മാതൃശിശു ആരോഗ്യത്തിലും കുഞ്ഞുങ്ങളുടെ ശരിയായ വളർച്ച ഉറപ്പ് വരുത്തുന്നതിലും കേരളത്തിന്റേത് സമഗ്രമായ സമീപനം
തിരുവനന്തപുരം: വാഷിങ്ടണിൽ നടന്ന ലോക ബാങ്കിന്റെ വാർഷിക യോഗത്തിൽ കേരളത്തിന് അഭിനന്ദനം. ലോക ബാങ്കിന്റെ വാർഷിക യോഗങ്ങളുടെ ഭാഗമായി കുട്ടികളിലെ പോഷകാഹാരവും വളർച്ചയും സംബന്ധിച്ച ചർച്ചാ വേദിയിലാണ് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെ അഭിനന്ദനം അറിയിച്ചത്. മാതൃശിശു സംരക്ഷണ രംഗത്ത് കേരളം നടത്തുന്ന പ്രവർത്തനങ്ങളെയാണ് അഭിനന്ദിച്ചത്.
Follow the FOURTH PILLAR LIVE channel on WhatsApp
രാജ്യാന്തര തലത്തിൽ പ്രശസ്തയും ആഗോളതലത്തിൽ പുരസ്‌കാര ജേതാവുമായ പ്രമുഖ മാധ്യമ പ്രവർത്തകയും മോഡറേറ്ററും എഴുത്തുകാരിയുമായ റെഡി തൽഹാബിയ കേരളത്തെപ്പറ്റി കൂടുതൽ കാര്യങ്ങൾ മന്ത്രി വീണാ ജോർജിൽ നിന്നും ചോദിച്ചറിഞ്ഞു. ‘മാതൃശിശു ആരോഗ്യത്തിലും കുഞ്ഞുങ്ങളുടെ ശരിയായ വളർച്ച ഉറപ്പ് വരുത്തുന്നതിലും കേരളത്തിന്റേത് സമഗ്രമായ സമീപനമാണ്. ആരോഗ്യ സുരക്ഷയും പോഷകാഹാരവും ഉറപ്പാക്കുന്നത് സംബന്ധിച്ച് കേരളത്തിന് രാഷ്ട്രങ്ങളോടും ഭരണകൂടങ്ങളോടും എന്താണ് പറയാനുള്ളത്? പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ വളർച്ചാ മുരടിപ്പ് എങ്ങനെ പരിഹരിക്കാം എന്നതിൽ…’
കുട്ടികളിലെ വളർച്ചക്കുറവിന്റെ തോത് ഗണ്യമായി കുറയ്ക്കാൻ ഈ കാലഘട്ടത്തിൽ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. അമ്മയുടെ ഗർഭപാത്രത്തിൽ കുഞ്ഞ് രൂപപ്പെടുന്ന കാലഘട്ടം മുതൽ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും കുഞ്ഞിന്റെ വളർച്ചയ്ക്കും ആരോഗ്യ വകുപ്പും വനിത ശിശു വികസന വകുപ്പും നടത്തുന്ന വിവിധ പദ്ധതികളെക്കുറിച്ച് മന്ത്രി വീണാ ജോർജ് പറഞ്ഞു. 270 ദിവസം അമ്മയുടെ ഗർഭപാത്രത്തിൽ, 730 ദിവസം (കുഞ്ഞ് ജനിച്ച് കഴിഞ്ഞ് ആദ്യ രണ്ട് വർഷങ്ങൾ), ഈ ദിവസങ്ങളിൽ കുഞ്ഞിന്റേയും അമ്മയുടെയും ആരോഗ്യത്തിനായുള്ള പ്രത്യേക പരിപാടികൾ, പിന്നീട് കുഞ്ഞിന് മൂന്ന് വയസ് ആകുന്നത് വരെയുള്ള ന്യൂട്രീഷൻ സപ്ലിമെന്റ്, മൂന്ന് മുതൽ ആറു വയസ് വരെ അങ്കണവാടികളിൽ നൽകുന്ന മുട്ടയും പാലും ഉൾപ്പെടെയുള്ള പോഷകാഹാര പിന്തുണ, കുഞ്ഞ് ജനിച്ചയുടനെ നടത്തുന്ന ന്യൂബോൺ സ്‌ക്രീനിംഗ്, ആശമാരും ആർ.ബി.എസ്.കെ. നഴ്സുമാരും ഉൾപ്പെടെ കൃത്യമായ ഇടവേളകളിൽ ശാസ്ത്രീയമായി നടത്തുന്ന പരിശോധനകൾ, ഡിജിറ്റൽ ഡോക്യുമെന്റേഷൻ ഇവയെല്ലാം മന്ത്രി വിശദീകരിച്ചു.
സ്‌ക്രീനിങ്ങും പിന്തുണയും ഉറപ്പാക്കുന്നതിന് ആരോഗ്യ പ്രവർത്തകർ നടത്തുന്ന ഫീൽഡ് വർക്ക് സംബന്ധിച്ച് മന്ത്രി വീണാ ജോർജ് പറഞ്ഞത് ആവർത്തിച്ചു കൊണ്ടാണ് റെഡി തൽഹാബി അടുത്ത പാനലിസ്റ്റിലേക്ക് തിരിഞ്ഞത്. പിന്നീട് മോഡറേറ്റർ റെഡി തൽഹാബിക്ക് മന്ത്രിയിൽ നിന്ന് അറിയേണ്ടിയിരുന്നത് ഇതിന് പണം എങ്ങനെ കണ്ടെത്തുന്നു, ഗ്യാപ്പുകൾ എങ്ങനെ കണ്ടെത്തുന്നു എന്നതൊക്കെയായിരുന്നു. അവസാനത്തെ ചോദ്യവും മന്ത്രിയോടായിരുന്നു. ഒന്നര മിനിട്ടിനുള്ളിൽ പറയാമോ നിങ്ങൾക്ക് എങ്ങനെ ഇതൊക്കെ ഇപ്രകാരം സാധ്യമാകുന്നു? റെഡി തൽഹാബി ചോദിച്ചു. ‘Vision, Policy, Political will, Determination’ (കാഴ്ചപ്പാട്, നയം, രാഷ്ട്രീയ ഇച്ഛാശക്തി, നിശ്ചയദാർഢ്യം) ഇതിന് കേരളത്തിന് ചരിത്രപരവും സാമൂഹ്യവും രാഷ്ട്രീയവുമായ പശ്ചാത്തലവും കാരണവും ഉണ്ട് എന്നു കൂടി മന്ത്രി പറഞ്ഞു.
കുഞ്ഞുങ്ങളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനുള്ള അടിയന്തര ഇടപെടലിന് ലോക രാജ്യങ്ങളോട് ആഹ്വാനം (Growing stronger: An urgent call for improving child nutrition) ചെയ്തുകൊണ്ടുള്ള ചർച്ചയിൽ പാകിസ്താൻ ധനകാര്യ മന്ത്രി മുഹമ്മദ് ഔറംഗസേബ്, യൂറോപ്യൻ കമ്മീഷണർ ഫോർ ഇന്റർനാഷണൽ പാർട്ണർഷിപ്പ് ജുട്ടാ ഉർപ്പിലേനിയൻ, ഇക്വഡോർ ഡെപ്യൂട്ടി മിനിസ്റ്റർ ജുവാൻ കാർലോസ് പാലസിയോസ്, യൂണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസൽ, ലോക ബാങ്ക് സൗത്ത് റീജിയണൽ വൈസ് പ്രസിഡന്റ് മാർട്ടിൻ റെയ്സർ, ഈസ്റ്റ് ഏഷ്യ ആന്റ് പസഫിക് റീജിയണൽ വൈസ് പ്രസിഡന്റ് മാഹുവേല ഫെറോ തുടങ്ങിയവർ പങ്കെടുത്തു.