29 C
Trivandrum
Friday, January 17, 2025

അഞ്ചാം നാള്‍ വെള്ളിയാഴ്ച്ച ടൈറ്റില്‍ പ്രകാശിപ്പിച്ചു

തിരുവനന്തപുരം: കെ.സി.ബിനു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന അഞ്ചാം നാള്‍ വെള്ളിയാഴ്ച്ച എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രകാശിപ്പിച്ചു. തിരുവനന്തപുരം ഫിലിം ഫ്രറ്റേര്‍ണിറ്റിയും മ്യൂസിക്ക് ഫ്രറ്റേര്‍ണിറ്റിയും ചേര്‍ന്നു നടത്തിയ എം.മണി അനുസ്മരണത്തിന്റെ ഭാഗമായി അരോമ ചിത്രങ്ങളിലെ ഗാനങ്ങള്‍ കോര്‍ത്തിത്തിണക്കിയ ‘ധീരസമീരേ..’ ഗാനസ്മൃതി പരിപാടിക്കിടയിലായിരുന്നു ടൈറ്റില്‍ ലോഞ്ച്.

Follow the FOURTH PILLAR LIVE channel on WhatsApp 

നിര്‍മ്മാതാവ് ജി.സുരേഷ് കുമാര്‍, നടനും നിര്‍മ്മാതാവുമായ ദിനേശ് പണിക്കര്‍, ഭാരത് ഭവന്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ടൈറ്റില്‍ പ്രകാശിപ്പിച്ചത്. ട്രിവാന്‍ഡ്രം ഫിലിം ഫ്രറ്റേര്‍ണിറ്റി ചെയര്‍മാന്‍ കൂടിയായ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വിശിഷ്ടാതിഥിയായി.

ട്രിവാന്‍ഡ്രം ഫിലിം ഫ്രറ്റേര്‍ണിറ്റി ചെയര്‍മാന്‍ കൂടിയായ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

കൊടൈക്കനാലിന്റെ പശ്ചാത്തലത്തില്‍ ചുരുള്‍ നിവര്‍ത്തുന്ന ത്രില്ലറാണ് അഞ്ചാം നാള്‍ വെള്ളിയാഴ്ച. കൊല്‍ക്കത്തയില്‍ ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌ക്കാരവും മികച്ച നടനുള്ള പുരസ്‌ക്കാരവും നേടിയ ‘ഹൃദ്യം’ എന്ന ചിത്രത്തിനു ശേഷം കെ.സി.ബിനു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കൊല്‍ക്കത്തയില്‍ മികച്ച നടനുള്ള പുരസ്‌കാരം നേടിയ പുതുമുഖം അജിത് അഞ്ചാം നാള്‍ വെള്ളിയാഴ്ചയിലും പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

കൊടൈക്കനാലിലെ ഒരു റിസോര്‍ട്ടില്‍ എത്തുന്ന വിനോദ സഞ്ചാരികളില്‍ മലയാളി കുടുംബത്തിലെ ഒരംഗത്തിന്റെ മരണമാണ് ഈ ചിത്രത്തിന്റെ കഥാപുരോഗതിയെ മുന്നോട്ടുനയിക്കുന്നത്. ചിത്രത്തിലുടനീളം പ്രേക്ഷകനെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയാണ് അവതരണം.

താരപ്പൊലിമയേക്കാളുപരി കഥയുടെ കെട്ടുറപ്പിനു പ്രാധാന്യം നല്‍കി പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം. അജിത്തും ‘ന്നാ താന്‍ കേസ് കൊട്’ ഫെയിം ഷുക്കൂര്‍ വക്കീലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ ചിത്രത്തില്‍ ശരത്ത് പുരുഷോത്തമന്‍, മാളവിക, റിയാസ്, വിനീഷ് ആറ്റുവായ്, ജിഷ്ണു, സുജാ ജോസ്, ബിനി ജോണ്‍, ബാബു, പ്രവീണ, കാസിം മേക്കുനി, സുരേഷ് പാല്‍ക്കുളങ്ങര, സുനില്‍ ഗരുഡ, അനൂപ് കൗസ്തുഭം, ശ്രീജിത്ത്, ശോഭാ അജിത് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഇരുളര്‍ ഭാഷയിലുള്ള ഒരു ഗാനം ആലപിച്ചിരിക്കുന്നത് നാഞ്ചിയമ്മയാണ്. സായ് കൃഷ്ണയുടേതാണു ഗാനരചന. ഷിജി കണ്ണന്റേതാണ് സംഗീതം. പശ്ചാത്തല സംഗീതം -റോണി റാഫേല്‍, ഛായാഗ്രഹണം -ജിയോ തോമസ്, ചിത്രസംയോജനം -വിപിന്‍ മണ്ണൂര്‍, കലാസംവിധാനം – പേള്‍ ഗ്രാഫി.

ജ്വാലാമുഖി ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

Recent Articles

Related Articles

Special

Enable Notifications OK No thanks