കോഴിക്കോട്: കോണ്‍ഗ്രസിന് എന്തെങ്കിലും സംഭവിച്ചാല്‍ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍. തടി വേണോ, ജീവന്‍ വേണോ എന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു സുധാകരന്‍. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിമതര്‍ക്കെതിരെയാണ് അദ്ദേഹം ഭീഷണി ഉയര്‍ത്തിയത്.
കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ചിലര്‍ കരാറെടുത്താണ് വരുന്നത്. അവര്‍ ഒന്നോര്‍ത്തോളൂ എന്തെങ്കിലും സംഭവിച്ചാല്‍ ഈ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ല. ഈ പാര്‍ട്ടിയോട് കൂറില്ലാത്തവരാണ്. കഷ്ടപ്പെടുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജോലി കൊടുക്കാതെ ആ ജോലി ഇടതുപക്ഷക്കാര്‍ക്കും ബി.ജെ.പിക്കാര്‍ക്കും കൊടുത്ത് പണം വാങ്ങി അതിന്റെ മധുരം നുകരുന്നവരാണ്. അത് അനുവദിക്കില്ല.
ചേവായൂര്‍ സഹകരണ ബാങ്കിനെ മറ്റൊരു കരുവന്നൂര്‍ ബാങ്ക് ആക്കിമാറ്റാന്‍ സമ്മതിക്കില്ല. അട്ടിമറിയിലൂടെ ഇടതു മുന്നണിയെ കൂട്ടുപിടിച്ച് ഭരണം പിടിച്ചെടുക്കാനുള്ള സ്വപ്നം നടക്കില്ല. കോണ്‍ഗ്രസ് തന്നെ അധികാരത്തില്‍വരുമെന്നും പിന്നില്‍നിന്ന് കുത്തിയവരെ വെറുതേവിടില്ലെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതൃത്വത്തിന് ചേവായൂര്‍ തലവേദനയായിട്ട് കുറച്ചുനാളുകളായി. ചേവായൂര്‍ സഹകരണ ബാങ്ക് ചെയര്‍മാന്‍ ജി.സി.പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി നഗരത്തിലെ 53 കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി ഭാരവാഹിത്വത്തില്‍നിന്ന് രാജിവെച്ചു. കെ.പി.സി.സി. അംഗവും കേരള ദളിത് ഫെഡറേഷന്‍ ഡെമോക്രാറ്റിക് സംസ്ഥാന പ്രസിഡന്റുമായ കെ.വി.സുബ്രഹ്‌മണ്യനടക്കമുള്ളവരാണ് രാജിവെച്ചത്. ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രാദേശിക താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി വ്യക്തി താത്പര്യങ്ങള്‍മാത്രം പരിഗണിച്ച് സ്ഥാനാര്‍ഥികളെയും ഭാരവാഹികളെയും നിശ്ചയിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു രാജി.