Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: മുകേഷ്, ജയസൂര്യ എന്നിവരുള്‍പ്പെടെ ഏഴോളം സിനിമാപ്രവര്‍ത്തകര്‍ക്കെതിരെ പീഡന പരാതിയുമായി രംഗത്തു വന്ന നടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുവായ യുവതി. പരാതിക്കാരിയായ നടിയുടെ ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനിയാണ് ഇപ്പോള്‍ പരാതിയുമായി രംഗത്തു വന്നിരിക്കുന്നത്.
കുറെ പെണ്‍കുട്ടികളെ ഈ നടി ലൈംഗിക അടിമകളാക്കിയെന്നും, നടി സെക്സ് മാഫിയയുടെ ഭാഗമാണെന്നും യുവതി ആരോപിച്ചു. ഇതുസംബന്ധിച്ച് ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും യുവതി പരാതി നല്‍കിക്കഴിഞ്ഞു. 2014ല്‍ ഓഡിഷന്‍ എന്ന പേരില്‍ ചെന്നൈയില്‍ എത്തിച്ച് ഒരു സംഘം ആളുകള്‍ക്ക് കാഴ്ചവച്ചുവെന്നും നടിക്ക് സെക്സ് മാഫിയയുമായി ബന്ധമുണ്ടെന്നുമാണ് യുവതിയുടെ ആരോപണം.
അവര്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ ഈ നടി നിര്‍ബന്ധിച്ചുവെന്നും യുവതി വ്യക്തമാക്കി. തന്റെ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ സമയത്തായിരുന്നു സംഭവമെന്നും അവര്‍ പറഞ്ഞു. ഒരുപാട് പെണ്‍കുട്ടികളെ ഇത്തരത്തില്‍ സെക്സ് മാഫിയയ്ക്ക് കാഴ്ചവച്ചതായി നടി തന്നോട് വെളിപ്പെടുത്തിയെന്നും ബന്ധുവായ യുവതി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ബന്ധുവായ യുവതിയുടേത് വ്യാജ പരാതിയാണെന്ന് നടി വ്യക്തമാക്കി. പലപ്പോഴായി പണം ആവശ്യപ്പെട്ടിട്ടും കൊടുക്കാത്തതില്‍ വിരോധം തീര്‍ക്കുകയാണ് ഇവരെന്നും നടി ആരോപിച്ചു. യുവതിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നടി വ്യക്തമാക്കി.