Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: ആദ്യം അനൗൺസ്മെൻ്റ് മലയാളത്തിലായിരുന്നു -‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. ട്രെയിൻ നമ്പർ ആറ്, രണ്ട്, പൂജ്യം, ഒന്ന് കോയമ്പത്തൂരിൽ നിന്ന് മംഗലാപുരം വരെ പോകുന്ന കോയമ്പത്തൂർ -മംഗലാപുരം ഇൻ്റർ സിറ്റി എക്സ്പ്രസ് അല്പസമയത്തിനകം പ്ലാറ്റ്ഫോം നമ്പർ രണ്ടിൽ എത്തിച്ചേരുന്നതാണ്.’
പിന്നീടത് ഹിന്ദിയിലായി –
‘യാത്രിയോ കൃപയാ ധ്യാൻ ദീജിയേ ഗാഡി സംഖ്യ ഛെ, ശൂന്യ, ദോ, ഏക്, കോയമ്പത്തൂർ സെ മംഗളൂർ തക് ജാനേവാലി കോയമ്പത്തൂർ -മംഗളൂർ ഇൻ്റർ സിറ്റി എക്സ്പ്രസ് ഥോടി ഹി ദേർ മേം പ്ലാറ്റ്ഫോം നമ്പർ ദോ പർ ആയേഗി.’
ഒടുവിൽ ഇംഗ്ലീഷിലും -‘ടു ദ കൈൻഡ് അറ്റൻഷൻ ഓഫ് പാസഞ്ചേഴ്സ്. ട്രെയിൻ നമ്പർ സിക്സ്, ടു, സീറോ, വൺ ഫ്രം കോയമ്പത്തൂർ ടു മാംഗളൂർ, കോയമ്പത്തൂർ -മാംഗളൂർ ഇൻ്റർ സിറ്റി എക്സ്പ്രസ് വിൽ അറൈവ് ഷോർട്ലി ഓൺ പ്ലാറ്റ്ഫോം നമ്പർ ടു.
സംഗതിയൊക്കെ കൊള്ളാം. പക്ഷേ, അനൗൺസ്മെൻ്റുകൾ മുഴങ്ങിയത് വടക്കൻ കേരളത്തിലെ ഏതെങ്കിലും റെയിൽവേ സ്റ്റേഷനിൽ ആയിരുന്നില്ല എന്നു മാത്രം. സ്ഥിരമായി കേൾക്കുന്ന റെയിൽവേ സ്റ്റേഷനിലെ അറിയിപ്പാണ് വേദിയിൽ നിന്നു കേട്ടത് ഏവരെയും അത്ഭുതപ്പെടുത്തി. അനൗൺസർ ആരെന്നും സംഗതി എന്തെന്നും അറിയാനായി പിന്നീടുള്ള ആകാംക്ഷ.
തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ അറിയിപ്പ് പുത്തരിക്കണ്ടം മൈതാനിയിൽ മുഴങ്ങി കേട്ടപ്പോൾ സദസ്സിൽ ഇരിക്കുന്നവർക്ക് അത്ഭുതം. എല്ലാവരും ഒരുനിമിഷം സ്റ്റേജിലേക്ക് നോക്കി. നമ്മൾ കേൾക്കുന്നത്. അത് ആരാണെന്ന് അറിയാനായി പിന്നീടുള്ള ആകാംക്ഷ. ഒറ്റപ്പാലം സ്കൂളിലെ ഷിജിന ടീച്ചറായിരുന്നു വേദിയിൽ.
സ്കൂൾ കലോത്സവത്തിൽ ഉറുദു പദ്യം ചൊല്ലിനു പങ്കെടുക്കുന്ന കുട്ടികളുമായി എത്തിയതാണ് ഷിജിന. 1995ൽ ഹിന്ദി പദ്യം ചൊല്ലലിനു സംസ്ഥാനത്ത് ഇവർ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിൽ കേൾക്കുന്ന ഷിജിനയുടെ ശബ്ദം എല്ലാവർക്കും ചിരപരിചിതമാണ്. അതു മനസ്സിലാക്കിയ സംഘാടകർ അവരെ വേദിയിലെത്തിക്കുകയും ആദരിക്കുകയുമായിരുന്നു.