ടെഹ്റാന്‍: ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഇസ്രായേല്‍ ശനിയാഴ്ച രാവിലെ ശക്തമായ വ്യോമാക്രമണം നടത്തി. ഇതോടെ പശ്ചിമേഷ്യയില്‍ പൂര്‍ണയുദ്ധ സമാനമായ സ്ഥിതിയായി. നേരത്തേ ഒക്ടോബര്‍ ഒന്നിന് ഇറാന്‍ ഇസ്രായേലിനുനേരെ 180ലധികം മിസൈലുകള്‍ തൊടുത്തുവിട്ടിരുന്നു. ഇതിനുള്ള മറുപടിയായാണ് ഇപ്പോഴത്തെ ആക്രണം.
Follow the FOURTH PILLAR LIVE channel on WhatsApp
ഇസ്രായേലിനു നേര്‍ക്ക് തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് പകരമായി ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രയേല്‍ സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി. ‘മറ്റേതു പരമാധികാര രാജ്യത്തെയും പോലെ തിരിച്ചടിക്കാനുള്ള അവകാശം ഇസ്രയേലിനുണ്ട്. ഇസ്രയേലിനെയും ജനങ്ങളെയും പ്രതിരോധിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യും’ -ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി. ഏതു തിരിച്ചടിയും നേരിടാന്‍ തയാറാണെന്നും ഇസ്രായേല്‍ വ്യക്തമാക്കി.
ഇറാന്റെ പ്രതിരോധ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. ടെഹ്‌റാനില്‍ വലിയ സ്‌ഫോടനങ്ങളുണ്ടായതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെഹ്‌റാന്‍ വിമാനത്താവളത്തിന് അടുത്തും സ്‌ഫോടനം നടന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ ഒന്നിലെ ആക്രമണത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇസ്രയേല്‍ ഇറാനില്‍ ആക്രമണം നടത്തിയതിനെക്കുറിച്ച് അറിവുള്ളതായി യു.എസ്. അധികൃതര്‍ വ്യക്തമാക്കി.
ഇറാനു നേരെ ആക്രമണം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനിയന്‍ ഭരണകൂടം പറഞ്ഞിട്ടുണ്ട്. ഇറാനു നേരെ ആക്രമണം നടത്താന്‍ ഇസ്രയേല്‍ തയാറെടുക്കുന്നതായി ചൂണ്ടിക്കാട്ടുന്ന അമേരിക്കന്‍ ഇന്റലിജന്‍സ് രേഖകള്‍ കഴിഞ്ഞയാഴ്ച പുറത്തായിരുന്നു. ഇസ്രയേലിന്റെ സൈനിക തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട ഉപഗ്രഹ ചിത്രങ്ങളും വിശകലനങ്ങളും ഉള്‍പ്പടെയാണ് പുറത്തുവന്നത്. ഇസ്രയേല്‍ ആകാശത്തുവച്ച് വിമാനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതും, വിവിധ സൈനിക ഓപ്പറേഷനുകളെ കുറിച്ചും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുടെ പുനര്‍വിന്യാസത്തെ കുറിച്ചുമെല്ലാം രഹസ്യരേഖകളില്‍ പറയുന്നുണ്ട്.
ഹമാസ് മേധാവി ഇസ്മയില്‍ ഹനിയയെ ടെഹ്റാനില്‍ വച്ചും ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ളയെ ലെബനനില്‍ വച്ചും വധിച്ചത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ക്ക് മറുപടിയായാണ് ഒക്ടോബര്‍ ഒന്നിന് ഇറാന്‍ 181 ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രയേലിലേക്ക് തൊടുത്തത്.