29 C
Trivandrum
Friday, March 14, 2025

വിഴിഞ്ഞത്ത് പ്രത്യേക സാമ്പത്തിക മേഖല വികസിപ്പിക്കാന്‍ അദാനി

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: മുന്ദ്ര തുറമുഖത്തിന്റെ മാതൃകയില്‍ വിഴിഞ്ഞത്ത് പ്രത്യേക സാമ്പത്തിക മേഖല (സെസ്) വികസിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് അദാനി പോര്‍ട്സ് സെസ് കണ്ടെയ്നര്‍ ബിസിനസ് മേധാവി ഹരികൃഷ്ണന്‍ സുന്ദരം പറഞ്ഞു. വിഴിഞ്ഞം കോൺക്ലേവിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.

തുറമുഖത്തെ അടിസ്ഥാനമാക്കിയുള്ള വികസനത്തിന് ഒരു വ്യാവസായിക ആവാസവ്യവസ്ഥ സജ്ജമാക്കേണ്ടത് വളരെ അവശ്യമാണ്. ഇന്ത്യയിലെ ഒരു തുറമുഖവും പ്രവര്‍ത്തനമാരംഭിച്ച ആദ്യ വര്‍ഷത്തിനുള്ളില്‍ 1 ദശലക്ഷം ടി.ഇ.യു. കൈകാര്യം ചെയ്തിട്ടില്ല. ഇത് വിഴിഞ്ഞത്തിന്റെ അപാരമായ സാധ്യതകളാണ് തുറന്നുകാട്ടുന്നത്.

ജെബല്‍ അലി തുറമുഖം യു.എ.ഇയുടെ വളര്‍ച്ചയ്ക്ക് ഊര്‍ജമേകിയത് പോലെ, കേരളത്തിന് സാമ്പത്തിക വ്യവസായിക വളര്‍ച്ചയ്ക്ക് വിഴിഞ്ഞം ഉത്‌പ്രേകരമാകും. വിഴിഞ്ഞത്തിന്റെ വളര്‍ച്ച സുഗമമാക്കുന്നതിന്, സെസ്, ലോജിസ്റ്റിക്സ് ഹബ്ബുകള്‍, വെയര്‍ഹൗസുകള്‍ എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ അദാനി പോര്‍ട്സ് ലക്ഷ്യമിടുന്നുവെന്ന് ഹരികൃഷ്ണന്‍ സുന്ദരം വ്യക്തമാക്കി.

വിഴിഞ്ഞം തുറമുഖത്തേക്കുള്ള ചരക്കുനീക്കം സുഗമമാക്കാൻ കോവളം മുതൽ ബേക്കൽ വരെയുള്ള ഉൾനാടൻ ജലപാത പ്രവർത്തനക്ഷമമാക്കുന്നതിൽ സംസ്ഥാന സർക്കാർ അതീവ ശ്രദ്ധ ചെലുത്തുന്നതായി കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെ.എസ്‌.ഐ.എൻ.സി.) എം.ഡി. ആർ.ഗിരിജ പറഞ്ഞു. ആക്കുളത്തിനും ചേറ്റുവയ്ക്കും ഇടയിലുള്ള ജലപാത 6 മാസത്തിനുള്ളിൽ സഞ്ചാരയോഗ്യമാക്കാനാകുമെന്ന് അവർ അറിയിച്ചു.

വിഴിഞ്ഞം തുറമുഖത്ത് കസ്റ്റംസ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ ഗോമതി വ്യക്തമാക്കി. തുറമുഖത്ത് കസ്റ്റംസിന്റെ പ്രവര്‍ത്തനം വളരെ പരിമിതമാണ്. പ്രധാനമായും കപ്പലുകള്‍ക്ക് എന്‍ട്രി, എക്‌സിറ്റ് ക്ലിയറന്‍സ് അനുവദിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

വിഴിഞ്ഞത്ത് ഇലക്ട്രോണിക് ഡാറ്റാ ഇന്റര്‍ചേഞ്ച് (ഇ.ഡി.ഐ.) കണക്റ്റിവിറ്റിയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത് പരിഹരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഗോമതി പറഞ്ഞു. സുരക്ഷാ നടപടികള്‍ ശക്തിപ്പെടുത്തുന്നതിന് അധിക ജീവനക്കാരെ വിന്യസിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Recent Articles

Related Articles

Special

Enable Notifications OK No thanks