Follow the FOURTH PILLAR LIVE channel on WhatsApp
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി പ്രവചിച്ച് അഭിപ്രായ സര്‍വേ. ലോക് പോളിന്റെ സര്‍വേ പ്രകാരം കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന മഹാവികാസ് അഘാഡിക്കാണ് തിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ ലഭിക്കുക. അവര്‍ 141 മുതല്‍ 154 വരെ സീറ്റുകളാണ് പ്രവചിച്ചിട്ടുള്ളത്. കേവലഭൂരിപക്ഷത്തിന് 145 സീറ്റുകളാണ് വേണ്ടത്.
നിലവിലെ ഭരണസഖ്യമായ മഹായുതിക്ക് 115 മുതല്‍ 128 വരെ സീറ്റുകള്‍ കിട്ടുമെന്ന് ലോക് പോള്‍ കണക്കുകൂട്ടുന്നു. മറ്റുള്ളവര്‍ക്ക് 5 മുതല്‍ 18 വരെ സീറ്റുകള്‍ പ്രവചിക്കപ്പെടുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സഖ്യത്തിന് കനത്ത തിരിച്ചടി നേരിട്ടിരുന്നു. അതേ തിരിച്ചടി നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നാണ് സര്‍വേ പറയുന്നത്. ലോക്‌സഭയിലേറ്റ തിരിച്ചടി മറികടന്ന് മഹാരാഷ്ട്രയിലെ ഭരണം നിലനിര്‍ത്തുക എന്നത് ബി.ജെ.പിയുടെ വലിയ ലക്ഷ്യങ്ങളില്‍ ഒന്നാണ്.
കോണ്‍ഗ്രസ്സിനു പുറമെ ശിവസേന -ഉദ്ധവ് താക്കറെ വിഭാഗം, എന്‍.സി.പി. -ശരദ് പവാര്‍ വിഭാഗം എന്നിവരാണ് മഹാവികാസ് അഘാഡിയിലുള്ളത്. ശിവസേന -ഷിന്‍ഡെ വിഭാഗം, എന്‍.സി.പി. -അജിത് പവാര്‍ വിഭാഗം എന്നിവരാണ് മഹായുതിയില്‍ ബി.ജെ.പിയുടെ പ്രധാന കൂട്ടുകാര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു ശേഷം ബി.ജെ.പി. സഖ്യത്തില്‍ ചില അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. അതിന് ആക്കം കൂട്ടുന്ന വിധത്തിലുള്ളതാണ് ഇപ്പോഴത്തെ അഭിപ്രായ സര്‍വേ ഫലം.