29 C
Trivandrum
Monday, January 13, 2025

കലയന്താനിയുടെ സിനിമാ ഭക്തിഗാനവും ഹിറ്റ്

കൊച്ചി: ക്രൈസ്തവ ഭക്തിഗാനങ്ങൾ രചിച്ച് പ്രശസ്തനായ ബേബി ജോൺ കലയന്താനി എഴുതിയ സിനിമാ ഭക്തിഗാനവും ഹിറ്റ്. ക്രൈസ്തവഭക്തിഗാനങ്ങളിലെ ഹിറ്റുകളായ ഇസ്രായേലിൻ നാഥനായ ദൈവം,. ദൈവത്തെ മറന്നു കുഞ്ഞേ എന്നീ ഗാനങ്ങൾ രചിച്ച് ശ്രദ്ധേയനായ കലയന്താനി സ്വർഗം എന്ന ചിത്രത്തിനു വേണ്ടി എഴുതിയ പാട്ടാണ് ഹിറ്റായിരിക്കുന്നത്. ആദ്യമായാണ് കലയന്താനി സിനിമാപ്പാട്ടെഴുതുന്നത്. റെജീസ് ആന്റണിയാണ് സ്വർഗത്തിന്റെ സംവിധായകൻ.

Follow the FOURTH PILLAR LIVE channel on WhatsApp 

സ്‌നേഹ ചൈതന്യമേ
ജീവ സംഗീതമേ..
കരുണതൻ മലരിതൾ
വിരിയുമീ വേളയിൽ
ഉയരുന്നു സങ്കീർത്തനം
എന്ന ഈ ഗാനമാണിത്.

ജിന്റോ ജോണും, ലിസ്സി കെ.ഫെർണാണ്ടസ്സും ഈണമിട്ട് ഈ ഗാനം പാടിയിരിക്കുന്നത് വിജയ് യേശുദാസും കെ.എസ്.ചിത്രയും ചേർന്നാണ്. മുരിങ്ങൂർ ഡിവൈൻ കേന്ദ്രത്തിൽ വെച്ച് പ്രശസ്ത വചനപ്രഘോഷകനായ ഫാദർ ജോർജ് പനക്കൽ ഈ ഗാനം പ്രകാശനം ചെയ്തു. ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഈ ഗാനം.

ക്രൈസ്തവപശ്ചാത്തലത്തിലൂടെ രണ്ടു കുടുംബങ്ങളെ കേന്ദ്രീകരിച്ച്, ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമാണ് സ്വർഗം. ഒരു കുടുംബ കഥ ക്ലീൻ എന്റർടൈനറായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ചിത്രത്തിൽ അജു വർഗീസ് അവതരിപ്പിക്കുന്ന ജോസുകുട്ടിയും അനന്യ അവതരിപ്പിക്കുന്ന ഭാര്യ സിസിലിയും പാടുന്നതായിട്ടാണ് ഈ ഗാനം ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ജോണി ആന്റണി, മഞ്ജു പിള്ള എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി ഉണ്ട്. വിനീത് തട്ടിൽ, സിജോയ് വർഗീസ്, സാജൻ ചെറുകയിൽ, അഭിരാം രാധാകൃഷ്ണൻ, രഞ്ജിത്ത് കങ്കോൽ, ഉണ്ണിരാജാ, കുടശ്ശനാട് കനകം, പുത്തില്ലം ഭാസി മനോഹരി ജോയ്, തുഷാര പിള്ള, മേരി, മഞ്ചാടി ജോബി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബേബി ജോൺ കലയന്താനി

ഹരിനാരായണൻ സന്തോഷ് വർമ്മ എന്നിവരാണു മറ്റു ഗാനരചയിതാക്കൾ. ബിജിപാലാണ് മറ്റൊരു സംഗീത സംവിധായകൻ. കഥ -ലിസ്റ്റി കെ. ഫെർണാണ്ടസ്, തിരക്കഥ – റെജീസ് ആന്റണി, റോസ് റെജീസ്. ഛായാഗ്രഹണം -എസ്. ശരവണൻ, ചിത്രസംയോജനം -ഡോൺ മാക്‌സ്, കലാസംവിധാനം -അപ്പുണ്ണി സാജൻ, ചമയം -പാണ്ഡ്യൻ, വസ്ത്രാലങ്കാരം -റോസ് റെജീസ്, നിശ്ചല ഛായാഗ്രഹണം – ജിജേഷ് വാടി, പ്രൊഡക്ഷൻ എക്‌സിക്കുട്ടീവ് -ബാബുരാജ് മനിശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ -തോബിയാസ്.

സി.എൻ. ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ലിസ്സി.കെ.ഫെർണാണ്ടസും ടീമും നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം, പാലാ, ഭരണങ്ങാനം, കൊല്ലപ്പള്ളി ഈരാറ്റുപേട്ട, പൂഞ്ഞാർ ഭാഗങ്ങളിലായി പൂർത്തിയായി. ഒക്ടോബർ അവസാനവാരത്തിൽ സ്വർഗം പ്രദർശനത്തിനെത്തും.

Recent Articles

Related Articles

Special

Enable Notifications OK No thanks