തിരുവനന്തപുരം: സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ മലപ്പുറത്തെ മുന്നിലെത്തിക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നു എന്ന് ചില കേന്ദ്രങ്ങൾ നടത്തുന്ന പ്രചാരണം തെറ്റെന്ന് കണക്കുകൾ. സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ കേന്ദ്രസ്ഥാനത്തുള്ളത് സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരം തന്നെയാണ്. ഈ വർഷം ഓഗസ്റ്റ് 31 വരെ തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്ത പ്രഥമ വിവര റിപ്പോർട്ടുകളുടെ (എഫ്.ഐ.ആർ.) എണ്ണം 50,627 ആണ്.
എഫ്.ഐ.ആർ. കണക്കിൽ നാലാം സ്ഥാനം മാത്രമാണ് മലപ്പുറത്തിനുള്ളത് – 32,651. 45,211 എഫ്.ഐ.ആർ. ഉള്ള എറണാകുളം രണ്ടാമതു നില്ക്കുമ്പോൾ 35,211 എണ്ണമുള്ള കൊല്ലമാണ് മൂന്നാം സ്ഥാനത്ത്. സുജിത് ദാസ് ജില്ലാ പൊലീസ് മേധാവിയായിരുന്ന കാലം മുതൽ മലപ്പുറത്ത് കൂടുതൽ കേസ് ഉണ്ടാക്കി അവമതിക്കാനുള്ള ശ്രമം നടക്കുന്നതായി മുസ്ലിം ലീഗ് ഉൾപ്പെടെ ആരോപണം ഉന്നയിച്ചിരുന്നു.
കേരളത്തിൽ 14 ജില്ലകളെ പൊലീസ് ജില്ല കണക്കാക്കുമ്പോൾ 20 എണ്ണമാക്കി വിഭജിച്ചിട്ടുണ്ട്. കോർപ്പറേഷൻ ഉള്ള തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ സിറ്റി ജില്ലകളുണ്ട്. കമ്മീഷണറാണ് ഇവിടെ മേധാവി. ഇതിനു പുറമെ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നിങ്ങനെ റൂറൽ ജില്ലകളുമുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കാസറഗോഡ് റവന്യൂ ജില്ലകളിലും റൂറൽ ജില്ലകളിലും പൊലീസ് സൂപ്രണ്ടുമാരാണ് മേധാവികൾ.
ഇത്തരത്തിൽ പൊലീസ് ജില്ല തിരിച്ചു നോക്കുമ്പോൾ മലപ്പുറത്തെ 32,651 എഫ്.ഐ.ആർ. സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തു വരുന്നുണ്ട്. വനിത, കോസ്റ്റൽ, സൈബർ പൊലീസ് സ്റ്റേഷനുകൾ ഉൾപ്പെടെ മലപ്പുറം ജില്ലയിലെ 37 പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ ഒരുമിച്ചാണ് കണക്കാക്കുക. രണ്ട് പൊലീസ് ജില്ലകളും കുറഞ്ഞ ജനസംഖ്യയുമുള്ള ജില്ലകളെ അപേക്ഷിച്ച് ഇത് കുറവാണ്. 2011 സെൻസസ് പ്രകാരം മലപ്പുറത്തെ ജനസംഖ്യാ നിരക്ക് 41,10,950 ആണ്. 19,79,384 ജനസംഖ്യയുള്ള കോട്ടയം ജില്ലയിൽ ഓഗസ്റ്റ് 31 വരെ 28,091 കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.