തിരുവനന്തപുരം: മൃദുല വികാരങ്ങളെക്കോള്‍ തരളിതമാണ് പ്രണയമെന്ന യാഥാര്‍ത്ഥ്യം. പ്രണയം അനശ്വരമാകുന്നത് നൈരാശ്യം കലരുമ്പോഴാണ്. രമണനെ തലമുറകള്‍ നെഞ്ചേറ്റുന്നത് ആ നൈരാശ്യത്തിന്റെ അനന്തര യാഥാര്‍ത്ഥ്യമാണ്. പ്രായത്തിന്റെ പരിമിതികള്‍ പ്രണയത്തിന് കടമ്പകള്‍ തീര്‍ക്കാറില്ല. കഥയിലായാലും കവിതയിലായാലും സിനിമയിലായാലും നാടകത്തിലായാലും പ്രണയം ആഘോഷിക്കപ്പെടാറുണ്ട്. ഏറ്റെടുക്കപ്പെടാറുണ്ട്. ലിംഗ പ്രായഭേദമന്യേ എല്ലാവരും ആസ്വദിക്കുകയും ചെയ്യാറുമുണ്ട്. വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത ബിജു മേനോന്‍ നായകനായ കഥ ഇന്നുവരെ പ്രണയം പൊഴിച്ച് ഓണക്കാല ചിത്രങ്ങളില്‍ സജീവമായി കൊണ്ടിരിക്കുകയാണ്. നര്‍ത്തകി മേതില്‍ ദേവിക ആദ്യമായി അഭിനയിക്കുന്ന സിനിമയെന്ന പ്രത്യേകതയും കഥ ഇന്നുവരെയ്ക്കുണ്ട്.
Follow the FOURTH PILLAR LIVE channel on WhatsApp
വിവിധ തലങ്ങളിലും സാഹചര്യങ്ങളിലുമായി നടക്കുന്ന വ്യത്യസ്തമായ പ്രണയങ്ങള്‍ ഒടുവില്‍ പ്രധാന പ്രണയത്തിലേക്ക് എത്തുമ്പോള്‍ കൈവഴികള്‍ ഒഴുകി സമുദ്രത്തിലേക്ക് ലയിക്കുന്ന പ്രതീതി സൃഷ്ടിക്കുന്നുണ്ട് സിനിമയില്‍. ഓരോ പ്രണയവും വ്യത്യസ്തമാണെങ്കിലും നായകന്റെയും നായികയുടെയും പ്രണയത്തിന്റെ ഫ്‌ളാഷ് ബാക്കാണോ ചില പ്രണയങ്ങളെന്ന ചിന്ത പ്രേക്ഷകനില്‍ ജനിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. രാമുവെന്ന എട്ടാം ക്ലാസുകാരന്റെ പ്രണയമാണ് നായകനായ രാമചന്ദ്രനെന്ന നായകന്റെ പ്രണയവുമായി പ്രേക്ഷകന്‍ കണക്ട് ചെയ്യുന്നത്. എന്നാല്‍ അതിലെ പ്രണയിനി ജാനകിയല്ല രാമചന്ദ്രന്റെ നായിക. ജാനകിയുടെ കൂട്ടുകാരിയാണോ ഇതെന്ന ചിന്ത തിയേറ്റര്‍ വിട്ടാലും പ്രേക്ഷകന്റെ കൂടെ പോരും. സംവിധായകനും അണിയറ പ്രവര്‍ത്തകരും വ്യക്തമായ ഉത്തരം നല്‍കാത്തിടത്തോളം ഇതൊരു പ്രഹേളികയായി തന്നെ അവശേഷിക്കും.
ഇതുവരെ ചര്‍ച്ച ചെയ്യാത്ത പ്രമേയമൊന്നുമല്ല കഥ ഇന്നുവരെ. പുതുമകളൊന്നുമില്ലാത്ത കാഴ്ചകളും തന്നെയാണ്. എന്നാല്‍ പ്രണയമെന്ന മൃദുല സങ്കല്പത്തെ മനോഹരമായി പ്രേക്ഷകനിലേക്ക് സംവേദിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. അതാണ് സിനിമയെ ആസ്വാദ്യമാക്കുന്നത്. ഫീല്‍ ഗുഡ് വിഭാഗത്തില്‍പ്പെടുത്താന്‍ കഴിയുന്ന സിനിമയില്‍ നായികാനായകന്മാരായ പ്രണയിതാക്കളുടെ പെരുമാറ്റം പ്രധാന ഘടകം തന്നെയാണ്. പ്രണയിനിയുടെ സമ്മതത്തോടെ മാത്രം കരം ഗ്രഹിക്കുന്ന മദ്ധ്യവയസിനോട് അടുക്കുന്ന നായകന്‍ പ്രണയത്തിന്റെ പരിശുദ്ധി വ്യക്തമാക്കുകയും മാംസ നിബദ്ധമല്ല രാഗമെന്ന് സ്ഥാപിക്കുകയും പുതിയ തലമുറയെ പരോക്ഷമായി പരിഹസിക്കുകയും ചെയ്യുന്നു.
കഴിഞ്ഞ രണ്ട് സിനിമകളില്‍ അധികം സംഭാഷണങ്ങളില്ലാത്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച നിഖിലാ വിമലിന് നിറയെ സംഭാഷണമുള്ള ഉമയെ മികച്ചതാക്കാന്‍ കഴിഞ്ഞു. മികച്ച കഥാപാത്രം തന്നെയാണ് നിഖിലയ്ക്ക് ഉമ. അനുശ്രീയുടെ നസീമ സമൂഹത്തില്‍ സാന്നിദ്ധ്യമായ കഥാപാത്രം തന്നെയാണ്. പ്രതിസന്ധികളെ തരണം ചെയ്താല്‍ മാത്രമെ ജീവിതം മുന്നോട്ട് പോകുകയുള്ളൂവെന്ന യാഥാര്‍ത്ഥ്യം നസീമ ഉള്‍ക്കൊള്ളുന്നത് പോലെ ഉള്‍ക്കൊണ്ട് ജീവിക്കുന്ന നിരവധിപേര്‍ പൊതു സമൂഹത്തിലുണ്ടാകും. നാല് പ്രണയങ്ങളിലെയും നായികമാരും നായകന്മാരും തകര്‍ത്തിട്ടുണ്ട്. ജാനകിയായി വന്ന കുട്ടിയും രാമുവായി വന്ന കുട്ടിയും മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നു. ബിജു മേനോന്റെ തന്മയത്വത്തോടെയുള്ള പ്രകടനം പതിവ് പോലെ മികച്ചു നിന്നു. നടനത്തിലെ പരിയസമ്പത്ത് സിനിമയില്‍ പ്രയോജനപ്പെടുത്തിയത് കൊണ്ടാകണം അങ്കലാപ്പില്ലാതെ നായിക ലക്ഷ്മിയായി മേതില്‍ ദേവിക നിറഞ്ഞാടി. അപ്പുണി ശശി ശില്‍പ്പിയായി വീണ്ടും പ്രേക്ഷക പ്രീതി നേടുന്നുണ്ട്. ഹക്കിം ഷാജഹാന്‍, രണ്‍ജി പണിക്കര്‍, കോട്ടയം രമേശ് തുടങ്ങി അഭിനേതാക്കളെല്ലാം മികച്ച നിലവാരം പിന്തുടരുന്നു.
മേപ്പടിയാന് ശേഷമാണ് വിഷ്ണു മോഹന്‍ സംവിധായകനായി കഥ ഇന്നുവരെയിലേക്കെത്തുന്നത്. ഛായാഗ്രാഹകന്‍ ജോമോന്‍ ടി.ജോണ്‍, എഡിറ്റര്‍ ഷമീദ് മുഹമ്മദ്, അനീഷ് പി.ബി., ഹാരിസ് ദേശം, കൃഷ്ണൂര്‍ത്തി എന്നിവരാണ് സിനിമ യാഥാര്‍ത്ഥ്യമാക്കിയത്. മലയാളത്തിലെ പ്രമുഖരായ താരങ്ങളെല്ലാം അഭിനയിച്ച മികച്ച പ്രണയ സിനിമകളിലെ സംഭാഷണങ്ങളോടെയാണ് കഥ ഇന്നുവരെ പുതിയ പ്രണയ ദൃശ്യങ്ങളിലേക്കു കടക്കുന്നത്, ഒപ്പം പ്രേക്ഷകരുടെ മനസ്സുകളിലേക്കും.