29 C
Trivandrum
Wednesday, March 12, 2025

മണിപ്പുർ കലാപത്തിൽ മുഖ്യമന്ത്രി ബിരേൻ സിങ്ങിന് കുരുക്ക് മുറുകുന്നു

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുകുലുക്കിയ മണിപ്പുർ കലാപത്തിൽ ആ നാടു ഭരിക്കുന്ന മുഖ്യമന്ത്രിക്ക് കുരുക്കു മുറുകുന്നു. കലാപത്തിൽ മുഖ്യമന്ത്രി എൻ.ബിരേൻ സിങ്ങിന്റെ പങ്കിനെക്കുറിച്ചുള്ള ഓഡിയോ ടേപ്പുകളിൽ സുപ്രീം കോടതി സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയോട് റിപ്പോർട്ട് തേടിയിരിക്കുകയാണ്.

ബിരേൻ സിങ്ങിന്‌ സംസ്ഥാനത്ത്‌ നടന്ന കലാപത്തിൽ പങ്കുണ്ടെന്ന്‌ തെളിയിക്കുന്ന ചില ഓഡിയോ ക്ലിപ്പുകളിൽ കോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് കുക്കി ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്‌സ് ട്രസ്റ്റ്‌ നൽകിയ റിട്ട് ഹർജിയുടെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന രണ്ടംഗ ബെഞ്ച് റിപ്പോർട്ട് തേടിയത്.

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ്യത്തെ ഏക സമ്പൂർണ്ണ സ്വതന്ത്ര ഫോറൻസിക് സയൻസ് ലാബായ ട്രൂത്ത് ലാബ്സ് ആണ് ഓഡിയോ ക്ലിപ്പുകൾ പരിശോധിച്ചതെന്ന് കുക്കി സംഘടനയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞു. ക്ലിപ്പുകളിലെ ശബ്ദം ബിരേൻ സിങ്ങിൻ്റെ ശബ്ദവുമായി 93 ശതമാനം പൊരുത്തപ്പെടുന്നതായി ലാബ് സാക്ഷ്യപ്പെടുത്തി. ആയുധപ്പുരയിൽ നിന്ന് ആയുധങ്ങൾ കൊള്ളയടിക്കാൻ മെയ്‌തീ ജനതയെ അനുവദിച്ചുവെന്നും അവരെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് താൻ സംരക്ഷിച്ചുവെന്നും മുഖ്യമന്ത്രി പറയുന്നുണ്ടെന്നും ഓഡിയോ ക്ലിപ്പിന്റെ ട്രാൻസ്ക്രിപ്റ്റ് ഉദ്ധരിച്ച് പ്രശാന്ത് ഭൂഷൺ പറഞ്ഞു.

2024 നവംബറിൽ മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഓഡിയോ ക്ലിപ്പുകളുടെ ആധികാരികത തെളിയിക്കുന്ന വസ്തുക്കൾ ഹാജരാക്കാൻ ആവശ്യപ്പെട്ടതിന് പിന്നാലെ കുക്കി സംഘടന ട്രൂത്ത് ലാബ് റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. ഓഡിയോ ക്ലിപ്പുകൾ പരിശോധിക്കുന്ന ഏതൊരു സർക്കാർ ഏജൻസിയേക്കാളും ട്രൂത്ത് ലാബ്സ് റിപ്പോർട്ട് വിശ്വസനീയമാണെന്ന് പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി. മണിപ്പൂർ സംസ്ഥാനത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യയുടെ തുഷാർ മേത്ത, ക്ലിപ്പുകൾ അന്വേഷണത്തിനായി അയച്ചിട്ടുണ്ടെന്നും വിഷയവുമായി ബന്ധപ്പെട്ട് ഫയൽ ചെയ്ത എഫ്.ഐ.ആറിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും പറഞ്ഞു.

200ലേറെ പേര്‍ കൊല്ലപ്പെട്ട, പതിനായിരങ്ങളെ അഭയാർഥികളാക്കിയ മണിപ്പുർ കലാപം കൈകാര്യം ചെയ്യുന്നതിലുണ്ടായ ഗുരുതരമായ വീഴ്‌ചകൾക്ക്‌ മുഖ്യമന്ത്രി ബിരേൻ സിങ് മാപ്പുപറഞ്ഞിരുന്നു. അറുതിയില്ലാത്ത കലാപം ഒന്നരവർഷം പിന്നിട്ടശേഷമായിരുന്നു കുറ്റസമ്മതം. 2023 മെയിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൻ്റെ അലയൊലികൾ ഇപ്പോഴും തുടരുകയാണ്.

ഈ കേസ് മാർച്ച് 24ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.

Recent Articles

Related Articles

Special

Enable Notifications OK No thanks