29 C
Trivandrum
Friday, March 14, 2025

തൃശ്ശൂരിന് സ്വർണക്കപ്പ്; കാൽ നൂറ്റാണ്ടിനുശേഷം കിരീടധാരണം ഫോട്ടോഫിനിഷിൽ

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: കാൽ നൂറ്റാണ്ടിനു ശേഷം കൗമാരകലയുടെ കിരീടം തൃശ്ശൂരിന്‍റെ ശിരസ്സിൽ. 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൽ അവസാന മത്സരം വരെ നീണ്ട പേരാട്ടത്തില്‍ ഫോട്ടോഫിനിഷിലാണ് കിരീടനേട്ടം. രണ്ടാം സ്ഥാനക്കാരായ പാലക്കാടുമായി തൃശ്ശൂരിനുണ്ടായിരുന്ന വ്യത്യാസം 1 പോയിൻ്റ് മാത്രം. തൃശ്ശൂരിന് 1008 പോയിൻ്റും പാലക്കാടിന് 1007 പോയിൻ്റും.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തൃശ്ശൂരും പാലക്കാടും 482 പോയന്റുമായി ഒപ്പത്തിനൊപ്പമാണ്. ഹയര്‍ സെക്കന്‍ഡറിക്കാരാണ് തൃശ്ശൂരിന്‍റെ രക്ഷയ്‌ക്കെത്തിയത്. ഹയര്‍ സെക്കന്‍ഡറിയില്‍ തൃശ്ശൂരിന് 526ഉം പാലക്കാടിന് 525ഉം പോയിൻ്റാണുള്ളത്. 1999ല്‍ നടന്ന കൊല്ലം കലോത്സവത്തിലാണ് തൃശ്ശൂര്‍ ഇതിന് മുന്‍പ് ജേതാക്കളായത്. തൃശ്ശൂരിന്റെ നാലാം കിരീടനേട്ടമാണിത്. 1994, 1996 വർഷങ്ങളിലും തൃശ്ശൂർ ജേതാക്കളായി. സമാപന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ജേതാക്കൾക്കുള്ള ട്രോഫി വിതരണം ചെയ്തു.

സ്‌കൂളുകളുടെ വിഭാഗത്തില്‍ പാലക്കാട് ആലത്തൂര്‍ ബി.എസ്.ജി.ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് ഒന്നാമത്. 171 പോയിൻ്റോടെ ബഹുദൂരം മുന്നിലാണ് അവര്‍. തിരുവനന്തപുരം കാർ‌മൽ‌ ഹയർ സെക്കൻഡറി സ്കൂൾ 116 പോയിൻ്റോടെ രണ്ടാം സ്ഥാനം നേടി. മാനന്തവാടി എം.ജി.എം. എച്ച്.എസ്.എസ്. ആണ് 106 പോയിൻ്റുമായി മൂന്നാം സ്ഥാനത്ത്.

കഴിഞ്ഞ വർഷത്തെ ജേതാക്കളായ കണ്ണൂർ 1003 പോയിൻ്റോടെ മൂന്നാമതെത്തി. 21 വര്‍ഷം കിരീടം കുത്തകയാക്കി റെക്കോഡിട്ട കോഴിക്കോടിന് നാലാം സ്ഥാനമേ ഉള്ളൂ -1000 പോയിൻ്റാണുള്ളത്. എറണാകുളം – 980, മലപ്പുറം – 980, കൊല്ലം – 964, തിരുവനന്തപുരം – 957, ആലപ്പുഴ – 953, കോട്ടയം – 924, കാസറഗോഡ് – 913, വയനാട് – 895, പത്തനംതിട്ട – 848, ഇടുക്കി – 817 എന്നിങ്ങനെയാണ് മറ്റു ജില്ലകൾക്കു ലഭിച്ച പോയിൻ്റുകൾ. സ്കൂളുകളിൽ 171 പോയിന്റുമായി ആലത്തൂര്‍ ഗുരുകുലം എച്ച്എസ്എസ് ഒന്നാമതെത്തി.

ലോകത്തിനു മുന്നില്‍ അഭിമാനത്തോടെ കേരളത്തിന് അവതരിപ്പിക്കാന്‍ കഴിയുന്ന കാര്യമാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം എന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. കലോത്സവത്തില്‍ പങ്കെടുത്തതോടെ 10 വയസ്സു കുറഞ്ഞെന്ന തോന്നലാണ് ഉണ്ടാകുന്നത്. കലോത്സവം വിജയകരമായി പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്‍കിയ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂള്‍ പഠനകാലത്ത് ഒരു കലോത്സവത്തില്‍ പോലും പങ്കെടുക്കാന്‍ കഴിയാതിരുന്ന തനിക്ക് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇത്രയും വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യാന്‍ കഴിഞ്ഞത് സിനിമ തന്ന നേട്ടമാണെന്ന് നടൻ ആസിഫ് അലി പറഞ്ഞു. സര്‍ഗാത്മകമായ കഴിവുകളും സഹൃദയത്വവും സന്തോഷമായി ജീവിക്കാന്‍ നമുക്കു സഹായകരാകുമെന്നു നടൻ ടൊവിനോ തോമസ് പറഞ്ഞു. കല പ്രൊഫഷനായി തിരഞ്ഞെടുത്തിട്ടില്ലെങ്കിലും ജീവിതകാലം മുഴുവനും കല കൈവിടാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. ആരാധകര്‍ പറഞ്ഞതനുസരിച്ചാണ് കറുത്ത ഷര്‍ട്ടും വെള്ള മുണ്ടും ധരിച്ചെത്തിയയതെന്നും ടൊവിനോ പറഞ്ഞു.

സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രിമാരായ ജി.ആർ.അനിൽ, കെ.എൻ.ബാലഗോപാൽ, കെ.രാജൻ, ആർ.ബിന്ദു തുടങ്ങിയവരും സംബന്ധിച്ചു.

Recent Articles

Related Articles

Special

Enable Notifications OK No thanks