29 C
Trivandrum
Wednesday, February 5, 2025

കെ.പി.കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

കാസറഗോഡ്: ഉദുമ മുന്‍ എം.എല്‍.എയും കെ.പി.സി.സി. മുന്‍ ജനറല്‍ സെക്രട്ടറിയുമായ കെ പി കുഞ്ഞികണ്ണന്‍(75) അന്തരിച്ചു. ഒക്ടോബര്‍ 4ന് നീലേശ്വരം കരുവാച്ചേരിയിലുണ്ടായ കാറപകടത്തില്‍ അദ്ദേഹത്തിന്റെ വാരിയെല്ലിന് ഗുരുതരമായി പരുക്കേറ്റിരുന്നു. ചികിത്സയ്ക്കുശേഷം വീട്ടില്‍ വിശ്രമത്തിലായിരുന്ന കുഞ്ഞിക്കണ്ണനെ ശ്വാസതടസത്തെത്തുര്‍ന്ന് 16നാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടു ദിവസം മുമ്പ് ആരോഗ്യസ്ഥിതി വഷളായതിനെത്തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി.

Follow the FOURTH PILLAR LIVE channel on WhatsApp 

സംസ്‌കൃത പണ്ഡിതന്‍ ആനിടില്‍ കിഴക്കിനകത്ത് കുഞ്ഞമ്പു പൊതുവാളിന്റെയും കടവത്ത് പുത്തലത്ത് കുഞ്ഞങ്ങ അമ്മയുടെയും മകനായി 1949 സെപ്റ്റംബര്‍ 9ന് കൈതപ്രത്ത് ജനിച്ചു. കെ.കരുണാകരനാണ് കോണ്‍ഗ്രസിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. 1977ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. കാസറഗോഡ് ജില്ല നിലവില്‍ വന്നപ്പോള്‍ ആദ്യത്തെ ഡി.സി.സി. പ്രസിഡന്റായി. 1980ല്‍ തൃക്കരിപ്പൂരില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചുവെങ്കിലും ജയിച്ചില്ല. 1987ല്‍ ഉദുമ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തി. 1991ലും ഉദുമയില്‍ മത്സരിച്ചു.

കെ.കരുണാകരന്‍ ഡി.ഐ.സിക്ക് രൂപം നല്കിയപ്പോള്‍ കുഞ്ഞിക്കണ്ണനും സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കരുണാകരനൊപ്പം തന്നെ കോണ്‍ഗ്രസില്‍ തിരിച്ചെത്തി.

കേരഫെഡ് ചെയര്‍മാന്‍, ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍ ഡയറക്ടര്‍, വൈദ്യുതി ബോര്‍ഡ് അംഗം, പയ്യന്നൂര്‍ കോളജ് മാനേജ്‌മെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റ്, പറക്കളായി പി.എന്‍.പണിക്കര്‍ സഹകരണ ആയുര്‍വേദ മെഡിക്കല്‍ കോളജ് ചെയര്‍മാന്‍ എന്നീ നിലകളിലും നിരവധി സഹകരണ സ്ഥാപനങ്ങളുടെ സ്ഥാപക പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

ഭാര്യ: കെ സുശീല (റിട്ട പ്രധാനാധ്യാപിക, കാറമേല്‍ എ.എല്‍.പി. സ്‌കൂള്‍). മക്കള്‍: കെ.പി.കെ.തിലകന്‍ (പ്രതിപക്ഷ നേതാവിന്റെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി), കെ.പി.കെ.തുളസി. മരുമക്കള്‍: പ്രദീഷ്, അഡ്വ.വീണ എസ് നായര്‍ (തിരുവനന്തപുരം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി).

Recent Articles

Related Articles

Special

Enable Notifications OK No thanks