന് ധനമന്ത്രാലയത്തിനു കീഴിയുള്ള സാമ്പത്തികകാര്യ വകുപ്പ് നിയോഗിച്ച ഉന്നതതല സമിതി യോഗം ചേര്‍ന്ന് 817.80 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഇപ്പോള്‍ വി.ജി.എഫ്. ലഭിക്കാനുള്ള ഉപാധിയായി, കേന്ദ്രം നല്‍കിയ പണം സംസ്ഥാന സര്‍ക്കാര്‍ നെറ്റ് പ്രസന്റ് വാല്യൂ (എന്‍.പി.വി.) പ്രകാരം തിരിച്ചടയ്ക്കണമെന്നാണ് ഉന്നതാധികാര സമിതി നിഷ്‌കര്‍ഷിക്കുന്നതെന്നു മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രസഹായം ഇല്ലാതെ പ്രവര്‍ത്തികമാക്കാന്‍ കഴിയാത്ത പി.പി.പി. നിര്‍മാണങ്ങള്‍ക്കുള്ള ധനസഹായമെന്ന നിലയിലാണ് വി.ജി.എഫ്. നല്‍കേണ്ടതെന്നും വായ്പയായല്ല നല്‍കേണ്ടതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ കേന്ദ്രവും കേരളവും ചേര്‍ന്നാണു നിര്‍മ്മാണ കമ്പനിക്ക് വി.ജി.എഫ്. നല്‍കാമെന്നു സമ്മതിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പണം വായ്പയായി നല്‍കാമെന്ന കേന്ദ്ര നിലപാട് വി.ജി.എഫ്. ആശയത്തിന് എതിരാണ്. 8,867 കോടി ചെലവു വരുന്ന വിഴിഞ്ഞം പദ്ധതിക്ക് കേരളം 5,595 കോടി രൂപയാണ് മുതല്‍മുടക്കുന്നത്. പരിമിതമായ സാമ്പത്തിക ശ്രോതസുകളുള്ള ഒരു ചെറിയ സംസ്ഥാനമായ കേരളത്തിന്റെ സ്ഥിതി അനുസരിച്ച് ഇതുതന്നെ വലിയ നിക്ഷേപമാണ്. ഇതിനു പുറമേ 817.80 കോടി രൂപ കൂടി പലിശ സഹിതം തിരിച്ചടയ്ക്കണമെന്നു പറയുന്നത് സംസ്ഥാനത്തിന് 10,000-12,000 കോടി രൂപയുടെ ബാധ്യത സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
2024 ഡിസംബറില്‍ വിഴിഞ്ഞം തുറമുഖം കമ്മിഷന്‍ ചെയ്യുന്നതോടെ കസ്റ്റംസ് തീരുവ ഇനത്തില്‍ വലിയ വരുമാനമാണ് കേന്ദ്രത്തിനു ലഭിക്കാന്‍ പോകുന്നത്. കസ്റ്റംസ് തീരുവയായി ഒരു രൂപ ഈടാക്കുമ്പോള്‍ 60 പൈസയും കേന്ദ്രത്തിനാണു കിട്ടുക. കേരളത്തിനു കേന്ദ്രനികുതി ഇനത്തില്‍ വെറും മൂന്നു പൈസ മാത്രമാവും ലഭിക്കുക. കുറഞ്ഞ തോതില്‍ കണക്കുകൂട്ടിയാല്‍ പോലും വിഴിഞ്ഞത്തുനിന്നു പ്രതിവര്‍ഷം 10,000 കോടി രൂപയുടെ കസ്റ്റസ് തീരുവ ലഭിക്കും. ഇതോടെ കേന്ദ്രത്തിന് 6,000 കോടി രൂപയുടെ വരുമാനമാണ് പ്രതിവര്‍ഷം ലഭിക്കാന്‍ പോകുന്നത്. പരോക്ഷമായ നേട്ടങ്ങള്‍ രാജ്യത്തിനു വേറെയും ലഭിക്കുമെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നു.
തൂത്തുക്കുടി തുറമുഖത്തിന്റെ ഔട്ടര്‍ ഹാര്‍ബര്‍ പദ്ധതിക്കും കേന്ദ്ര സാമ്പത്തികകാര്യമന്ത്രാലയം 2023 നവംബറില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. വിഴിഞ്ഞത്തിന്റെ മാതൃകയില്‍ തന്നെയാണ് ഈ പദ്ധതിയും നടപ്പാക്കുന്നത്. എന്നാല്‍ ഇവിടെ വി.ജി.എഫ്. തിരിച്ചടയ്ക്കണമെന്ന ഉപാധി ഇല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ വിഴിഞ്ഞത്തിനും അതേ പരിഗണന നല്‍കണമെന്ന് കേന്ദ്ര ധനമന്ത്രിയോടു മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ മലക്കം മറിച്ചിലോടെ വിഴിഞ്ഞം പദ്ധതി പ്രതിസന്ധിയിലേക്കു നീങ്ങുമെന്ന സൂചനയാണു ലഭിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ തീരുമാനം കഴിഞ്ഞ മാസം അവസാനമാണ് കേരള സര്‍ക്കാര്‍ അറിയുന്നത്.