29 C
Trivandrum
Saturday, April 26, 2025

അജിത് കുമാറിനെതിരെയുള്ള അന്വേഷണം അഞ്ച് വിഷയങ്ങളില്‍

Follow the FOURTH PILLAR LIVE channel on WhatsApp 

    • ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് പൊലീസ് മേധാവി

    • അന്വേഷണം അതിവേഗം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: എ.ഡി.ജി.പി. എം.ആര്‍.അജിത് കുമാറിനെതിരെയുള്ള വിജിലന്‍സ് അന്വേഷണം അതിവേഗത്തില്‍ പൂര്‍ത്തിയാക്കി നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. മുഖ്യമന്ത്രി പിണറായി വിജയന് കേരള പൊലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ടില്‍ പി.വി.അന്‍വര്‍ എം.എല്‍.എ. ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തെളിവുകളെ കുറിച്ചും പരാമര്‍ശമുള്ള സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് ലഭിച്ച് മണിക്കൂറുകള്‍ക്കകം വിശദമായ അന്വേഷണ ഉത്തരവ് പുറത്തിറങ്ങിയത്. മുഖ്യമന്ത്രി നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അതിവേഗ നടപടികളുമായി ആഭ്യന്തര വകുപ്പ് മുന്നോട്ട് പോകുന്നത്.

എ.ഡി.ജി.പി. അജിത് കുമാറിനെതിരെയുള്ള അന്വേഷണം അഞ്ച് വിഷയങ്ങളിലാണ്. മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ടായിരുന്ന എസ്.സുജിത് ദാസിനെതിരെയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പി.വി.അന്‍വറിന്റെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് കേരള പൊലീസ് മേധാവി ഡി.ജി.പി. ഷെയ്ഖ് ദര്‍വേസ് സാഹിബ് മുഖമ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരം പ്രാഥമിക അന്വേഷണം നടത്തിയിരുന്നു

ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ ക്യാമ്പ് ഓഫീസില്‍ നിന്നു വിലപിടിപ്പുള്ള മരങ്ങള്‍ മുറിച്ചു കടത്തിയ സംഭവം, രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളില്‍ നിന്നു രക്ഷപ്പെടുത്താന്‍ മറുനാടന്‍ മലയാളി വെബ് പോര്‍ട്ടലുടമ ഷാജന്‍ സ്‌കറിയയില്‍ നിന്നു കൈക്കൂലി വാങ്ങിയ സംഭവം, കള്ളക്കടത്തുകാരെ പിന്തുടര്‍ന്ന് സ്വര്‍ണം പിടിച്ചെടുത്ത് മറിച്ചു വിറ്റുവെന്ന ആരോപണം, കോടികള്‍ വിലമതിക്കുന്ന തലസ്ഥാനത്തെ ഭൂമിയില്‍ കോടികള്‍ ചെലവഴിച്ച് നടത്തുന്ന വീട് നിര്‍മ്മാണം, ഔദ്യോഗിക പദവിയിലിരുന്നുള്ള അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ വിഷയങ്ങളിലാണ് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്.

സ്വര്‍ണക്കടത്തുകാരുമായി ഒത്തു ചേര്‍ന്ന് നടത്തുന്ന സ്വര്‍ണം പൊട്ടിക്കല്‍ സംഭവത്തില്‍ സുജിത് ദാസിനും ഡി.എന്‍.എസ്.എ.എഫ്. ടീമിനെതിരെയും അന്വേഷണം നടത്തണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. അജിത് കുമാറിനോടൊപ്പം സുജിത് ദാസും ഡി.എന്‍.എസ്.എ.എഫ്. ടീമിനെതിരെയും അനധികൃത സ്വത്ത് സമ്പാദനത്തിന് അന്വേഷണം നടത്തണമെന്നും ഉത്തരവില്‍ പറയുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

അടിയന്തര പ്രാധാന്യത്തോടെ അന്വേഷണം നടത്താനാണ് തീരുമാനം. വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത അടുത്ത ദിവസം പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിലായിരിക്കും അന്വേഷണ രീതി തീരുമാനിക്കുക. പ്രത്യേക സംഘത്തെയും തീരുമാനിക്കും. സര്‍ക്കാര്‍ അടിയന്തര പ്രാധാന്യത്തോടെ നടപടി ആവശ്യപ്പെട്ട സാഹചര്യത്തില്‍ അന്വേഷണം അതിവേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് നീക്കം.

Recent Articles

Related Articles

Special

Enable Notifications OK No thanks