Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡല്‍ഹി: മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ പാര്‍ട്ടി കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിപ്പിക്കാന്‍ സി.പി.എം. തീരുമാനിച്ചു. ജനറല്‍ സെക്രട്ടിയായിരുന്ന സീതാറാം യെച്ചൂരി അന്തരിച്ച സാഹചര്യത്തിലാണ് ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗം ഈ തീരുമാനമെടുത്തത്. പാര്‍ട്ടി കോണ്‍ഗ്രസ് വരെയുള്ള കാലത്ത് കേന്ദ്ര കമ്മിറ്റിയുടെയും പി.ബിയുടെയും മേല്‍നോട്ട ചുമതലയാണ് കാരാട്ടിന് നല്‍കിയിരിക്കുന്നത്.
ഏപ്രിലില്‍ തമിഴ്‌നാട്ടിലെ മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പുതിയ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കും. അതുവരെയുള്ള ദൈനംദിന കാര്യങ്ങളുടെയും പാര്‍ട്ടി കോണ്‍ഗ്രസിനാവശ്യമായ സംഘടനാ തയ്യാറെടുപ്പുകളുടെയും ചുമതല പി.ബി. അംഗങ്ങളുള്‍പ്പെട്ട താത്കാലിക സംവിധാനത്തിനായിരിക്കും. കോ-ഓര്‍ഡിനേറ്ററുടെ നേതൃത്വത്തില്‍ പാര്‍ട്ടി സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്ക് കൂട്ടായ ചുമതല നല്‍കാനാണ് സി.പി.എം. പൊളിറ്റ് ബ്യൂറോ യോഗത്തിലുണ്ടായ ധാരണ.