29 C
Trivandrum
Monday, June 30, 2025

ബംഗ്ലാദേശ് തോറ്റു, 280 റണ്‍സിന്

Follow the FOURTH PILLAR LIVE channel on WhatsApp 

ചെന്നൈ: പാകിസ്താനില്‍ ഗര്‍ജ്ജിച്ച കടുവ ഇന്ത്യയില്‍ കരഞ്ഞു, പൂച്ചയെപ്പോലെ. പാകിസ്താനെ അവരുടെ നാട്ടില്‍ രണ്ടു ടെസ്റ്റുകളിലും തോല്പിച്ചു പരമ്പര നേടിയ ബംഗ്ലാദേശിന്റെ കടുവകള്‍ ചെന്നൈയില്‍ ഇന്ത്യക്കു മുന്നില്‍ തോറ്റമ്പി. ഒന്നാം ടെസ്റ്റിന്റെ നാലാം ദിനം ആദ്യ സെഷനില്‍ തന്നെ കളി തീര്‍ന്നു. ഇന്ത്യയുടെ ജയം 280 റണ്‍സിന്. നാട്ടുകാരുടെ മുന്നില്‍ ഓള്‍റൗണ്ട് മികവ് പ്രകടമാക്കിയ രവിചന്ദ്രന്‍ അശ്വിനാണ് കളിയിലെ താരം. ഇതോടെ 2 ടെസ്റ്റുകളുള്ള പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലായി.

സ്‌കോര്‍: ഇന്ത്യ 376, 4ന് 287 ഡിക്ലയേര്‍ഡ്. ബംഗ്ലാദേശ് 149, 234.

4ന് 158 എന്ന നിലയില്‍ ഞായറാഴ്ച കളിയാരംഭിച്ച ബംഗ്ലാദേശിന്റെ രണ്ടാമിന്നിങ്‌സ് 234ല്‍ അവസാനിച്ചു. 6 വിക്കറ്റ് നേടിയ അശ്വിനാണ് കടുവകളെ കീറിയത്. ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയുടെ(82) ഇന്നിങ്സ് മാത്രം ബംഗ്ലാദേശ് നിരയില്‍ വേറിട്ടുനിന്നു.

സാക്കിര്‍ ഹസന്‍(33), ശദ്മാന്‍ ഇസ്ലാം(35), മൊമീനുല്‍ ഹഖ്(13), മുഷ്ഫിഖുര്‍ റഹീം(13) എന്നിവര്‍ മൂന്നാം ദിനം തന്നെ പുറത്തായിരുന്നു. തുടര്‍ന്ന് നാലാം ദിനം ഷാക്കിബും ഷാന്റോയും ചേര്‍ന്ന് നേരിയ പ്രതീക്ഷയുള്ള തുടക്കം നല്‍കിയെങ്കിലും, അശ്വിനെത്തി ഈ കൂട്ടുകെട്ട് പൊളിച്ചു. 25 റണ്‍സോടെ ഷാക്കിബ് ആദ്യം മടങ്ങിയപ്പോള്‍, എട്ടാമനായാണ് ഷാന്റോ പുറത്തായത്. ലിറ്റണ്‍ ദാസ്(1), മെഹിദി ഹസന്‍ മിറാസ്(8), തസ്‌കിന്‍ അഹ്‌മദ്(5) എന്നിവരും മടങ്ങിയതോടെ മത്സരത്തിന്റെ വിധിയെഴുത്ത് പൂര്‍ണമായി.

ഒന്നാം ഇന്നിങ്സില്‍ ബാറ്റുകൊണ്ട് ബംഗ്ലാദേശിന്റെ അന്തകരായ അശ്വിനും ജഡേജയും രണ്ടാം ഇന്നിങ്സില്‍ അത് പന്തുകൊണ്ടാക്കി മാറ്റി. 21 ഓവറില്‍ 88 റണ്‍സ് വഴങ്ങിയാണ് അശ്വിന്റെ 6 വിക്കറ്റ് നേട്ടം. 15.1 ഓവറില്‍ 58 റണ്‍സ് വഴങ്ങി രവീന്ദ്ര ജഡേജ 3 വിക്കറ്റെടുത്തു. 2 പേരുടെയും ഓള്‍റൗണ്ട് മികവാണ് നേരത്തെയുള്ള വിജയം സാധ്യമാക്കിയത്. ആദ്യ ഇന്നിങ്സില്‍ 144ന് 6 വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ അശ്വിന്റെ സെഞ്ചുറിയും(113) ജഡേജയുടെ തകര്‍പ്പന്‍ പ്രകടനവും(86) ആണ് രക്ഷിച്ചത്. ഇരുവരും ഏഴാം വിക്കറ്റില്‍ 199 റണ്‍സിന്റെ കൂട്ടകെട്ടുയര്‍ത്തി.

ബുംറ ആദ്യ ഇന്നിങ്സില്‍ നാലും രണ്ടാം ഇന്നിങ്സില്‍ ഒന്നും അടക്കം 5 വിക്കറ്റുകള്‍ നേടി. ആദ്യ ഇന്നിങ്സില്‍ 2 വിക്കറ്റ് നേടിയ ജഡേജയുടെ ആകെ നേട്ടവും അഞ്ചായി. അശ്വിന് ഒന്നാം ഇന്നിങ്സില്‍ വിക്കറ്റ് നേടാന്‍ സാധിച്ചിരുന്നില്ല. ശുഭ്മാന്‍ ഗില്ലിന്റെയും ഋഷഭ് പന്തിന്റെയും സെഞ്ചുറികളായിരുന്നു രണ്ടാം ഇന്നിങ്സിലെ ഇന്ത്യയുടെ ബാറ്റിങ് കരുത്ത്.

സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 1 വരെ കാണ്‍പുരിലെ ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് രണ്ടാം ടെസ്റ്റ്.

Recent Articles

Related Articles

Special