തിരുവനന്തപുരം: പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും ഹോസ്റ്റലുകളിലെയും വിദ്യാര്‍ത്ഥികളുടെ ഏഴാമത് സംസ്ഥാന തല കായികമേള കളിക്കളം 2024 സമാപിക്കുമ്പോള്‍ അതിജീവനത്തിന്റെ കരുത്ത് തെളിയിച്ചിരിക്കുകയാണ് വയനാട്. മത്സരത്തിനെത്തിയ മറ്റു 12 ജില്ലകളെയും പിന്നിലാക്കി ഓരോ ദിനവും ബഹുദൂരം മുന്നേറിയാണ് വയനാട് ജില്ല മുന്നിലെത്തിയത്. അവര്‍ 445 പോയിന്റ് നേടി. രണ്ടാം സ്ഥാനത്ത് 125 പോയിന്റുമായി ആതിഥേയരായ തിരുവനന്തപുരവും മൂന്നാം സ്ഥാനത്ത് 100 പോയിന്റുമായി കണ്ണൂരുമാണ്.
Follow the FOURTH PILLAR LIVE channel on WhatsApp
131 പോയിന്റ് നേടി കണിയാമ്പറ്റ എം.ആര്‍.എസ്. ചാമ്പ്യന്‍മാരായി. 100 പോയിന്റുമായി കണ്ണൂര്‍ എം.ആര്‍.എസ്. റണ്ണര്‍ അപ്പാണ്. വ്യക്തിഗത ചാമ്പ്യന്‍മാരായി ടി.ഡി.ഒ. മാനന്തവാടിയിലെ രഞ്ജിത കെ.ആര്‍., കുളത്തുപ്പുഴ എം.ആര്‍.എസിലെ കൃഷ്ണനുണ്ണി എസ്., കണ്ണൂര്‍ എം.ആര്‍.എസിലെ വിജിത കെ.ബി., തിരുനെല്ലി ആശ്രം എം.ആര്‍.എസിലെ റിനീഷ് മോഹന്‍, കണിയാമ്പറ്റ എം.ആര്‍.എസിലെ അനശ്വര, കണ്ണൂര്‍ എം.ആര്‍.എസിലെ രാഗേഷ് എ.സി. എന്നിവരെ തിരഞ്ഞെടുത്തു.
കിഡ്ഡീസ് വിഭാഗത്തില്‍ കരിന്തളം ഏകലവ്യ എം.ആര്‍.എസിലെ അമൃത എസ്, തിരുനെല്ലി ആശ്രം എം.ആര്‍.എസിലെ അഖിലാഷ് ആര്‍.ആര്‍, സബ് ജൂനിയര്‍ വിഭാഗത്തില്‍ ഇന്റഗ്രേറ്റഡ് ട്രൈബല്‍ ഡെവലപ്പ്‌മെന്റ് പ്രൊജക്റ്റ് ഓഫീസ് കല്‍പ്പറ്റയിലെ ശ്രീബാല, ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസ് മാനന്തവാടിയിലെ നിധീഷ് ആര്‍., ജൂനിയര്‍ വിഭാഗത്തില്‍ കരിന്തളം ഏകലവ്യ എം.ആര്‍.എസിലെ സുബിത ബാബു എം., കുളത്തുപ്പുഴ എം.ആര്‍.എസിലെ കൃഷ്ണനുണ്ണി എസ്., സീനിയര്‍ വിഭാഗത്തില്‍ കണിയാമ്പറ്റ എം.ആര്‍.എസിലെ ലയ കൃഷ്ണന്‍, ഞാറനീലി ഡോ അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ. എം.ആര്‍.എസിലെ രാഹുല്‍ ആര്‍. എന്നിവര്‍ വേഗമേറിയ കായികതാരങ്ങളായി
ചാലക്കുടി എം.ആര്‍.എസിലെ വൈഗ എം.എന്‍., നിലമ്പൂര്‍ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ആശ്രം സ്‌കൂളിലെ ജിതുല്‍ എ. എന്നിവരാണ് വേഗതയേറിയ നീന്തല്‍ താരങ്ങള്‍. കട്ടേല ഡോ.അംബേദ്കര്‍ എം.ആര്‍.എസിലെ അപര്‍ണ എസ്., കണ്ണൂര്‍ എം.ആര്‍.എസിലെ രാഗേഷ് എ.സി. എന്നിവരാണ് മറ്റു മികച്ച നീന്തല്‍ താരങ്ങള്‍. മികച്ച അര്‍ച്ചറായി പൂക്കോട് ഏകലവ്യ എം.ആര്‍.എസിലെ കീര്‍ത്തന സി.കെ., ഞാറനീലി ഡോ.അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ. എം.ആര്‍.എസിലെ രാജീഷ് കെ.ആര്‍., പൂക്കോട് ഏകലവ്യ എം.ആര്‍.എസിലെ പ്രജിഷ്ണ എം.പി., പൂക്കോട് ഏകലവ്യ എം.ആര്‍.എസിലെ അജില്‍ ജയന്‍ എന്നിവരെ തിരഞ്ഞെടുത്തു.
പട്ടിക ജാതി-വര്‍ഗ പിന്നാക്കക്ഷേമ മന്ത്രി ഒ.ആര്‍.കേളുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനം കായിക മന്ത്രി വി.അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ കായിക താരങ്ങളെ ഏറ്റെടുക്കാന്‍ തയ്യാറാണെന്നും താല്പര്യമുള്ളവര്‍ക്ക് അടുത്ത അധ്യായ വര്‍ഷത്തില്‍ ജി.വി.രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം നല്‍കാനും പഠനത്തോടൊപ്പം ആവശ്യമായ പരിശീലനം നല്‍കാനും അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. സമ്മാനദാനവും കായിക മന്ത്രി നിര്‍വ്വഹിച്ചു.