Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണത്തിന് കോടതി മേല്‍നോട്ടം ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദു സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് വിനോദ് ബാബുവാണ് ഹര്‍ജി തള്ളിയത്.
എന്നാല്‍ അന്വേഷണ സംഘത്തിനു ചില നിര്‍ദേശങ്ങള്‍ കോടതി നല്‍കിയിട്ടുണ്ട്. ഈ നിര്‍ദേശങ്ങളും പാലിക്കാന്‍ അന്വേഷണ സംഘം പ്രത്യേക ശ്രദ്ധിക്കണമെന്നും കോടതി പറഞ്ഞു.
സത്യസന്ധമായ അന്വേഷണം നടക്കണം, സാക്ഷികളുടെ മൊഴികളും ശാസ്ത്രീയ തെളിവുകളും അന്വേഷണ സംഘം ശേഖരിക്കണം, ബാഹ്യ ഇടപെടലുകളിലോ സ്വാധീനത്തിലോ വഴങ്ങരുത്, സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കണം എന്നിവയാണ് നിര്‍ദേശങ്ങള്‍. ഇത്തരം നിര്‍ദേശങ്ങള്‍ സ്വീകാര്യമല്ലേയെന്ന് ചോദിച്ചപ്പോള്‍ യദുവിന്റെ അഭിഭാഷകന്‍ അതേയെന്ന് പറഞ്ഞു.
കേസ് ശരിയായ ദിശയില്‍ മുന്നോട്ടു പോകണമെങ്കില്‍ കോടതിയുടെ മേല്‍നോട്ടം അനിവാര്യമാണെന്നായിരുന്നു യദുവിന്റെ ആവശ്യം. മൂന്നു മാസം കൂടുമ്പോള്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നും യദു ആവശ്യപ്പെട്ടിരുന്നു.