ന്യൂഡല്‍ഹി: ബംഗളൂരുവില്‍ മുസ്ലിം വിഭാഗക്കാര്‍ കൂടുതലായി താമസിക്കുന്ന പ്രദേശത്തെ പാക്കിസ്താന്‍ എന്നു വിശേഷിപ്പിച്ച കര്‍ണാടക ഹൈക്കോടതി ജഡ്ജിയുടെ നിലപാടിനോടു ശക്തമായി വിയോജിച്ച് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ എസ്.ഖന്ന, ബി.ആര്‍.ഗവായ്, എസ്.കാന്ത്, എച്ച്.റോയ് എന്നിവരാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്. അതേസമയം, കര്‍ണാടക ജഡ്ജി വേദവ്യാസചര്‍ ശ്രീശനന്ദ പരസ്യമായി മാപ്പു പറഞ്ഞതിനാല്‍ അദ്ദേഹത്തിനെതിരെ സ്വമേധയാ എടുത്ത കേസിലെ തുടര്‍നടപടികള്‍ സുപ്രീം കോടതി വേണ്ടെന്നുവച്ചു.
ഇന്ത്യയിലെ ഒരു ഭാഗത്തെയും ‘പാക്കിസ്താന്‍’ എന്നു മുദ്ര കുത്താനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അത്തരം പരാമര്‍ശങ്ങള്‍ രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്നതാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് പറഞ്ഞു. ജഡ്ജിമാര്‍ മുന്‍വിധിയോടെയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കണം. സ്ത്രീവിരുദ്ധവും ഏതെങ്കിലും വിഭാഗത്തിനെതിരായതുമായ പരാമര്‍ശങ്ങള്‍ ജഡ്ജിമാര്‍ നടത്തരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

ജസ്റ്റിസ് വേദവ്യാസചര്‍ ശ്രീശനന്ദ നടത്തിയ പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. അഭിഭാഷകയ്‌ക്കെതിരെ അദ്ദേഹം മോശം പ്രതികരണം നടത്തിയതും വിമര്‍ശിക്കപ്പെട്ടു. ഇതേത്തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ഇടപെടുന്നത്. കര്‍ണാടക ഹൈക്കോടതി രജിസ്ട്രാറോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തു.
തുറന്ന കോടതിയില്‍ ജസ്റ്റിസ് വേദവ്യാസചര്‍ ശ്രീശനന്ദ ഖേദം പ്രകടിപ്പിച്ചതിനാല്‍ തുടര്‍ നടപടികള്‍ ആവശ്യമില്ലെന്ന് അറ്റോര്‍ണി ജനറലും സോളിസിറ്റര്‍ ജനറലും കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് നടപടികള്‍ വേണ്ടെന്ന തീരുമാനത്തിലേക്ക് ഭരണഘടനാ ബെഞ്ച് എത്തിയത്.