29 C
Trivandrum
Friday, March 14, 2025

മുല്ലപ്പെരിയാറിൽ കേരളത്തിന് നേട്ടം; സുരക്ഷാചുമതല ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക്

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡല്‍ഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളത്തിന് നേട്ടം. അണക്കെട്ടിന്റെ സുരക്ഷാകാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറി. അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഗണിക്കാന്‍ പുതിയ മേല്‍നോട്ട സമിതിയും കേന്ദ്രം രൂപവത്കരിച്ചു. ദേശീയ ഡാം സുരക്ഷാ അതോറിറ്റി ചെയര്‍മാനാണ് സമിതിയുടെ പുതിയ അധ്യക്ഷന്‍. ഇതുവരെ തമിഴ്‌നാടിനായിരുന്നു സുരക്ഷാ കാര്യങ്ങളില്‍ മേല്‍ക്കൈ ഉണ്ടായിരുന്നത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറുമെന്ന് നേരത്തെ കേന്ദ്ര ജല കമ്മിഷന്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡാം സുരക്ഷാ അതോറിറ്റിക്ക് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ കാര്യങ്ങള്‍ കൈമാറിക്കൊണ്ടുള്ള ഉത്തരവ് കേന്ദ്ര ജലശക്തി മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്. ഡാം സുരക്ഷാ നിയമം അനുസരിച്ച്‌ ഡാം സുരക്ഷയ്‌ക്കുള്ള ദേശീയ സമിതി രൂപീകരിക്കാത്തതിൽ ജസ്‌റ്റിസ്‌ ദീപാങ്കർ ദത്ത, ജസ്‌റ്റിസ്‌ ഉജ്വൽ ഭുയാൻ എന്നിവർ കൂടി അംഗങ്ങളായ ബെഞ്ച്‌ കേന്ദ്ര സർക്കാരിനെ വിമർശിച്ചിരുന്നു.

നിലവിലുണ്ടായിരുന്ന മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി പിരിച്ചുവിടുകയും പുതിയ മേല്‍നോട്ടസമിതിക്ക് രൂപം കൊടുക്കുകയും ചെയ്തു. നേരത്തെ മേല്‍നോട്ട സമിതിയുടെ അധ്യക്ഷന്‍ ജല കമ്മിഷന്റെ ചെയര്‍മാന്‍ ആയിരുന്നു. ദേശീയ ഡാം സേഫ്റ്റി അതോറിറ്റിയുടെ ചെയര്‍മാനായിരിക്കും പുതിയ മേല്‍നോട്ട സമിതിയുടെ അധ്യക്ഷനെന്നും കേന്ദ്ര ജലശക്തി മന്ത്രാലയം ഉത്തരവില്‍ പറയുന്നു.

മേല്‍നോട്ട സമിതിയില്‍ 7 അംഗങ്ങളുണ്ടായിരിക്കും. ഇതില്‍ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിമാരും തമിഴ്‌നാട്ടിലെ കാവേരി സെല്ലിന്റെ ചെയര്‍മാനും കേരളത്തിന്റെ ജലസേചന വകുപ്പു ചെയര്‍മാനും അംഗമായിരിക്കും. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ സെന്റര്‍ ഫോര്‍ എക്‌സലന്‍സിലെ ഒരു അംഗത്തിനെയും മേല്‍നോട്ടസമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ കാര്യങ്ങള്‍കൂടി കണക്കിലെടുത്താണ് 2021ല്‍ പാര്‍ലമെന്റ് പാസാക്കിയ ഡാം സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപവത്കരിക്കപ്പെട്ട ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് ഇപ്പോള്‍ അണക്കെട്ടുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളും കൈമാറിയിരിക്കുന്നത്. സുപ്രീം കോടതിയില്‍ കേരളം പലതവണ ആവശ്യപ്പെട്ട കാര്യമായിരുന്നു ഇത്.

Recent Articles

Related Articles

Special

Enable Notifications OK No thanks