കൊച്ചി: സംസ്ഥാനത്ത് സി.പി.എമ്മിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണായക പങ്കു വഹിച്ച നേതാക്കളില്‍ ഒരാളായിരുന്നു എം.എം.ലോറന്‍സ്. നിലപാടുകളില്‍ ഉറച്ചു നിന്നതിന്റെ പേരില്‍ പലപ്പോഴും തിരിച്ചടികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എങ്കിലും അവസാന കാലം വരെ സി.പി.എമ്മിനൊപ്പം തന്നെ ഉറച്ചു നില്‍ക്കുകയും ചെയ്തു. 1946 ലാണ് എം.എം.ലോറന്‍സ് പാര്‍ട്ടി അംഗത്വമെടുക്കുന്നത്. അതിനു മുമ്പു തന്നെ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് ഒപ്പം നിലകൊണ്ടാണ് പ്രവര്‍ത്തിച്ചിരുന്നത്.
Follow the FOURTH PILLAR LIVE channel on WhatsApp
തുറമുഖ വ്യവസായ തൊഴിലാളികളെയും തോട്ടം തൊഴിലാളികളെയും പാര്‍ട്ടിയിലേയ്ക്ക് അടുപ്പിക്കാന്‍ ലോറന്‍സിന് കഴിഞ്ഞിരുന്നു. തുറമുഖ തൊഴിലാളികളുടെ തൊഴില്‍ ഉറപ്പിന് വേണ്ടിയും കൂലി വര്‍ദ്ധനയ്ക്ക് വേണ്ടിയും ശബ്ദം ഉയര്‍ത്താന്‍ അദ്ദേഹം തയ്യാറായി. ഇതോടെ തൊഴിലാളികള്‍ അദ്ദേഹത്തിനൊപ്പം നിന്നു. ഇതോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നിയന്ത്രണമുള്ള യൂണിയന്‍ സംഘടിപ്പിക്കാന്‍ ലോറന്‍സിന് കഴിഞ്ഞു. ദീര്‍ഘകാലം തുറമുഖ തൊഴിലാളി യൂണിയന്‍ ലോറന്‍സിനൊപ്പം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കീഴില്‍ ശക്തമായി നിലകൊണ്ടു.
സായുധവിപ്ലവത്തിനുള്ള ആഹ്വാനത്തില്‍ ആവേശഭരിതരായി കമ്മ്യൂണിസ്റ്റുകാര്‍ ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചപ്പോള്‍ അതിന് നേതൃത്വം നല്‍കിയവരില്‍ മുന്‍നിരയില്‍ ലോറന്‍സും എത്തി. നക്‌സല്‍ സ്വഭാവം പ്രകടിപ്പിക്കുകയും നക്‌സല്‍ ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുകയും ചെയ്ത ലോറന്‍സിനെ 1950ല്‍ പൊലീസ് അറസ്റ്റ് ചെയ്തു. അതിഭീകരമായ ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ക്കാണ് ആ സമയത്ത് വിധേയനായത്. 22 മാസം ജയിലില്‍ കഴിഞ്ഞു. പിന്നീട് പല ഘട്ടങ്ങളിലായി കരുതല്‍ തടങ്കലിലാക്കപ്പെട്ടു. അടിയന്തരാവസ്ഥക്കാലത്ത് മിസ തടവുകാരനായും മറ്റും ആറുവര്‍ഷത്തോളം ലോറന്‍സ് ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പില്‍ ഒരു തവണ മാത്രമാണ് ജയിക്കാന്‍ കഴിഞ്ഞത്. 1980ല്‍ ഇടുക്കി പാര്‍ലമെന്റ് സീറ്റിലായിരുന്നു വിജയം. 1969ല്‍ കൊച്ചി നഗരസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും പ്രഥമ കൊച്ചി മേയര്‍ തിരഞ്ഞെടുപ്പില്‍ നറുക്കെടുപ്പിലൂടെ സ്ഥാനം കൈവിട്ടുപോയി. 1970ലും 2006ലും നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ എറണാകുളം മണ്ഡലത്തിലും 1977ല്‍ പള്ളുരുത്തിയിലും 1991ല്‍ തൃപ്പൂണിത്തുറയിലും മത്സരിച്ചെങ്കിലും വിജയിക്കാന്‍ സാധിച്ചില്ല. 1984ല്‍ ലോക്സഭാ തിരഞ്ഞെടുപ്പിൽ മുകുന്ദപുരത്തും പരാജയപ്പെട്ടു.
1964 മുതല്‍ 1998 വരെ സി.പി.എം. സംസ്ഥാന സമിതി അംഗവും 1967 മുതല്‍ 1978 വരെ എറണാകുളം ജില്ലാ സെക്രട്ടറിയുമായിരുന്നു. എറണാകുളം ജില്ലയിലെ പാര്‍ട്ടിയുടെ ആദ്യ ജില്ലാ സെക്രട്ടറിയായിരുന്ന ടി.കെ.രാമകൃഷ്ണന്‍ 1967ല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതിനെ തുടര്‍ന്നാണ് ലോറന്‍സ് ജില്ലാ സെക്രട്ടറിയായത്.
1978 മുതല്‍ 1998 വരെ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും 1986 മുതല്‍ 1998 വരെ കേന്ദ്രകമ്മിറ്റി അംഗവുമായിരുന്നു.1986 മുതല്‍ 1998 വരെ പന്ത്രണ്ട് വര്‍ഷം ഇടതുമുന്നണി കണ്‍വീനറായി. പിന്നീട് 1998ല്‍ പാലക്കാട് നടന്ന സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. കടുത്ത വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ ഫലമായിരുന്നു ഈ ഒഴിവാക്കല്‍.
വിഭാഗീയ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നുണ്ടായ അച്ചടക്ക നടപടിയെ തുടര്‍ന്ന് 1998ല്‍ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് എറണാകുളം ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ടു. സി.പി.എമ്മിനെ പിടിച്ചുകുലുക്കിയ സേവ് സി.പി.എം. ഫോറവുമായി ബന്ധപ്പെട്ട വിഭാഗീയ നീക്കങ്ങളില്‍ പാര്‍ട്ടി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. 2002 ല്‍ വീണ്ടും ജില്ലാ കമ്മിറ്റിയില്‍ എത്തി. 2005ലെ മലപ്പുറം സംസ്ഥാന സമ്മേളനത്തില്‍ വീണ്ടും സംസ്ഥാന സമിതിയിലെത്തി. 2015ല്‍ ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനം പ്രായാധിക്യം മുന്‍നിര്‍ത്തി ലോറന്‍സിനെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുകയും ക്ഷണിതാവായി നിലനിര്‍ത്തുകയും ചെയ്തു.