29 C
Trivandrum
Wednesday, April 30, 2025

കേരള രാഷ്ട്രീയത്തില്‍ ഇനി ലൈംഗിക ആരോപണത്തിന്റെ ദിനങ്ങള്‍

Follow the FOURTH PILLAR LIVE channel on WhatsApp 

    • കോണ്‍ഗ്രസ് നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കുമെതിരായ ആരോപണങ്ങള്‍ സജീവമാക്കാന്‍ സി.പി.എം.

തിരുവനന്തപുരം: സിനിമാ രംഗത്തെ ലൈംഗിക ആരോപണങ്ങള്‍ കേരള രാഷ്ട്രീയത്തെ കലുഷിതമാക്കുന്നു. ആരോപണത്തില്‍പ്പെട്ട കൊല്ലം എം.എല്‍.എ. മുകേഷിന്റ രാജി പ്രതിപക്ഷം ആവശ്യപ്പെട്ടതോടെയാണ് രാഷ്ട്രീയ പ്രതിരോധത്തിന് സി.പി.എം. ഒരുങ്ങുന്നത്. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരായി ഉയര്‍ന്ന ആരോപണങ്ങളില്‍ കെ.പി.സി.സി. സ്വീകരിച്ച നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടാണ് സി.പി.എം. തിരിച്ചടിക്കുന്നത്.

ഏറ്റവും ഒടുവില്‍ ബലാല്‍സംഗം, വധശ്രമം തുടങ്ങിയ ക്രിമിനല്‍ കുറ്റങ്ങള്‍ ഉള്‍പ്പടുത്തിയ കുറ്റപത്രം തിരുവനന്തപുരം നെയ്യാറ്റിന്‍കര കോടതിയില്‍ പെരുമ്പാവൂര്‍ എം.എല്‍.എ. എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ അന്വേഷണ സംഘം സമര്‍പ്പിച്ചിട്ടുണ്ട്. അന്വേഷണത്തിനൊടുവില്‍ ഗുരുതരമായ കുറ്റങ്ങള്‍ ചെയ്തതായി കണ്ടെത്തിയെന്ന വിശദീകരണത്തോടെ കുറ്റപത്രം നല്‍കിയിട്ടും എം.എല്‍.എ. സ്ഥാനം രാജിവെയ്ക്കാന്‍ എല്‍ദ്ദോസ് കുന്നപ്പിള്ളിയോ രാജി ആവശ്യപ്പെടാന്‍ കോണ്‍ഗ്രസ് നേതൃത്വമോ തയ്യാറായില്ല. 2023 സെപ്റ്റംബറിലാണ് എല്‍ദോസിനെതിരെ പരാതി ഉയര്‍ന്നത്. അന്ന് അന്വേഷണം നടക്കട്ടെയെന്ന് പ്രതികരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ കോടതി തീരുമാനം വരട്ടെയെന്ന നിലപാടാണ് സ്വീകരിച്ചത്.

അതിക്രമം നടത്തിയെന്നാരോപിച്ച് വീട്ടമ്മ നല്‍കിയ പരാതിയില്‍ കോവളം എം.എല്‍.എ. എ.വിന്‍സെന്റിന് ജയില്‍വാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഈ സമയത്തും എം.എല്‍.എ. രാജിവെയ്ക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് നേതൃത്വം ഉന്നയിച്ചിരുന്നില്ല. കോടതി തീരുമാനം വരട്ടെയെന്നായിരുന്നു പ്രതികരണം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കെ.സി.വേണുഗോപാല്‍, ഹൈബി ഈഡന്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, എ.പി.അബ്ദുള്ളക്കുട്ടി എന്നിവര്‍ ലൈംഗിക ആരോപണം നേരിട്ടിരുന്നു. സോളാര്‍ അഴിമതിക്കേസിലെ മുഖ്യപ്രതി ഇവരുടെയൊക്കെ പേരുകള്‍ വെളിപ്പെടുത്തിയപ്പോഴും സ്ഥാനം രാജിവയ്ക്കാന്‍ കെ.പി.സി.സി. നേതൃത്വം ആവശ്യപ്പെട്ടില്ല.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെയും പരസ്യമായ ലൈംഗിക ആരോപണം ഉയര്‍ന്നിരുന്നു. അന്നും നേതൃത്വം മൗനം പാലിച്ചു. ഇത്രയധികം സംഭവങ്ങളില്‍ മൗനം പാലിച്ച കോണ്‍ഗ്രസ് നേതൃത്വത്തിന് രാജി ആവശ്യപ്പെടാനുള്ള ധാര്‍മ്മികതയില്ലെന്നാണ് സി.പി.എമ്മിന്റെ പക്ഷം. മുകേഷിനെതിരെ ആരോപണങ്ങളുമായി വന്നാല്‍ ഇത്രയധികം നേതാക്കള്‍ക്കെതിരായ പരാതികളും മൊഴികളും സി.പി.എം. സജീവ ചര്‍ച്ചയാക്കും. ഇതോടെ കേരള രാഷ്ട്രീയം ഒരിുക്കല്‍ കൂടി ലൈംഗിക ആരോപണ പ്രത്യാരോപണ വിവാദങ്ങളില്‍ കുടുങ്ങും.

Recent Articles

Related Articles

Special

Enable Notifications OK No thanks