അമ്മാന്‍: ജോര്‍ദാനില്‍ നടക്കുന്ന അണ്ടര്‍-17 ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പെണ്‍കുട്ടികള്‍ നാലു സ്വര്‍ണ മെഡലുകള്‍ സ്വന്തമാക്കി. ആണ്‍കുട്ടികള്‍ രണ്ടു വെങ്കല മെഡലുകളും നേടിയിട്ടുണ്ട്.
Follow the FOURTH PILLAR LIVE channel on WhatsApp
ഇതോടെ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം ആറായി. കഴിഞ്ഞവര്‍ഷത്തെ മത്സരങ്ങളില്‍ ഇന്ത്യക്ക് ഒരു സ്വര്‍ണം, ഏഴു വെള്ളി, മൂന്നു വെങ്കലം എന്നിങ്ങനെ ആകെ 11 മെഡലുകളാണ് നേടാനായിരുന്നത്.
73 കിലോ, 65 കിലോ, 57 കിലോ, 43 കിലോ ഫ്രീസ്‌റ്റൈല്‍ വിഭാഗങ്ങളിലാണ് പെണ്‍കുട്ടികളുടെ മെഡലുകള്‍. പെണ്‍കുട്ടികളുടെ 73 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ മാന്‍സി ലാഥര്‍, 65 കിലോ വിഭാഗത്തില്‍ പുല്‍കിത്, 57 കിലോ വിഭാഗത്തില്‍ നേഹ സങ്വാന്‍, 43 കിലോഗ്രാം വിഭാഗത്തില്‍ അദിതി കുമാരി എന്നിവരാണ് സ്വര്‍ണ മെഡല്‍ ജേതാക്കള്‍.
ഗ്രീക്കോ-റോമന്‍ 110 കിലോ വിഭാഗത്തില്‍ റോനക് ദഹിയ, 51 കിലോ വിഭാഗത്തില്‍ സായ്നാഥ് പര്‍ധി എന്നിവര്‍ വെങ്കലം നേടി. ഓഗസ്റ്റ് 19ന് ആരംഭിച്ച ചാമ്പ്യന്‍ഷിപ്പ് 25 വരെ തുടരും. ആകെയുള്ള 30 ഇനങ്ങളില്‍ 29 ഇനങ്ങളിലും ഇന്ത്യ മത്സരിക്കുന്നുണ്ട്.