29 C
Trivandrum
Saturday, March 15, 2025

ഓണത്തിന് വയനാട്ടില്‍ റിയാസിനെന്ത് കാര്യം?

Follow the FOURTH PILLAR LIVE channel on WhatsApp 

കല്പറ്റ: ഓണക്കാലത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന് വയനാട്ടില്‍ എന്ത് കാര്യം? കഴിഞ്ഞ രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യമാണിത്. മുഹമ്മദ് റിയാസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വയനാട്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിഡിയോ പുറത്തു വന്നിരുന്നു. ചിലയിടങ്ങളില്‍ വയനാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ. ടി.സിദ്ദിഖിനെയും കണ്ടിരുന്നു. വയനാട് പുനരധിവാസം സംബന്ധിച്ച് ആക്ഷേപം പ്രതിപക്ഷം രൂക്ഷമായി ഉന്നയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന് നല്‍കിയ നിവേദനത്തിലെ കണക്കുകള്‍ വയനാട്ടില്‍ ചെലവഴിച്ച പണത്തിന്റെ കണക്കാണെന്ന ദൃശ്യമാധ്യമങ്ങളുടെ വ്യാജ വാര്‍ത്താസൃഷ്ടിയെ അധികരിച്ച് പ്രതിപക്ഷ നേതാവ് അടക്കമുള്ള നേതാക്കളും സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു. എന്നിട്ടും റിയാസിനൊപ്പം കോണ്‍ഗ്രസ് എം.എല്‍.എ. ടി.സിദ്ദിഖ് വിഡിയോ ചെയ്തതാണ് ചര്‍ച്ചയായത്.

വയനാട് പുനരധിവാസ നടപടികള്‍ക്കെതിരെ വ്യാപകമായി നടക്കുന്ന പ്രചാരണങ്ങള്‍ വിനോദസഞ്ചാര മേഖലയെയും സാരമായി ബാധിച്ചു. പ്രകൃതി ദുരന്തങ്ങള്‍ സംബന്ധിച്ച വസ്തുതാ വിരുദ്ധ വാര്‍ത്തകളും വിനോദസഞ്ചാര മേഖലയെ പ്രതികൂലമായി ബാധിച്ചു. ഓണം അടക്കമുള്ള ആഘോഷ വേളകളില്‍ ലക്ഷങ്ങളാണ് വയനാട്ടിലേക്ക് എത്തിയിരുന്നത്. എന്നാല്‍ ഇത്തവണ സഞ്ചാരികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു. സാധാരണ കാലങ്ങളില്‍ ഒരു മാസം ഏറ്റവും കുറഞ്ഞത് മൂന്നു ലക്ഷത്തോളം പേരാണ് വയനാട്ടിലേക്ക് എത്തിയിരുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം വയനാട് സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തപ്പോള്‍ ഒരു ദിവസം എത്തിയത് 168 പേര്‍ മാത്രമായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളും സഞ്ചാരികളുടെ എണ്ണം വന്‍ തോതില്‍ ഇടിഞ്ഞു.

വയനാട്ടിലെ കാഴ്ചയ്ക്കൊപ്പം കച്ചവടവും എല്ലാക്കാലത്തും ലാഭകരമായിരുന്നു. ഓരോ ടൂറിസം കേന്ദ്രങ്ങളും പ്രാദേശിക ഉല്പന്നങ്ങളുടെയും ഭക്ഷണസാമഗ്രികളുടെയും നിരവധി വില്പന കേന്ദ്രങ്ങളുമുണ്ടായിരുന്നു. വന ഉത്പന്നങ്ങള്‍ക്കും പ്രാദേശിക ഉത്പന്നങ്ങള്‍ക്കും വന്‍ വില്പനയുമുണ്ടായിരുന്നു. നിരവധി കുടുംബങ്ങളുടെ ജീവനോപാധിയായിരുന്നു ഈ മേഖല. ഇതിനു പുറമെ വന്‍കിട റിസോര്‍ട്ടുകള്‍ മുതല്‍ സാധാരണക്കാരുടെ ഹോം സ്റ്റേകളില്‍ വരെ വന്‍ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. എന്നാല്‍ ഇത്തവണ ഓണക്കാലത്ത് ഈ സ്ഥാപനങ്ങള്‍ മുഴുവന്‍ അടഞ്ഞു കിടന്നു. ഒരു ഇടത്തരം റിസോര്‍ട്ടില്‍ മാത്രം റദ്ദാക്കിയത് 45 ലക്ഷം രൂപയുടെ മുന്‍കൂര്‍ ബുക്കിങ്ങായിരുന്നു. ആറു മാസങ്ങള്‍ക്ക് മുമ്പാണ് ബുക്കിങ്ങുകള്‍ വന്നിരുന്നത്. വയനാട് ദുരന്തത്തിന് ശേഷവും ബുക്കിങ്ങുകളുണ്ടായിരുന്നു. എന്നാല്‍ 70 ശതമാനം മുതല്‍ 90 ശതമാനം വരെ ബുക്കിങ്ങുകളും റദ്ദാക്കപ്പെട്ടിരുന്നു. സ്വകാര്യ ടൂര്‍ ബുക്കിങ് ആപ്പുകളിലെ ബുക്കിങ്ങുകള്‍ക്കും സമാന അനുഭവമാണ് ഉണ്ടായത്.

തദ്ദേശീയരുടെയും അതുവഴി തദ്ദേശ സ്ഥാപനങ്ങളുടെയും വരുമാനത്തില്‍ വന്ന ഈ വലിയ ഇടിവ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് വയനാട്ടില്‍ നേരിട്ട് എത്തി സ്വന്തം ഫേസ്ബുക്ക് വഴി പ്രമോഷന്‍ നടപടികള്‍ സ്വീകരിച്ചത്. ഇത് സമൂഹ മാധ്യമങ്ങളിലാകെ വൈറലാകുകയും ചെയ്തു. ടി.സിദ്ദിഖിന്റെ സാന്നിദ്ധ്യവും അഭിനന്ദിക്കപ്പെട്ടു.

Recent Articles

Related Articles

Special

Enable Notifications OK No thanks