29 C
Trivandrum
Tuesday, February 11, 2025

അൻവറിനെതിരെ ഫോൺ ചോർത്തൽ കേസ്

കോട്ടയം: പി.വി.അൻവർ എം.എൽ.എയ്‌ക്കെതിരെ ഫോൺ ചോർത്തിയതിന് കേസ്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തുകയും ദൃശ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് കലാപത്തിന് ശ്രമിക്കുകയും ചെയ്തു എന്നാണ് കേസ്. ഭാരതീയ ന്യായ സംഹിതയിലെ 192 വകുപ്പ് അനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോട്ടയം നെടുംകുന്നം സ്വദേശി തോമസ് പീലിയാനിക്കൽ നൽകിയ പരാതിയിൽ കറുകച്ചാൽ പോലീസാണ് കേസെടുത്തിരിക്കുന്നത്.

പൊതുസുരക്ഷയെ ബാധിക്കത്ത വിധത്തിൽ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെയും മറ്റും ഫോൺ വിവരങ്ങൾ ടെലികമ്മ്യൂണിക്കേഷൻ സംവിധാനത്തിൽ നിയമവിരുദ്ധമായി കടന്നു കയറി ചോർത്തി. അത് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യമായി വെളിപ്പെടുത്തി പൊതുജനങ്ങൾക്കിടയിൽ പരസ്പരം പകയും ഭീതിയും ഉണ്ടാകുന്നതിനും കലാപം ഉണ്ടാക്കുന്നതിനും വേണ്ടി മാധ്യമങ്ങളെ കണ്ടു” -എഫ്.ഐ.ആറിൽ പറയുന്നു. മലപ്പുറം മുൻ എസ്.പി. സുജിത് ദാസുമായുള്ള ഫോൺ സംഭാഷണവും ചില ഉദ്യോഗസ്ഥരുടെ സംഭാഷണവും അൻവർ നേരത്തെ പുറത്തുവിട്ടിരുന്നു. സംഭാഷണം പുറത്തുവന്നതിനെ തുടർന്ന് സുജിത് ദാസിനെ സർക്കാർ സസ്‌പെൻഡ് ചെയ്തു.

നേരത്തെ, തോമസ് പീലിയാനിക്കൽ പൊലീസ് മേധാവിയ്ക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു. തുടർന്ന്, കറുകച്ചാൽ സ്റ്റേഷനിലെത്തി അദ്ദേഹം മൊഴിയും നൽകി. ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കാൻ അൻവർ ശ്രമിച്ചുവെന്നാണ് ആരോപണം. സ്വകാര്യതയേയും ദേശസുരക്ഷയേയും ബാധിക്കുന്നതാണ് അൻവറിന്റെ നടപടിയെന്നും പരാതിയിൽ പറയുന്നു. ഈ പരാതിയിന്മേലാണ് പൊലീസ് കേസെടുത്ത് നടപടികളുമായി മുന്നോട്ട് പോകുന്നത്.

നിയമപരമായ അനുമതിയില്ലാതെ ഫോൺ ചോർത്തിയത് ഗൗരവതരമായ നടപടിയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ പറഞ്ഞിരുന്നു. ആരോപണങ്ങളിൽ ഫോൺ ചോർത്തൽ സംബന്ധിച്ച് രാജ്ഭവൻ സർക്കാരിനോട് വിശദീകരണം ചോദിക്കുകയും ചെയ്തു. ഫോൺ ചോർത്തൽ മൗലികാവകാശങ്ങളുടെ ലംഘനമാണ്. ഇതിൽ അന്വേഷണം നടക്കുന്നുണ്ടോ എന്നും ഉണ്ടെങ്കിൽ എന്തുനടപടി സ്വീകരിച്ചെന്ന് അറിയണമെന്നും ഗവർണർ ചോദിച്ചു.

Follow the FOURTH PILLAR LIVE channel on WhatsApp 

Recent Articles

Related Articles

Special

Enable Notifications OK No thanks